- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തിരയടങ്ങിയെന്നു കരുതി തീരത്ത് വീടുവയ്ക്കരുത്, ഞാന്‍ കടലാണ്, തിരിച്ചുവരും': നാണം കെട്ട് പടിയിറങ്ങിയപ്പോള്‍ മനംനൊന്ത് പറഞ്ഞ വാക്കുകള്‍ മധുരപ്രതികാരമായി; ദേവേന്ദ്ര ഫട്‌നാവിസിന് മഹരാഷ്ട്ര മുഖ്യമന്ത്രിയായി മൂന്നാമൂഴം; ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാര്‍
ദേവേന്ദ്ര ഫട്‌നാവിസിന് മഹരാഷ്ട്ര മുഖ്യമന്ത്രിയായി മൂന്നാമൂഴം
മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപിയും ശിവസേനയും തമ്മിലുള്ള വടംവലിയും രണ്ടാഴ്ചത്തെ സസ്‌പെന്‍സിനും ശേഷം ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായപ്പോള്‍ നിലവിലുള്ള 1+ 2 ഫോര്‍മുലയാണ് പിന്തുടര്‍ന്നത്. എന്നാല്‍, ഇക്കുറി ഫട്‌നാവിസിന് മേല്‍ക്കൈയുണ്ടെന്ന് മാത്രം.
ആറു തവണ എം എല്‍ എ ആയതിനു പുറമേ മൂന്നുവട്ടം മുഖ്യമന്ത്രി ആയിരിക്കുന്നു ഫട്‌നാവിസ്. 'തിരയടങ്ങിയെന്നു കരുതി തീരത്ത് വീടുവയ്ക്കരുത്. ഞാന്‍ കടലാണ്. തിരിച്ചുവരും''. 2019 -ല്‍ അജിത് പവാറിന്റെ പിന്തുണയോടെ, മഹാരാഷ്ട്ര മുഖ്യമന്ത്രിയായി നാലു ദിവസത്തിനുള്ളില്‍ രാജിവയ്‌ക്കേണ്ടി വന്ന ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന ബിജെപി നേതാവ് പറഞ്ഞ ഒരു മാസ് ഡയലോഗായിരുന്നു ഇത്. അത് പൂര്‍ണ്ണമായും ശരിയായത് 2024-ലാണ്.
അതിനിടെ നടന്ന ലോകസ്ഭാ തിരഞ്ഞെടുപ്പിലടക്കം ശക്തമായ തിരിച്ചടിയാണ് മഹായുതി എന്ന് വിളിക്കുന്ന എന്‍ഡിഎ സഖ്യത്തിന് മറാത്ത മണ്ണില്‍ നേരിട്ടത്. ഇത്തരണ ഭരണവിരുദ്ധ വികാരം കൂടി കണക്കിലെടുക്കുമ്പോള്‍, മഹായുതി സഖ്യത്തിന് തിരിച്ചടിയുണ്ടാവുമെന്നാണ് പൊതുവേ കരുതിയത്. എന്നാല്‍ മോദിയുടെ പേരില്‍ വോട്ടുപിടിക്കുക എന്ന പഴയ ടെക്ക്‌നിക്ക് വിട്ട്, പ്രാദേശിക രാഷ്ട്രീയവും, സംവരണവും, വികസന പ്രശ്‌നവുമൊക്കെ എടുത്തുകാട്ടി, ജാതി പാര്‍ട്ടികളെ ഹിന്ദു ഐക്യം പറഞ്ഞ് വെട്ടി, ആര്‍എസ്എസുമായി തനിക്കുണ്ടായിരുന്ന അടുത്ത ബന്ധം വീണ്ടും പുനസ്ഥാപിച്ച്, ദേവേന്ദ്ര ഫഡ്‌നാവീസ് എന്ന 54കാരന്‍ നടത്തിയ തന്ത്രങ്ങളാണ്, സഖ്യത്തെ ചരിത്ര വിജയത്തിലേക്ക് നയിച്ചിരിക്കുന്നത്.
ശരിക്കും ഫഡ്‌നാവീസിന്റെ മധുര പ്രതികാരമണിത്. തന്നെ താഴെയിറക്കിയ ഉദ്ധവ് താക്കറെയെ പഞ്ചറാക്കി. ശരദ്പവാറിന്റെ എന്‍സിപിയുടെ അവശേഷിക്കുന്ന പല്ലുകള്‍ അടിച്ചുകൊഴിച്ചു. കോണ്‍ഗ്രസിനെയും നിഷ്‌ക്കാസനം ചെയ്തു. ബിജെപിയും, ശിവസേന ഷിന്‍ഡെ പക്ഷവും, എന്‍സിപി അജിത് പവാര്‍ പക്ഷവും ഉള്‍പ്പെടുന്ന മഹായുതി 288-ല്‍ 234 സീറ്റുമായാണ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. ബിജെപി 132 ഉം ശിവസേന ഷിന്‍ഡേ വിഭാഗം 57 ഉം സീറ്റുകളാണ് സ്വന്തമാക്കിയത്. എന്‍സിപി അജിത് വിഭാഗം 41 സീറ്റും നേടി. പ്രതിപക്ഷത്തുള്ള ശിവസേന ഉദ്ധവ് വിഭാഗം ഉള്‍പ്പെട്ട മഹാ വികാസ് അഖാഡി 48 സീറ്റുകളിലൊതുങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ തോല്‍വിയില്‍നിന്നാണ് മാസങ്ങള്‍ക്ക്‌ശേഷം അവര്‍ കരകയറിയിരിക്കുന്നത്. ആ നിലക്ക് നോക്കുമ്പോള്‍ ശരിക്കും ഒരു രാഷ്ട്രീയ അത്ഭുതമാണ് മഹാരാഷ്ട്രയില്‍ നടന്നിരിക്കുന്നത്.
അതിന് രണ്ട് കാരണങ്ങളാണ്, ടൈംസ് ഓഫ് ഇന്ത്യയെപ്പോലുള്ള ദേശീയ മാധ്യമങ്ങള്‍ എടുത്തുകാട്ടുന്നത്. ഒന്ന് ആര്‍എസ്എസിന്റെ അതിശക്തമായ ഇടപെടല്‍. രണ്ട് അമിത്ഷാക്കുശേഷം ബിജെപിയിലെ പുതിയ രാഷ്ട്രീയ ചാണക്യനായി ഉയര്‍ന്നുവന്ന ദേവേന്ദ്ര ഫഡ്‌നാവീസിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍. ഇപ്പോള്‍ മറാത്താ മുഖ്യമന്ത്രിയായി വീണ്ടും ഫഡ്‌നാവീസ് തന്നെ അധികാരത്തിലേറിയിരിക്കുകയാണ്. വാര്‍ഡ് മെമ്പര്‍ സ്ഥാനത്തുനിന്ന് പടിപിടിയായി ഉയര്‍ന്ന്, സംസ്ഥാന മുഖ്യമന്ത്രിയായ അപൂര്‍വകഥയാണ് ഫഡ്‌നാവിസിന്റെത്.
2014 ല്‍ സീനിയര്‍ നേതാക്കളൊയൊക്കെ പിന്തള്ളി, ഈ 44 കാരന്‍ മഹാരാഷ്ട്രപോലെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ ഒരു രാജ്യത്തിന്റെ മുഖ്യമന്ത്രിയാവുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. പ്രമോദ് മഹാജന്‍, ഗോപിനാഥ് മുണ്ടെ, നിതിന്‍ ഗഡ്കരി, ഏക്‌നാഥ് ഖഡ്‌സെ തുടങ്ങിയ മഹാരാഷ്ട്ര ബിജെപി രാഷ്ട്രീയത്തിലെ വമ്പന്‍മ്മാരുടെ പേരാണ് അന്ന് പറഞ്ഞുകേട്ടിരുന്നത്. പക്ഷേ എംഎല്‍എ എന്ന നിലയിലുള്ള പ്രവര്‍ത്തന മികവും, വാക്ചാതുരിയും ഉണ്ടെങ്കിലും ഇവര്‍ക്ക് പിന്നില്‍ രണ്ടാം നിരയിലാണ്, ഫഡ്‌നാവീസ് നിന്നിരുന്നത്.
2013-ല്‍ ഗോപിനാഥ് മുണ്ടെ പക്ഷവും ഗഡ്കരി വിഭാഗവും തമ്മില്‍ വടംവലി മുറുകിയപ്പോള്‍ അനുരഞ്ജന സ്ഥാനാര്‍ഥിയായിയായാണ് ഫഡ്‌നാവിസ് സംസ്ഥാന അധ്യക്ഷ പദത്തിലെത്തിയത്. അതോടെ പാര്‍ട്ടിയിലെ ഗ്രൂപ്പിസം നന്നായി കുറഞ്ഞു. ഫഡ്‌നാവീസിന് കാര്യങ്ങള്‍ ചെയ്യാനറിയാമെന്ന് ദേശീയ നേതൃത്വം വിശ്വസിച്ചത് അതോടെയാണ്. 2014 -ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി - സേന സഖ്യത്തിന് 48 ല്‍ 41 സീറ്റും നേടാന്‍ മുന്നില്‍ നിന്നു പട നയിച്ചത് ഫഡ്‌നാവീസ് ആയിരുന്നു. തൊട്ടുപിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 288 ല്‍ 122 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി. അപ്പോഴും പാര്‍ട്ടിയില്‍ ഗ്രൂപ്പിസം വന്നു. ഏക്‌നാഥ് ഖഡ്‌സെ മുഖ്യമന്ത്രിയാകുമെന്ന് കരുതിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും ഫഡ്‌നാവീസിനുവേണ്ടി വാദിച്ചു.
്അങ്ങനെയാണ് വെറും 44- ാം വയസ്സില്‍ മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയായി ഫഡ്‌നാവീസ് അധികാരമേല്‍ക്കുന്നത്. പക്ഷേ കുറച്ചുകാലം കൊണ്ടുതന്നെ മഹാരാഷ്ട്രയിലെ എറ്റവും ജനകീയനായ മുഖ്യമന്ത്രിയായി മാറി.