- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി മാന്യനായ വ്യക്തി; കശ്മീരിന് സംസ്ഥാന പദവി തിരികെ തരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയതാണ്; വാക്ക് പാലിക്കുമെന്നാണ് പ്രതീക്ഷ; കേന്ദ്രവുമായുള്ള മോശം ബന്ധം കശ്മീരിന് ഗുണം ചെയ്യില്ല: ഒമര്‍ അബ്ദുള്ള അനുനയ വഴിയില്‍
മോദി മാന്യനായ വ്യക്തി; കശ്മീരിന് സംസ്ഥാന പദവി തിരികെ തരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയതാണ്
ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയാണ് ഒമര്‍ അബ്ദുള്ള. നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം വിജയം നേടിയതോടെ അനനയ വഴിയിലാണ് ഒമര്‍ അബ്ദുള്ള. കേന്ദ്രസര്‍ക്കാരുമായുള്ള മോശംബന്ധം ജമ്മു-കശ്മീരിന് ഗുണം ചെയ്യില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി.) നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും ജയം സ്വന്തമാക്കിയതിനു പിന്നാലെ ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രധാന വാഗ്ദാനമായിരുന്നു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കല്‍. നരേന്ദ്രമോദി മാന്യനായ വ്യക്തിയാണെന്നും കശ്മീരിന് സംസ്ഥാന പദവി തിരികെ തരുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയതാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. ആ വാക്ക് പ്രധാനമന്ത്രി പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'സാമ്പത്തികവും സാമൂഹികവുമായുള്ള വളര്‍ച്ചയുടെ നിര്‍ണായക ഘട്ടത്തിലാണ് കശ്മീര്‍. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രവുമായി കശ്മീര്‍ സര്‍ക്കാരിന് ആരോഗ്യകരമായ ബന്ധം നിലനില്‍ത്താല്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. കശ്മീര്‍ നിര്‍ണായക ഘട്ടത്തിലായതിനാല്‍ ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കില്ലെന്നാണ് പ്രതീക്ഷ'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ വന്നിട്ടുള്ള പരസ്പര വിശ്വാസത്തിലെ ഇടിവിനെ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും ഒമര്‍ അബ്ദുള്ള നേരത്തെ വ്യക്തമാക്കിയിരുന്നു. 46 സീറ്റുകളിലാണ് ഇന്ത്യ സഖ്യം വിജയം നേടിയിരിക്കുന്നത്. ബിജെപി 29 സീറ്റുകളില്‍ വിജയിച്ചു. പിഡിപി മൂന്ന് സീറ്റുകളിലേക്ക് ചുരുങ്ങി. 1996നു ശേഷമുള്ള ഏറ്റവും വലിയ സീറ്റു നേട്ടത്തിലേക്കാണ് ഇത്തവണ നാഷണല്‍ കോണ്‍ഫറന്‍സ് എത്തിയിരിക്കുന്നത്.
96ല്‍ നാഷണല്‍ കോണ്‍ഫറന്‍സ് 57 സീറ്റുകള്‍ നേടിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കാര്യമായ നേട്ടമൊന്നും സൃഷ്ടിക്കാനായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് എന്‍സിയുമായി സഖ്യത്തിലേര്‍പ്പെടാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. 46 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായിട്ടുള്ളത്. ഇത് ലഭിച്ചു കഴിഞ്ഞെങ്കിലും ഗവര്‍ണര്‍ക്ക് അഞ്ച് പേരെ നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാമെന്ന വ്യവസ്ഥ ആശങ്ക വളര്‍ത്തിയിരുന്നു. ഇങ്ങനെ വരുന്നതോടെ ജമ്മു കാശ്മീര്‍ നിയമസഭയുടെ ആകെ അംഗനില 95 ആയി ഉയരും. കേവലഭുരിപക്ഷം 48 ആയിത്തീരും. ഈ വ്യവസ്ഥയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന വ്യവസ്ഥയാണിതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ ഭരണം നഷ്ടപ്പെടുകയും, തെരഞ്ഞെടുപ്പില്‍ പരാജിതനാകുകയും പിന്നീട് വീട്ടുതടങ്കലില്‍ കഴിയേണ്ടി വരികയും ചെയ്ത ഒമര്‍ അബ്ദുള്ളയ്ക്ക് ഇത് ജനങ്ങളിലൂടെയുള്ള പ്രതികാരമാണ്. നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസ്സും കൂടിയുള്ള സഖ്യത്തെ രണ്ട് കുടുംബങ്ങളുടെ സഖ്യമെന്നാണ് അമിത് ഷാ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഈ പ്രചാരണം കാശ്മീരില്‍ വിലപ്പോയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ശക്തമായി വാദിക്കുന്ന നേതാവ് തന്നെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് തിരികെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകന്നതില്‍ കോണ്‍ഗ്രസ്സ് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഇടയില്ല.
ജമ്മു കാശ്മീരിന് പ്രത്യേക പദവിയും സംസ്ഥാന പദവിയും നഷ്ടമാണിപ്പോള്‍. സംസ്ഥാന പദവി തിരികെ നല്‍കണമെന്ന് സുപ്രീംകോടതി 2023ല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു വേണ്ടി ആദ്യം തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. ഇനി സംസ്ഥാന പദവിക്കും പ്രത്യേക പദവിക്കും വേണ്ടി കേന്ദ്ര സര്‍ക്കാരുമായി ഒമര്‍ പോരാട്ടത്തില്‍ ഏര്‍പ്പെടേണ്ടി വരുമെന്ന് ഉറപ്പാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യം 48 സീറ്റുകളാണ് പിടിച്ചടക്കിയത്.