ന്യൂഡൽഹി: ഇരുരാജ്യങ്ങൾക്കും ഇടയിൽ സമാധാനം സ്ഥാപിക്കുന്നതിന് ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നല്ല അയൽ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. നല്ല അയൽ ബന്ധം യാഥാർത്ഥ്യമാകണമെങ്കിൽ തീവ്രവാദവും, ശത്രുതയും, അക്രമവും ഇല്ലാത്ത അന്തരീക്ഷമുണ്ടാകണമെന്നും പാക്കിസ്ഥാനെ ഇന്ത്യ ഓർമ്മിപ്പിച്ചു. കശ്മീരിന്റെയടക്കം കാര്യങ്ങളിൽ മുൻ നിലപാടിൽ മാറ്റമില്ലെന്നും പാക് പ്രധാനമന്ത്രിക്ക് വിദേശകാര്യ മന്ത്രാലയം മറുപടി നൽകി.

പാക്കിസ്ഥാനുമായി ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനപരമായ സഹവർത്തിത്വമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാനുമായി സമാധാനപരമായ ബന്ധമാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ അതിന് ഭീകരവാദ മുക്തവും അക്രമരഹിതവുമായ അന്തരീക്ഷം ആവശ്യമാണ്, അരിന്ദം ബാഗ്ചി പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിന് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുമായുണ്ടായ മൂന്ന് യുദ്ധങ്ങൾ തങ്ങൾക്ക് നൽകിയത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്ന് ഷഹബാസ് ഷരീഫ് നേരത്തേ പ്രതികരിച്ചിരുന്നു. സമാധാനപരമായ മുന്നോട്ടുപോക്കാണ് തങ്ങൾ ആഗ്രഹിക്കുന്നത്. അയൽ രാജ്യങ്ങൾ തമ്മിൽ സമാധാനപരമായി പുരോഗതിയിലേക്ക് മുന്നേറണോ അതോ തർക്കിച്ച് സമയവും സമ്പത്തും നഷ്ടപ്പെടുത്തണമോ എന്ന് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ആദ്യം പറഞ്ഞ പാക്ക് പ്രധാനമന്ത്രി പിന്നീട് കശ്മീരിന്റെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചാൽ മാത്രം ഇന്ത്യയുമായി ചർച്ചയെന്ന മലക്കം മറിച്ചിലും നടത്തിയിരുന്നു.

കശ്മീർ വിഷയത്തിലടക്കം തുറന്ന ചർച്ചക്ക് തയ്യാറെന്ന ഷഹബാസ് ഷെരീഫിന്റെ ആദ്യ പ്രസ്താവനക്കെതിരെ ഇമ്രാൻ ഖാന്റെ പാർട്ടി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചക്ക് വ്യവസ്ഥ മുന്നോട്ട് വച്ച് പാക് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വീണ്ടും രംഗത്ത് വന്നത്.

അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഇന്ത്യയുമായി ചർച്ചക്ക് താതപര്യം പ്രകടിപ്പിച്ച് ആദ്യം രംഗത്തെത്തിയത്. പ്രളയക്കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാക്കിസ്ഥാനെ അടിമുടി ഉലയ്ക്കുമ്പോഴാണ് സമാധാന അഭ്യർത്ഥന മുന്നോട്ട് വച്ച് ഷഹബാസ് ഷെരീഫ് രംഗത്തെത്തിയത്.

ഇരു രാജ്യങ്ങളും അയൽക്കാരാണെന്നും എല്ലാക്കാലത്തും അടുത്തടുത്ത് കഴിയേണ്ടവരാണെന്നും കലഹമല്ല വികസനമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ സമാധാനം പുലരാനായി ചർച്ചയ്ക്ക് പാക്കിസ്ഥാൻ തയ്യാറാണെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്കാണ് ഇന്ന് ഇന്ത്യ മറുപടി നൽകിയിരിക്കുന്നത്.