- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 1300 കോടി!
ന്യൂഡൽഹി: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ തുടർഭരണം നേടുമെന്ന ധാരണയാണ് പൊതുവിൽ നിലനിൽക്കുന്നത്. അതു കൊണ്ട് തന്നെ ഭരണപ്പാർട്ടിക്ക് സംഭാവനകൾ നൽകാൻ കോർപ്പറേറ്റ് സ്ഥാപനങ്ങളും തയ്യാറാകും. തെരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കവേ ബിജെപിയുടെ പണപ്പെട്ടിയും നിറഞ്ഞിട്ടുണ്ട്. ഇലക്ട്രൽ ബോണ്ട് വഴിയും വൻതുകയാണ് ബിജെപി നേടിയെടുത്തത്.
കോർപറേറ്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സ്വന്തം വിലാസം വെളിപ്പെടുത്താതെ നൽകാവുന്ന സംഭാവനയായ ഇലക്ടറൽ ബോണ്ടുകൾ കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ കിട്ടിയത് ഭരണകക്ഷിയായ ബിജെപിക്ക്. 2022-23ൽ 1300 കോടി രൂപയാണ് ബിജെപി സംഭാവന പിരിച്ചത്. കോൺഗ്രസിന് കിട്ടിയതിന്റെ ഏഴിരട്ടി തുകയാണിത്. കോൺഗ്രസിന് സംഭാവന വൻതോതിൽ കുറയുകയും ചെയ്തു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബിജെപിയുടെ മൊത്തം സംഭാവന 2120 കോടി രൂപയായിരുന്നു. ഇതിൽ 61 ശതമാനവും ഇലക്ടറൽ ബോണ്ടുകളിൽ നിന്നാണെന്ന് തിരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച പാർട്ടിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021-22 വർഷത്തിൽ ബിജെപിക്ക് ലഭിച്ച മൊത്തം സംഭാവന 1775 കോടി രൂപയായിരുന്നു.
അതേവർഷം വർഷത്തിൽ 1917 കോടി രൂപയായിരുന്ന പാർട്ടിയുടെ മൊത്ത വരുമാനം 2022-23ൽ 2360.8 കോടി രൂപയായി. അതേസമയം, 2021-22 വർഷത്തിൽ 236 കോടി രൂപ ഇലക്ടറൽ ബോണ്ടുകളിൽനിന്ന് സമാഹരിച്ച കോൺഗ്രസിന് കഴിഞ്ഞ വർഷം കിട്ടിയത് 171 കോടി രൂപ മാത്രമാണ്. സമാജ്വാദി പാർട്ടിക്ക് 2022-23 ൽ ബോണ്ടുകളിൽ സംഭാവന ലഭിച്ചില്ല.
തെലുഗുദേശം പാർട്ടിക്ക് മുൻ വർഷത്തേക്കാൾ പത്തിരട്ടി തുക കിട്ടി. 2021-22ൽ 135 കോടി രൂപയാണ് ബിജെപിക്ക് നിക്ഷേപത്തിന് പലിശയായി ലഭിച്ചത്. കഴിഞ്ഞ വർഷം പലിശ 237 കോടി രൂപയായി ഉയർന്നു. വിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും ഉപയോഗത്തിനായി ബിജെപി 78.2 കോടി രൂപ ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമ്പത്തിക സമാഹരണം ഊർജ്ജിതമാക്കിയിരിക്കയാണ് രാഷ്ട്രീയ പാർട്ടികൾ. ഇതിന് പ്രധാന മാർഗമായി സ്വീകരിച്ചത് ഇലക്ട്രൽ ബോണ്ടുകളാണ്. ഇലക്ടറൽ ബോണ്ട് പദ്ധതി പ്രകാരം, സംഭാവന നൽകുന്നവരുടെയും രാഷ്ട്രീയ പാർട്ടികളുടെയും വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാവുകയില്ല. ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും കോർപ്പറേറ്റുകൾക്കും രാഷ്ട്രീയ പാർട്ടികൾക്കായി പണം നിക്ഷേപിക്കാമെന്നാണ് 1 കോടി രൂപയുടെ ഡിനോമിനേഷൻ ബോണ്ടിനുള്ള ആവശ്യം സൂചിപ്പിക്കുന്നത്.
ഇബി സ്കീമിലെ വ്യവസ്ഥകൾ അനുസരിച്ച്, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ പ്രകാരം രജിസ്റ്റർ ചെയ്യുകയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനസഭയിലേക്ക് പോൾ ചെയ്ത വോട്ടിന്റെ ഒരു ശതമാനത്തിൽ കുറയാത്ത വോട്ട് നേടുകയും ചെയ്ത പാർട്ടികൾ മാത്രമാണ് യോഗ്യത നേടുക. അതല്ലാതെ ലെജിസ്ലേറ്റീവ് അസംബ്ലിക്കും ഇലക്ടറൽ ബോണ്ടുകൾ ലഭിക്കാൻ അർഹതയുണ്ട്. ബോണ്ടുകൾക്ക് വഴിയൊരുക്കിയ ഫിനാൻസ് ആക്റ്റ്, 2017 ലെ വ്യവസ്ഥകളെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ ഇതിനകം തന്നെ സുപ്രീം കോടതിയിൽ എത്തിയിട്ടുണ്ട്.
ദാതാക്കളുടെ വിശദാംശങ്ങൾ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും, വർഷങ്ങളായി വിറ്റതും എൻക്യാഷ് ചെയ്തതുമായ മൊത്തം ഇബികളുടെ എണ്ണവും ഇബികൾ എൻക്യാഷ് ചെയ്യാൻ യോഗ്യരായ പാർട്ടികളുടെ എണ്ണവും മാത്രമാണ് ഇബി അധികാരമുള്ള എസ്ബിഐ അടക്കമുള്ള ബാങ്കുകൾ നൽകുന്നത്.
ഇലക്ടറൽ ബോണ്ടുകൾ ദാതാക്കൾ അജ്ഞാതമായാണ് വാങ്ങുന്നത്, അവ ഇഷ്യു ചെയ്ത തീയതി മുതൽ 15 ദിവസത്തേക്ക് സാധുതയുള്ളതാണ്. ഒരു ബാങ്കിലെ അവരുടെ നിയുക്ത അക്കൗണ്ടിൽ നിക്ഷേപിച്ച് യോഗ്യരായ ഒരു കക്ഷിക്ക് മാത്രമേ ഇവ റിഡീം ചെയ്യാൻ കഴിയൂ. 1,000, 10,000, 1 ലക്ഷം, 10 ലക്ഷം, 1 കോടി എന്നിങ്ങനെയാണ് എസ്ബിഐ ബോണ്ടുകൾ പുറത്തിറക്കുന്നത്. 'ഇലക്ടറൽ ബോണ്ട് സ്കീം' കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി കമ്മീഷൻ, പ്രിന്റിങ്, മറ്റ് ചെലവുകൾ എന്നിവയ്ക്കായി 13.50 കോടി രൂപയാണ് ടാറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർക്കാരിൽ നിന്ന് ഈടാക്കിയത്.