നാഗ്പുര്‍: ആര്‍എസ്എസിനെ പുകഴ്ത്തിക്കൊണ്ട് എന്‍സിപി നേതാവ് ശരത്പവാര്‍ രംഗത്തുവന്നതോട മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചകള്‍. ഇന്ത്യാ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ തന്നെ അതൃപ്തനായിരിക്കുന്ന പവാര്‍ പുതിയ പാളയം തേടുമോ എന്നതാണ് ഉയരുന്ന ചോദ്യം. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായന്റെ ആര്‍എസ്എസ് പ്രശംസയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രംഗത്തുവന്നു.

രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നാണ് ഫഡ്‌നവിസ് പ്രതികരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രചരിപ്പിച്ച വ്യാജവാര്‍ത്തകളെ മറികടക്കാന്‍ ആര്‍.എസ്.എസിന് കഴിഞ്ഞതാണ് പവാറിന്റെ പ്രശംസയ്ക്ക് കാരണമായതെന്നും ഫഡ്നവിസ് പറഞ്ഞു. ഭരണഘടന പൊളിച്ചെഴുതാനും സംവരണം അവസാനിപ്പിക്കാനും ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റുനേടാന്‍ ബി.ജെ.പി. ആഗ്രഹിക്കുന്നുവെന്ന് പ്രതിപക്ഷം പ്രചരിപ്പിച്ചിരുന്നു.

ഇത്തരം വ്യാജപ്രചാരണങ്ങളുമായി വരുംതിരഞ്ഞെടുപ്പുകളിലും മുന്നോട്ടുപോകാമെന്ന് അവര്‍ ധരിക്കുകയും ചെയ്തു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിവിധ പോഷകസംഘടനകളിലെ അംഗങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച് ഈ വ്യാജപ്രചാരണത്തിന്റെ ബലൂണ്‍ പൊട്ടിച്ചു. ശരദ് പവാര്‍ വളരെ ബുദ്ധിമാനാണ്. അദ്ദേഹം തീര്‍ച്ചയായും ഈ വശം പഠിക്കുകയായിരുന്നു. ആര്‍.എസ്.എസ്. ഒരു സാധാരണ രാഷ്ട്രീയശക്തിയല്ലെന്നും ഒരു ദേശീയശക്തിയാണെന്നും അദ്ദേഹം മനസ്സിലാക്കി. ഏതൊരു മത്സരത്തിലും മറ്റുള്ളവരെ പ്രശംസിക്കുന്നത് നല്ലതാണെന്നും ഫഡ്നവിസ് പറഞ്ഞു.

''2019 മുതല്‍ 2024 വരെ സംസ്ഥാനത്തുണ്ടായ സംഭവവികാസങ്ങള്‍ക്കുശേഷം എനിക്ക് ഒരുകാര്യം മനസ്സിലായി. രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം. ഉദ്ധവ് താക്കറെ അവിടെ പോവുന്നു, അജിത് പവാര്‍ ഇവിടെവരുന്നു. ഇതുപോലെ എന്തും സംഭവിക്കാം. ചിലപ്പോള്‍ നമുക്ക് എതിരാളികളെ പുകഴ്‌ത്തേണ്ടിവരും. അതായിരിക്കാം പവാര്‍ ചെയ്തത്. ഇങ്ങനെയൊന്നും നടക്കില്ലെന്നുകരുതിയാല്‍ പിന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് വലിയ പ്രസക്തിയില്ല'' -ഫഡ്‌നവിസ് പറഞ്ഞു.

ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തോടുള്ള സമര്‍പ്പണത്തെ പ്രശംസിച്ച് കഴിഞ്ഞ ദിവസം ശരദ് പവാര്‍ രംഗത്തെത്തിയിരുന്നു. ദക്ഷിണ മുംബൈയില്‍ നടന്ന യോഗത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വസംഘടന അവരുടെ പ്രത്യയശാസ്ത്രത്തോട് അചഞ്ചലമായ വിശ്വസ്തത കാണിക്കുകയും അവരുടെ പാതയില്‍നിന്ന് ഒരുകാരണവശാലും വ്യതിചലിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ ഷാഹു മഹാരാജ്, മഹാത്മ ഫൂലെ, ബി.ആര്‍. അംബേദ്കര്‍, യശ്വന്ത് റാവു ചവാന്‍ എന്നിവരുടെ പ്രത്യയശാസ്ത്രത്തോട് ചേര്‍ന്നുനില്‍ക്കാനും പ്രതിജ്ഞാബദ്ധമായ ഒരു കേഡര്‍ അടിത്തറയുണ്ടാക്കാനും നമുക്കുകഴിയണമെന്ന് ശരദ്പവാര്‍ പറഞ്ഞു.

'ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നമ്മള്‍ അലംഭാവം കാണിച്ചു. അതേസമയം ഭരണസഖ്യം (ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള മഹായുതി) പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ മറികടക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു. പ്രധാന വോട്ടുബാങ്കായ ഒ.ബി.സി. വിഭാഗത്തിന്റെ ഉന്നമനത്തിനായി എന്താണുചെയ്തതെന്ന് അവരെ ബോധ്യപ്പെടുത്തുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു'. -പവാര്‍ പറഞ്ഞു.