ഭോപ്പാൽ: മധ്യപ്രദേശിലെ ഒരു സർക്കാർ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം പാത്രത്തിന് പകരം പേപ്പറിൽ നൽകിയ സംഭവത്തിൽ ബിജെപിയെ വിമർശിച്ച് രാഹുൽ ഗാന്ധി. സംഭവം അറിഞ്ഞപ്പോൾ ഹൃദയം തകർന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഷിയോപൂർ ജില്ലയിലെ വിജയപൂരിലെ ഹാൾപൂർ ഗ്രാമത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശവുമായി രാഹുൽ രംഗത്തെത്തിയത്.

20 വർഷത്തിലേറെയായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ കുട്ടികൾക്കുള്ള പ്ലേറ്റുകൾ പോലും മോഷ്ടിക്കപ്പെട്ടെന്നും, കുട്ടികൾക്ക് പാത്രങ്ങൾ നൽകാത്തത് ദയനീയമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. വികസനമെന്ന ബിജെപിയുടെ വാഗ്‌ദാനം വെറും മിഥ്യയാണെന്നും രാഹുൽ പ്രതികരിച്ചു പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മാണ പദ്ധതിയുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയാണ് സംഭവം തുറന്നുകാണിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. 2023ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഉച്ചഭക്ഷണത്തിന്റെ നിലവാരം വർദ്ധിപ്പിക്കുമെന്നത്. എന്നാൽ ഇതൊരു വാഗ്ദാനം മാത്രമായി അവശേഷിക്കുകയാണ്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഷിയോപൂർ ജില്ലാ കളക്ടർ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഉച്ചഭക്ഷണം നൽകുന്നതിന് ചുമതലപ്പെട്ട സ്വയം സഹായ സംഘത്തെ പിരിച്ചുവിട്ടതായും, സ്കൂൾ പ്രിൻസിപ്പലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും അധികൃതർ അറിയിച്ചു.