പട്‌ന: ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കുമോ? ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമാണ് ഈ ചർച്ച മുമ്പോട്ട് വയ്ക്കുന്നത്. 'ഇന്ത്യ' പ്രതിപക്ഷ ഐക്യനിരയെ ഭയന്നാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള ശ്രമമെന്ന് ഇവർ പറയുന്നു. അതായത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ പൊതു തിരഞ്ഞെടുപ്പും. കേന്ദ്ര സർക്കാർ ആഗ്രഹിച്ചാൽ അത് നടപ്പാക്കാവുന്നതേയുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാകും നിർണ്ണായകം.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കു പിന്നാലെയാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള സാധ്യത നിതീഷ് കുമാറും ചൂണ്ടിക്കാട്ടിയത്. തിരഞ്ഞെടുപ്പ് നേരത്തെ നടത്താനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് നിതീഷ് കുമാർ മുൻപും ആരോപിച്ചിരുന്നു. 'ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടത്തും; ഹെലികോപ്റ്ററുകൾ മുഴുവൻ ബിജെപി ബുക്ക് ചെയ്തു'-ഇതായിരുന്നു മമതയുടെ വിശദീകരണത്തിലെ കാതൽ. ഈ സാഹചര്യത്തിൽ പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യയും' അതിവേഗ തീരുമാനങ്ങളിലേക്ക് കടക്കും.

2014 മേയിലാണ് മോദി ആദ്യം പ്രധാനമന്ത്രിയാകുന്നത്. അഞ്ചു കൊല്ലത്തിന് ശേഷം 2019ലെ മേയിലും ബിജെപി ഭൂരിപക്ഷം നേടി. അതുകൊണ്ട് തന്നെ അടുത്ത മെയ്‌ വരെ അവർക്ക് ഭരണത്തിൽ തുടരാം. എട്ടു മാസം കാലവാധി ബാക്കിയുണ്ട്. എന്നാൽ അതിൽ നാല് മാസം ബിജെപി വേണ്ടെന്ന് വയ്ക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. രാജ്യത്തിന് ആകെ ഒരു സമയം ഇലക്ഷൻ എന്ന മുദ്രാവാക്യവും ബിജെപി ഉയർത്തുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങൾക്കൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പും നടത്തി ഈ വാദം കൂടുതൽ ചർച്ചകളിൽ എത്തിക്കാനും ബിജെപി ശ്രമിക്കും. ഇതെല്ലാം മനസ്സിലാക്കിയാണ് പ്രതിപക്ഷവും നേരത്തെ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

കൂടുതൽ പാർട്ടികൾ 'ഇന്ത്യ സഖ്യത്തിൽ' ചേരുമെന്ന് നിതീഷ് കുമാർ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലായി മുംബൈയിലാണ് ഇന്ത്യാ സഖ്യത്തിന്റെ അടുത്ത യോഗം. ചില സുപ്രധാന കാര്യങ്ങൾ ഈ യോഗത്തിൽ തീരുമാനിക്കും. സീറ്റ് വിഭജനവും മുന്നണി കൺവീനറും ചർച്ചയാകും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൺവീനറാകുമെന്നാണ് സൂചനകൾ. ഇതിനിടെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉടൻ വന്നേക്കുമെന്ന ചർച്ചകൾ പ്രതിപക്ഷം തന്നെ ചർച്ചയാക്കുന്നത്. ഇക്കാര്യത്തിൽ ബിജെപി നിലപാടുകൾ പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്. അവരും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിലാണ് ഇപ്പോൾ.

''പ്രതിപക്ഷ ഐക്യനിരയെ ബിജെപി ഭയക്കുകയാണ്. കൂടുതൽ നാശമുണ്ടാകാതെ തിരഞ്ഞെടുപ്പ് നേരത്തെയാക്കാനാണ് അവരുടെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ എൻഡിഎ ശ്രമിക്കുന്നതായി ഞാൻ കഴിഞ്ഞ എട്ടുമാസമായി പറയുന്നു. പ്രതിപക്ഷ ഐക്യനിരയിലൂടെ നേരിടുന്ന നാശത്തിന്റെ ആഘാതം കുറയ്ക്കാനാകും അവർ ശ്രമിക്കുക. അതുകൊണ്ടുതന്നെ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി എല്ലാ പ്രതിപക്ഷപാർട്ടികളും ഐക്യത്തോടെ രംഗത്തെത്തണം. എനിക്ക് വ്യക്തിപരമായ ആഗ്രഹങ്ങളില്ല. തിരഞ്ഞെടുപ്പിനു മുൻപ് പരമാവധി പാർട്ടികളെ പ്രതിപക്ഷ നിരയിലേക്ക് കൊണ്ടുവരാനാണ് എന്റെ ശ്രമം'' നിതീഷ് കുമാർ പറഞ്ഞു.

'ഇന്ത്യ' കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി 11 അംഗ ഏകോപനസമിതിക്ക് രൂപം നൽകും. കൂട്ടായ്മയുടെ ഭാവിപ്രവർത്തനങ്ങൾ നിയന്ത്രിക്കുക ഏകോപനസമിതിയാകും. ഇതോടൊപ്പം പ്രചാരണം, സംഘാടനം തുടങ്ങി കൂട്ടായ്മയുടെ വിവിധ പ്രവർത്തനങ്ങൾക്കായി അഞ്ച് ഉപസമിതിക്കും രൂപം നൽകും. ഇതിന് ശേഷം സീറ്റ് വിഭജനത്തിലേക്ക് കടക്കും. കേരളത്തിൽ സീറ്റ് വിഭജന ചർച്ചയുണ്ടാകില്ല. കേരളത്തിൽ കോൺഗ്രസും മുന്നണിയിലെ മറ്റൊരു പ്രധാന വിഭാഗവുമായ ഇടതുപക്ഷവും പരസ്പരം മത്സരിക്കും. മറ്റ് എല്ലാ സംസ്ഥാനത്തും സീറ്റ് വിഭജനം ഉണ്ടാകാനാണ് സാധ്യത.

അതേസമയം, മുംബൈ യോഗത്തിൽ കൺവീനറായി തെരഞ്ഞെടുക്കപ്പെടുമോയെന്ന ചോദ്യത്തോട് പ്രതികരിക്കവെ വ്യക്തിപരമായ ലക്ഷ്യങ്ങൾ തനിക്കില്ലെന്ന് നിതീഷ് പറഞ്ഞു. തുടക്കംമുതൽ താനിത് വ്യക്തമാക്കിയിട്ടുണ്ട്. കൺവീനർസ്ഥാനം മറ്റാർക്കെങ്കിലും കൊടുക്കാവുന്നതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ബിജെപിക്കെതിരെ പരമാവധി പാർട്ടികളെ യോജിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ നടക്കുന്ന യോഗത്തിൽ 'ഇന്ത്യ' കൂട്ടായ്മയുടെ ലോഗോ പുറത്തിറക്കുമെന്ന് ശിവസേനാ ഉദ്ധവ് വിഭാഗം നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റൗത്ത് പറഞ്ഞു. 140 കോടി ഇന്ത്യക്കാരിലേക്ക് എത്താനാണ് കൂട്ടായ്മ ശ്രമിക്കുന്നത്. ഇന്ത്യയെയും അതിന്റെ ഐക്യത്തെയും രാജ്യത്തെയാകെ യോജിപ്പിച്ച് നിർത്തുന്നതിന് ആവശ്യമായ ഊർജത്തെയും പ്രതിഫലിക്കുന്നതാകും ലോഗോയെന്നും റൗത്ത് പറഞ്ഞു.

ഓഗസ്റ്റ് 31ന് മുംബൈ ഗ്രാൻഡ് ഹയാട്ട് ഹോട്ടലിൽ നേതാക്കളുടെ അത്താഴവിരുന്നോടെയാണ് രണ്ടുദിവസത്തെ യോഗത്തിന് തുടക്കമാകുക. സെപ്റ്റംബർ ഒന്നിന് നേതാക്കൾ നാലു മണിക്കൂർ യോഗം ചേരും. തുടർന്ന് സംയുക്ത പ്രസ്താവനയുണ്ടാകും. വിവിധ പാർട്ടികളിൽനിന്നായി എൺപതോളം നേതാക്കൾ മുംബൈയിൽ എത്തും.