ചെന്നൈ: രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പു ശൈലിയിലേക്ക് മാറാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കയാണ്. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ആശയത്തെ കുറിച്ചു പഠിക്കാൻ ഒരു സമിതിയെയും നിയോഗിച്ചു. ഇതിനിടെ ഈ നീക്കത്തെ എതിർക്കുമെന്ന് വ്യക്തമാക്കി ഇന്ത്യാ മുന്നണിയിലെ പാർട്ടികൾ രംഗത്തുവന്നു കഴിഞ്ഞു. ഡിഎംകെയും ഈ ആശയത്തെ തുറന്നെതിർത്തു കൊണ്ട് രംഗത്തുവന്നു കഴിഞ്ഞു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിയമം പാസാക്കിയാൽ ഡിഎംകെയ്ക്കു മാത്രമല്ല, ഒരു രാഷ്ട്രീയ പാർട്ടിക്കും രാജ്യത്ത് പ്രവർത്തിക്കാൻ കഴിയില്ലെന്നും അത് 'വൺ മാൻ ഷോ' ആയി മാറുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ഇന്ത്യ എന്ന വാക്ക് ഇന്ന് പലരെയും ഭയപ്പെടുത്തുന്നു. ഇന്ത്യ എന്ന പേര് പറയാൻ ബിജെപിക്ക് നാണവും ഭയവുമാണ്. ഇതിൽ ഭയന്നാണ് 'ഒരു രാജ്യം - ഒരു തിരഞ്ഞെടുപ്പ്' സാഹചര്യം സൃഷ്ടിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നത്.

തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ അണ്ണാഡിഎംകെ ഭരണകക്ഷിയായിരുന്നപ്പോൾ ഈ നയത്തെ എതിർത്തിരുന്നു. ഇപ്പോൾ അതിനെ പിന്തുണയ്ക്കുന്നു. ഈ പിന്തുണ അണ്ണാഡിഎംകെയ്ക്കു തന്നെ വിനയായി മാറും. ഭരണത്തിൽ വന്നിട്ട് കേവലം രണ്ടര വർഷം മാത്രമായ തമിഴ്‌നാട്, കേരള, ബംഗാൾ നിയമ സഭകളെ പിരിച്ചു വിടുമോ? ഈയിടെ തിരഞ്ഞെടുപ്പു നടന്ന് ബിജെപി തിരിച്ചടി നേരിട്ട കർണാടകയിൽ എന്തു ചെയ്യും?. ഒന്നിച്ചു തിരഞ്ഞെടുപ്പു നടന്ന ശേഷം, ഒരു സംസ്ഥാനത്ത് ഭൂരിപക്ഷം ഇല്ലെങ്കിൽ, സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ എന്തു ചെയ്യും?

അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ തിരഞ്ഞെടുപ്പ് നടത്താതെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ പോവുകയാണോ? ഇത്തരത്തിലുള്ള നിന്ദ്യമായ ഗൂഢാലോചനയാണു ബിജെപിക്കുള്ളതെന്നു സ്റ്റാലിൻ കുറ്റപ്പെടുത്തി. അതേസമയം പൊതുതിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്രസർക്കാരിന് ഒരു പദ്ധതിയുമില്ലെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു പരാമർശം.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനായി വൈകിപ്പിക്കാനും സർക്കാരിനു പദ്ധതിയില്ലെന്നു മന്ത്രി വ്യക്തമാക്കി. 'തിരഞ്ഞെടുപ്പുകൾ വൈകിപ്പിക്കുമെന്നതും നേരത്തെയാക്കുമെന്നതും മാധ്യമങ്ങളുടെ അനുമാനം മാത്രമാണ്. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ആശയത്തെപ്പറ്റി പഠിക്കാനായി സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ അന്തിമമാക്കുന്നതിനു മുൻപ് കമ്മിറ്റി ചർച്ചകൾ നടത്തും. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' കമ്മിറ്റിയിൽ അധിർ രഞ്ജൻ ചൗധരിയും ഭാഗമാകണമെന്നായിരുന്നു സർക്കാർ ആഗ്രഹം'' അനുരാഗ് ഠാക്കൂർ പറഞ്ഞു.

സെപ്റ്റംബർ 18നു ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ സർക്കാരിനു വലിയ പദ്ധതികളുണ്ടെന്നു പറഞ്ഞെങ്കിലും എന്താണ് അജൻഡയെന്നു പറയാൻ മന്ത്രി തയാറായില്ല. തന്റെ സർക്കാരിന്റെ കാലാവധി തീരുന്ന അവസാന ദിവസം വരെയും ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സേവിക്കുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

നേരത്തെ ഒരു രാജ്യം ഒരു തിരഞ്ഞടുപ്പ് പരിഷ്‌കാരം പഠിക്കാനുള്ള ഉന്നതതല സമിതിയിൽ നിന്നും ലോക്സഭയിലെ കോൺഗ്രസ് സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി പിന്മാറിയിരുന്നു. രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡന്റുമായ മല്ലികാർജ്ജുൻ ഖർഗെയെ ഒഴിവാക്കിയ സാഹചര്യത്തിലാണ് ഇത്. ഒറ്റത്തിരഞ്ഞെടുപ്പ് എന്ന നിർദ്ദേശം പരിശോധിച്ച് ശുപാർശ സമർപ്പിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി രൂപവത്കരിച്ച ഉന്നതസമിതിയിലെ അംഗങ്ങളുടെ പേരും പരിഗണനാവിഷയങ്ങളും കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്‌സഭയിലെ കോൺഗ്രസിന്റെ നേതാവ് അധീർ രഞ്ജൻ ചൗധരി, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, 15-ാം ധനകാര്യ കമ്മിഷൻ മുൻ ചെയർമാൻ എൻ.കെ. സിങ്, ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി. കാശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ മുഖ്യ വിജിലൻസ് കമ്മിഷണർ സഞ്ജയ് കോത്താരി എന്നിവരാണ് അംഗങ്ങൾ. നിയമമന്ത്രി അർജുൻ മേഘ്വാൾ പ്രത്യേക ക്ഷണിതാവായി യോഗങ്ങളിൽ പങ്കെടുക്കും. നിയമകാര്യ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതി സെക്രട്ടറി.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവ ഒരേ സമയത്ത് നടത്തുന്നതിനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. ഉന്നതാധികാര സമിതി അതിവേഗം യോഗം ചേർന്ന് പരിഷ്‌കാരവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്നും കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ എല്ലാ ചെലവുകളും നിയമ മന്ത്രാലയം വഹിക്കും. സമിതിയുടെ ഓഫീസ് അടക്കമുള്ള കാര്യങ്ങളും നിയമ മന്ത്രാലയം ഒരുക്കും.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് 2014 ലെ ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും ബിജെപി ഇത് നേരത്തെ ഉൾക്കൊള്ളിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് മുൻ രാഷ്ട്രപതിയെ അധ്യക്ഷനാക്കിയുള്ള സമിതിയെ രൂപീകരിച്ചത്. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ നിയമനിർമ്മാണവിഭാഗം അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്. ഡൽഹിയായിരിക്കും ആസ്ഥാനം. യോഗങ്ങളും ബന്ധപ്പെട്ട പരിപാടികളും സംഘടിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സമിതിക്ക് തീരുമാനിക്കാം. എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുകയും പ്രാതിനിധ്യം ഉറപ്പാക്കുകയും ആശയവിനിമയം നടത്തുകയും വേണം.

ലോക്സഭ, നിയമസഭകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലേക്ക് ഒരേ സമയം തിരഞ്ഞെടുപ്പു നടത്തുന്ന സമ്പ്രദായത്തിലേക്കു മാറാൻ തന്നെയാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഒരേസമയം തിരഞ്ഞെടുപ്പു നടത്തുന്നതിന് ആവശ്യമായ ശുപാർശകൾ നൽകാനാണ് മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആശയം നടപ്പാക്കുന്നതിന്റെ ഗുണദോഷങ്ങൾ പഠിച്ച് ശുപാർശ നൽകാനല്ല. ഒരേ സമയം തിരഞ്ഞെടുപ്പെന്ന ആശയം 1982ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടുവച്ചതു മുതൽ കോൺഗ്രസ് എതിർക്കുന്നതുമാണ്.