മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ മഹായുതിയുടെ വൻ വിജയത്തിന് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാകുമെന്ന അനിശ്ചിതത്വം തുടരുന്നതിനിടെ സ്ഥാനം രാജിവെച്ച് ഏക്നഥ് ഷിൻഡെ. ഗവർണർ സി.പി.രാധകൃഷ്ണൻ മുമ്പാകെയാണ് രാജിക്കത്ത് സമർപ്പിച്ചത്. ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും രാജ്ഭവനിൽ രാജിക്കത്ത് സമർപ്പിക്കാനായി അദ്ദേഹത്തിനൊപ്പമെത്തിയിരുന്നു. 14-ാമത് സംസ്ഥാന നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കെയാണ് രാജി. അതേസമയം ആരാകും അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യം അന്തിമ തീരുമാനമെടുത്തിട്ടില്ല.

അതേസമയം, ഏക്നാഥ് ഷിൻഡെ കാവൽമുഖ്യമന്ത്രിയായി തുടരും. ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയിരുന്നു. 288 സീറ്റുകളിൽ 235 എണ്ണത്തിലും ജയിച്ചാണ് അവർ വീണ്ടും അധികാരത്തിലെത്തിയത്. ഇതിൽ ബിജെപിക്ക് 132, ശിവസേനയ്ക്ക് 57, എൻസിപിക്ക് 41 സീറ്റുകളിലുമാണ് വിജയിച്ചത്.

അതേസമയം, അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് ധാരണയിലെത്താൻ മഹായുതി സഖ്യത്തിന് ഇനിയും സാധിച്ചിട്ടില്ല. ഏക്നാഥ് ഷിൻഡെയെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാൽ, മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകണമെന്ന് ബി.ജെ.പി നേതാക്കൾ ആഗ്രഹിക്കുന്നത്. അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി ഫഡ്‌നാവിസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.