- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ 15 വർഷത്തെ ബിജെപി കുത്തക തകർത്ത് അധികാരം പിടിച്ചത് സഹിക്കാനായില്ല; ഡൽഹിയിലെ ആം ആദ്മി വിപ്ലവത്തെ തകർക്കാൻ ബിജെപി പയറ്റുന്നത് ബഹുമുഖ തന്ത്രം; കൗൺസിലർമാരെ ചാക്കിട്ടു പിടിക്കാൻ ശ്രമിക്കുന്നതിനൊപ്പം ബലപ്രയോഗത്തിലൂടെയും അട്ടിമറി ശ്രമം; നടന്നത് സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഭൂരിപക്ഷം നേടാനുള്ള കുതന്ത്രം
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷ (എംസിഡി)നിൽ 15 വർഷത്തെ ബിജെപി കുത്തക അവസാനിപ്പിച്ചാണ് ആം ആദ്മി പാർട്ടി അധികാരം പിടിച്ചത്. അന്ന് മുതൽ ബിജെപി ജനവിധിയെ അട്ടിമറിക്കാൻ ശ്രമം തുടങ്ങിയിരുന്നു. സ്വതന്ത്രരും അല്ലാത്തവരുമായ കൗൺസിലർമാരെ ചാക്കിട്ടു പിടിക്കാൻ ശ്രമം നടത്തിയത് കൂടാതെ ബലപ്രയോഗത്തിലൂടെയും അധികാരം പിടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൗൺസിലിന്റെ ആദ്യ യോഗം ബിജെപി അലങ്കോലമാക്കിയതും എല്ലാം കരുതികൂട്ടി തന്നെയാണ്.
ഇതോടെ എംസിഡി ആദ്യ യോഗം ആം ആദ്മി പാർട്ടി, ബിജെപി അംഗങ്ങളുടെ അടിയിൽ കലാശിച്ചു. മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ മുടങ്ങുകയും ചെയ്തു. കസേരയുമായി പരസ്പരം നേരിട്ട കൗൺസിലർമാർ പ്രിസൈഡിങ് ഓഫിസറുടെ മൈക്കും മറ്റും തട്ടിയെറിഞ്ഞു. എഎപി അംഗങ്ങൾ മേശയ്ക്കു മുകളിൽ കയറി പ്രതിഷേധിച്ചു. കയ്യാങ്കളിയിൽ പല അംഗങ്ങൾക്കും പരുക്കേറ്റതായി ഇരു പാർട്ടികളും പറയുന്നു.
നാമനിർദ്ദേശം ചെയ്യപ്പെട്ട 10 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ആദ്യം നടത്താനുള്ള തീരുമാനത്തെ എഎപി എതിർത്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവർക്കു വോട്ട് ചെയ്യാൻ അവസരം നൽകാനാണ് ഈ നീക്കമെന്നും മേയർ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും എഎപി ആരോപിച്ചു. സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഭൂരിപക്ഷം നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
കോർപ്പറേഷന്റെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും സഭയ്ക്കുശേഷം പൗരസമിതിയുടെ രണ്ടാമത്തെ ഉയർന്ന തീരുമാനമെടുക്കുന്ന ബോഡിയുമാണ് സ്റ്റാൻഡിങ് കമ്മിറ്റി. സഭയുടെ അംഗീകാരം തേടാതെ തന്നെ സ്റ്റാൻഡിങ് കമ്മിറ്റിക്ക് തീരുമാനിക്കാൻ കഴിയുന്നതെ വിഷയങ്ങളുണ്ടെന്നതും എം സി ഡിയുടെ പ്രത്യേകതയാണ്. ഈ സാഹചര്യത്തിലാണ് ബിജെപി സ്റ്റാൻഡിങ് കമ്മിറ്റികൾ പിടിച്ചെടുക്കാനുള്ള ശ്രമം തുടങ്ങിയത്.
എംസിഡി തെരഞ്ഞെടുപ്പിൽ, 250 അംഗ സഭയിൽ 134 സീറ്റുകൾ നേടി എ എ പി ഭൂരിപക്ഷം ഉറപ്പിച്ചപ്പോൾ നഗരത്തിലെ മൂന്ന് പഴയ പൗരസമിതികളിലെ (ഇപ്പോൾ മൂന്നും കൂടി ഒന്ന്) ബിജെപിയുടെ 15 വർഷത്തെ ഭരണത്തിന് അവസാനം കുറിക്കുകയായിരുന്നു. ബിജെപി 104 സീറ്റുകളും കോൺഗ്രസിന് ഒമ്പതും സീറ്റുകൾ ലഭിച്ചു. സ്റ്റാൻഡിങ് കമ്മിറ്റിയിലെ 18 അംഗങ്ങളിൽ ആറുപേരെയും കൗൺസിലർമാർ തിരഞ്ഞെടുക്കും. ബാക്കിയുള്ള 12 അംഗങ്ങളെ എംസിഡിയുടെ 12 സോണുകളിലെ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുക. ഓരോ മേഖലയും മുനിസിപ്പൽ വാർഡുകളുടെ ഒരു ക്ലസ്റ്ററാണ്. തിരഞ്ഞെടുക്കപ്പടെന്നു, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളാണ് അവരുടെ ചെയർപേഴ്‌സനെ നാമനിർദ്ദേശം ചെയ്യുുന്നത്.
സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എ എ പി നാല് സ്ഥാനാർത്ഥികളെ നിർത്തിയപ്പോൾ ഡിസംബറിൽ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ ചേർന്ന ഒരു സ്വതന്ത്രൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ബിജെപി നിർത്തിയത്. ബുധനാഴ്ച ലഫ്റ്റനന്റ് ഗവർണർ എം സി ഡിയിലേക്ക് നാമനിർദ്ദേശം ചെയ്ത 10 അംഗങ്ങൾ സോണൽ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുന്നത് ബിജെപിക്ക് അനുകൂലമായി മാറുമെന്നായിരുന്നു ബിജെപി കണക്കുകൂട്ടൽ.
അതേസമയം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട 250 കൗൺസിലർമാരെ കൂടാതെ, മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് ലോക്സഭാ എംപിമാർ, മൂന്ന് രാജ്യസഭാ എംപിമാർ, ഡൽഹി അസംബ്ലി സ്പീക്കർ നാമനിർദ്ദേശം ചെയ്ത 13 എം എൽ എമാർ എന്നിവർക്കും വോട്ട് ചെയ്യാൻ സാധിക്കും. ഇതെല്ലാം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്.
കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ 250 സീറ്റിൽ 134 എണ്ണം നേടിയാണ് എഎപി ഭരണം പിടിച്ചെടുത്തത്. ബിജെപി 104 സീറ്റിൽ ജയിച്ചു. സ്വതന്ത്രനും ഒപ്പം ചേർന്നതോടെ അംഗബലം 105 ആയി. കോൺഗ്രസിന് 9 അംഗങ്ങളുണ്ട്. ബാക്കി 2 പേർ സ്വതന്ത്രരാണ്. ഡൽഹി കോർപറേഷന്റെ ചരിത്രത്തിൽ ആദ്യമായാണു കൗൺസിലിന്റെ ആദ്യ യോഗത്തിൽ മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ നടത്താനാകാതെ പോയത്.
മറുനാടന് ഡെസ്ക്