- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിലെ എഐസിസി യോഗം ബിജെപിയെ അസ്വസ്ഥരാക്കി; വഖഫ് നിയമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ചേര്‍ത്തുനിര്‍ത്തുന്നതും കോണ്‍ഗ്രസിനെ മോദി സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കി; നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി കുറ്റപത്രം നാണംകെട്ട പ്രതികാര രാഷ്ട്രീയമെന്ന് ഡിഎംകെ; കൊള്ളയടിക്കാന്‍ ആര്‍ക്കും ലൈസന്‍സില്ലെന്ന് ബിജെപിയും
നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി കുറ്റപത്രം നാണംകെട്ട പ്രതികാര രാഷ്ട്രീയമെന്ന് ഡിഎംകെ
ചെന്നൈ: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള ഇഡി കുറ്റപത്രത്തിന്റെ പേരില്‍ ബിജെപിക്ക് എതിരെ ഡിഎംകെയുടെ വിമര്‍ശനം. ഇഡി നടപടി അംഗീകരിക്കാന്‍ ആവാത്തതും നാണംകെട്ട പ്രതികാര രാഷ്ട്രീയവുമാണെന്ന് ഡിഎംകെ ട്രഷററും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ടി ആര്‍ ബാലു പറഞ്ഞു.
വിവിധ പാര്‍ട്ടികളെ ഏകോപിപ്പിച്ച് വഖഫ് നിയമം അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് ബിജെപിയെ എതിര്‍ക്കുന്നതിലുള്ള പ്രതികാരമാണിത്. നടപടിയെ ഡിഎംകെയുടെ പേരില്‍ ശക്തമായി അപലപിക്കുന്നുവെന്നും ടി ആര്‍ ബാലു പാര്‍ട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
'ഗുജറാത്തില്‍ അടുത്തിടെ നടന്ന എഐസിസി യോഗത്തില്‍ കേന്ദ്രത്തിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാട്ടിയത് ബിജെപിയെ അസ്വസ്ഥരാക്കി. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന എഐസിസി സമ്മേളനത്തിനിടയിലും ഇഡി റെയ്ഡുകള്‍ നടത്തി. വഖഫ് നിയമത്തിന് എതിരെ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നതും പ്രതിപക്ഷ പാര്‍ട്ടികളെ ചേര്‍ത്തുനിര്‍ത്തുന്നതും ബിജെപി സര്‍ക്കാരിനെ അസ്വസ്ഥരാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സംരംഭങ്ങളെയും അതിന്റെ പരാജയങ്ങളെയും കോണ്‍ഗ്രസ് ജനങ്ങളിലേക്ക് എത്തിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് ഇഡി കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അവര്‍ വെറുതെവിടുന്നില്ല. കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാല്‍ ബിജെപി സര്‍ക്കാര്‍ ഇഡിയെയും മറ്റ് ഏജന്‍സികളെയും കെട്ടഴിച്ചുവിടുകയാണ്. ഇത് അംഗീകരിക്കാനാവാത്തതാണ്. ലജ്ജാകരമായ രാഷ്ട്രീയ പ്രതികാരമാണിത്'- ടി ആര്‍ ബാലു വിമര്‍ശിച്ചു.
അതേസമയം, 988 കോടിയുടെ വെട്ടിപ്പ് ആരോപിച്ചാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍, സോണിയയും രാഹുലും അടക്കം ഉള്ളവര്‍ക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. സോണിയ ഒന്നാം പ്രതിയും രാഹുല്‍ രണ്ടാം പ്രതിയുമാണ്. പ്രതികാര രാഷ്ട്രീയമെന്ന കോണ്‍ഗ്രസ് ആരോപണം ബിജെപി തള്ളുകയും കൊള്ളയടിക്കാന്‍ ആര്‍ക്കും ലൈസന്‍സില്ലെന്ന് തിരിച്ചടിക്കുകയും ചെയ്തിരുന്നു.