- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആം ആദ്മിയെ പൂട്ടാൻ കേന്ദ്രശ്രമം തുടരുന്നു; കെജരിവാളിന്റെ പേഴ്സണൽ സെക്രട്ടറിയുടെ വസതിയിലടക്കം ഇഡിയുടെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കൽ കേസ് പ്രകാരം റെയ്ഡ് നടക്കുന്നത് 12 ഓളം ഇടങ്ങളിൽ; പാർട്ടിയെ തകർക്കാനുള്ള ശ്രമമന്നെ് എഎപി വക്താവ്
ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി നേതാക്കളെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി അടുത്ത വൃത്തങ്ങളെയും ലക്ഷ്യമിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്. കെജ് രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാർ, എഎപി രാജ്യസഭാ എംപി എൻ.ഡി. ഗുപ്ത, ഡൽഹി മുൻ ജൽ ബോർഡ് അംഗം ശലഭ് കുമാർ തുടങ്ങിയവരുടെ വസതികളിലടക്കം 12-ഓളം സ്ഥലങ്ങളിലാണ് ഇ.ഡിയുടെ റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസ് പ്രകാരമാണ് റെയ്ഡെന്നാണ് ഇ.ഡി.യുടെ വിശദീകരണം. എഎപിയെ ലക്ഷ്യമിട്ട് തുടർച്ചയായി നടക്കുന്ന നീക്കങ്ങളിൽ രാഷ്ട്രീയമുണ്ടെന്നതും ഉറപ്പാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി തങ്ങളുടെ പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ തങ്ങൾ പേടിക്കില്ലെന്നും ഡൽഹി മന്ത്രിയും എഎപി വക്താവുമായ അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'മദ്യ കുംഭകോണത്തിന്റെ പേരിൽ കഴിഞ്ഞ രണ്ട് വർഷമായി എഎപി നേതാക്കളെ ഭീഷണിപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഒരാളുടെ വീട് റെയ്ഡ് ചെയ്യുന്നു, ഒരാൾക്ക് സമൻസ് ലഭിക്കുന്നു, ഒരാളെ അറസ്റ്റ് ചെയ്യുന്നു. രണ്ട് വർഷത്തിനിടെ നൂറുകണക്കിന് റെയ്ഡുകൾക്ക് നടത്തിയ ഇ.ഡി. ഒരു രൂപ പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല, തെളിവുകൾ ഹാജരാക്കണമെന്ന് കോടതിയും അവരോട് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജൻസികൾവഴി ഞങ്ങളുടെ പാർട്ടിയെ തകർക്കാമെന്ന് ബിജെപി ആഗ്രഹിക്കുന്നു, പക്ഷേ, എനിക്ക് അവരോട് പറയാൻ ഒന്നേയുള്ളൂ. ഞങ്ങൾ പേടിക്കില്ല', അതിഷി പറഞ്ഞു.
ഡൽഹി ജൽ ബോർഡിന്റെ 30 കോടിയുടെ അനധികൃത കരാറുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ റെയ്ഡെന്നാണ് ഇ.ഡി.വ്യക്തമാക്കുന്നത്. മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഹാജാരാകാനുള്ള ആവശ്യം കെജരിവാൾ ആവർത്തിച്ച് തള്ളിയ സാഹചര്യത്തിൽ ഇ.ഡി. അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ റെയ്ഡ്.
ബിജെപി തങ്ങളുടെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ശ്രമിക്കുന്നെന്ന എഎപി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കെജരിവാളിനും അതിഷിക്കും ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഡൽഹിയിലെ ഏഴ് ആം ആദ്മി പാർട്ടി എം എൽ എമാരെ അടർത്തിയെടുക്കാൻ ശ്രമം നടത്തി എന്നാണ് കെജ്രിവാളിന്റെ പ്രതികരണം. പാർട്ടി മാറാൻ 25 കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ് കെജ്രിവാൾ ആരോപിക്കുന്നത്.
ബിജെപി എ എ പി എം എൽ എമാരുമായി ചർച്ച നടത്തി. ബിജെപി നേതാവിന്റെ സംഭാഷണം ടേപ്പ് റെക്കോർഡ് ചെയ്തിട്ടുണ്ട് എന്നും ആം ആദ്മി പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം തങ്ങൾ കെജ്രിവാളിനെ അറസ്റ്റ് ചെയ്യും എന്നും അതിനുശേഷം തങ്ങൾ എം എൽ എമാരെ തകർക്കും എന്നും ബിജെപി ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. 21 എം എൽ എമാരുമായി ബിജെപി ചർച്ച നടത്തിയിട്ടുണ്ട്.
ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ താഴെയിറക്കും എന്നാണ് ബിജെപിയുടെ ഭീഷണി എന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. ബിജെപി ബന്ധപ്പെട്ട എം എൽ എമാർ കൂറുമാറാൻ വിസമ്മതിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ തോൽപ്പിക്കാൻ ശക്തിയില്ലാത്തതിനാൽ ഡൽഹിയിലെ എ എ പി സർക്കാരിനെ അവിശുദ്ധ മാർഗത്തിലൂടെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി.
ഇതിനർത്ഥം തന്നെ അറസ്റ്റ് ചെയ്യുന്നത് ഒരു മദ്യ കുംഭകോണം അന്വേഷിക്കാനല്ല. അവർ ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടത്തുകയാണ് എന്നാണ്. കഴിഞ്ഞ ഒമ്പത് വർഷമായി ബിജെപി സർക്കാരിനെ താഴെയിറക്കാൻ നിരവധി ഗൂഢാലോചനകൾ നടത്തി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ എം എൽ എമാരെല്ലാം ഒറ്റക്കെട്ടാണ് എന്നും കെജ്രിവാൾ വ്യക്തമാക്കി.
മറുനാടന് ഡെസ്ക്