ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ട്രസ്റ്റ് വഴി ലഭിക്കുന്ന സംഭാവനകളില്‍ മുന്നില്‍ ബിജെപി തന്നെ. ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച കോര്‍പ്പറേറ്റ് സംഭാവന ഈ വര്‍ഷം മൂന്നിരട്ടിയായി വര്‍ധിച്ചു. 3,811 കോടി രൂപയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ഇലക്ടറല്‍ ട്രസ്റ്റ് വഴി ലഭിച്ചത്. ഇതില്‍ 3,112.50 കോടി രൂപയാണ് 2024-25 വര്‍ഷത്തില്‍ ബിജെപിക്ക് ലഭിച്ചിരിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ച സംഭാവനയുടെ 82 ശതമാനവും ബിജെപിക്ക് ലഭിച്ചുവെന്നതാണ് വിവരം. ആകെ തുകയുടെ എട്ട് ശതമാനമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 299 കോടി രൂപയില്‍ താഴെയാണ് ഇത്. മറ്റെല്ലാ പാര്‍ട്ടികള്‍ക്കുമായി ആകെ ലഭിച്ചത് 400 കോടി രൂപയാണ്.

തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇലക്ടറല്‍ ട്രസ്റ്റുകള്‍ നല്‍കിയ സംഭാവന പുറത്തുവിട്ടത്. ടാറ്റ, ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ്, എല്‍ ആന്‍ഡ് ടി, മേഘ എഞ്ചിനീയറിംഗ്, അശോക് ലെയ്‌ലാന്‍ഡ്, ഡിഎല്‍എഫ്, മഹീന്ദ്ര എന്നീ ഏഴ് വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ് ഇലക്ടറല്‍ ട്രസ്റ്റ് വഴി സംഭാവന നല്‍കിയിട്ടുള്ളത്. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയിട്ടും സുപ്രീംകോടതി റദ്ദാക്കിയിട്ടും ഇലക്ടറല്‍ ട്രസ്റ്റ് വഴി രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് വന്‍ തോതില്‍ പണം എത്തുന്നു എന്നതിന്റെ ഉദാഹരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍.

നിയമപ്രകാരം രജിസ്റ്റര്‍ചെയ്യുന്ന ഇലക്ടറല്‍ ട്രസ്റ്റുകള്‍ക്കാണ് വ്യക്തികളില്‍ നിന്നും കമ്പനികളില്‍നിന്നും സംഭാവന സ്വീകരിക്കാന്‍ കഴിയുക. ഇതില്‍ 95 ശതമാനം തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ചെയ്ത പാര്‍ട്ടികള്‍ക്ക് കൈമാറണം എന്നാണ് വ്യവസ്ഥ. 2023-24 വര്‍ഷം 3967.14 കോടി രൂപയായിരുന്നു ബിജെപിക്ക് സംഭാവനയായി ലഭിച്ചത്.

ഇലക്ടറല്‍ ബോണ്ട് വഴിയായിരുന്നു ഇതില്‍ 1685.62 കോടി രൂപയും ബിജെപിയിലേക്ക് എത്തിയത്. ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി 2024-ല്‍ സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയിരുന്നു. അജ്ഞാത ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശത്തിന്റെയും ആര്‍ട്ടിക്കിള്‍ 19(1)(എ)യുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.