- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനങ്ങൾ ശക്തിപ്പെടാതെ രാജ്യം ശക്തിപ്പെടില്ല; ഇന്ത്യയെ കരുത്തരാക്കണമെങ്കിൽ പ്രതിപക്ഷത്തെ ശത്രുക്കളായി കാണരുത്; മതത്തിന്റെ പേരിൽ എത്രനാൾ ഭിന്നിപ്പിക്കും, ഞങ്ങൾ ശത്രുക്കളല്ല; വൈവിധ്യങ്ങളാണ് രാജ്യത്തെ സുന്ദരമാക്കുന്നത്; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഫാറൂഖ് അബ്ദുള്ള
ന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിച്ചു നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. കേരളത്തിന്റെ ഡൽഹി പ്രതിഷേധത്തിൽ പങ്കെടുത്തു സംസാരിക്കവേയാണ് അദ്ദേഹം കേന്ദത്തിനെതിരെ തിരിഞ്ഞത്. സംസ്ഥാനങ്ങൾ ശക്തിപ്പെടാതെ രാജ്യം ശക്തിപ്പെടില്ല. സംസ്ഥാനങ്ങൾ പിന്നിലായാൽ രാജ്യം കരുത്ത് നേടില്ല. ഇന്ത്യയെ കരുത്തരാക്കണമെങ്കിൽ പ്രതിപക്ഷത്തെ ശത്രുക്കളായി കാണരുത്. രാജ്യം ശക്തിപ്പെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എത്രനാൾ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുമെന്നും ഫറൂഖ് അബ്ദുള്ള ചോദിച്ചു.
നാനാത്വത്തിന്റെ സൗന്ദര്യം ഓർമ്മിപ്പിച്ചായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ പ്രസംഗം. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വൈവിധ്യങ്ങളാണ് രാജ്യത്തെ സുന്ദരമാക്കുന്നത്. പ്രതിപക്ഷം ഒറ്റകെട്ടായി പോരാടണം. ഒരുമിച്ച് നിന്നില്ലെങ്കിൽ മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന തിരിച്ചറിവാണ് നമ്മളെ ഒരുമിപ്പിക്കുന്നത്. പാർലമെന്റിലെ ചർച്ചകൾ രാജ്യത്തിന് ഗുണകരമാകും. ചർച്ചകൾ നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഫെഡറലിസത്തെ പിന്തുണച്ചു. എന്നാൽ അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ സീസൺ മാറുന്നതുപോലെ നയം മാറി. ഒരു പാർട്ടി എന്ന നിലയിലേക്കാണ് രാജ്യം മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനോട് കേന്ദ്രത്തിന് വിവേചനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീർ ഇന്ത്യയിലല്ലേ എന്ന് ചോദിച്ച ഫറൂഖ് അബ്ദുള്ള, 370 റദ്ദാക്കിയിട്ടും രണ്ട് ജീവനുകൾ നഷ്ടപ്പെട്ടുവെന്നും ഭരണഘടനാ അവകാശങ്ങൾ ജമ്മു കശ്മീരിൽ നിഷേധിച്ചുവെന്നും ആരോപിച്ചു. അവകാശങ്ങൾ എത്രനാൾ നിഷേധിക്കാനാകുമെന്നും ഫറൂഖ് അബ്ദുള്ള ചോദിച്ചു.
ഞങ്ങൾ രാജ്യത്തിന്റെ ശത്രുക്കളല്ല, ഞങ്ങൾ രാജ്യത്തിന്റെ സുഹൃത്തുക്കളാണ്. രാജ്യത്തിന്റെ വളർച്ച ആഗ്രഹിക്കുന്നവരാണ്. ഞാൻ ഒരു മുസ്ലിമാണ്, ഇന്ത്യൻ മുസ്ലിമാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാ മതസ്ഥരും സൗഹാർദ്ദത്തോടെ ഇരിക്കണം - എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ലക്ഷ്യത്തിനായി ഒന്നിക്കാമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം 'ഒരുമിക്കണം, ഒരുമിക്കണം, ഒരുമിക്കണം, ഒരുമിക്കണം' എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
അതേസമയം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കാനുള്ള ചരിത്രസമരമാണ് കേരളം ഡൽഹിയിൽ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവരുന്നു. സംസ്ഥാനങ്ങളെ തുല്യതയോടെ പരിഗണിക്കുന്ന പുലരിക്കുവേണ്ടിയുള്ള പുതിയ സമരത്തിന്റെ തുടക്കമാണിത്. ഇന്നത്തെ ദിവസം ഇന്ത്യാചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്ന ദിവസമായി മാറുമെന്നും ജന്തർമന്തറിലെ പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ നിരന്തര അവഗണനക്കെതിരെ രാജ്യതലസ്ഥാനത്ത് കേരളത്തിന്റെ പ്രതിഷേധത്തിന് വൻ പിന്തുണയാണ് കിട്ടിയത്. കേരള ഹൗസിൽ നിന്നും ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്. കേരളത്തിന്റെ മൂന്നരക്കോടി ജനതയുടെ രോഷമാണ് ഡൽഹിയിൽ ഉയരുക. നാടിന്റെ മുന്നേറ്റത്തിനായി ഡൽഹി ജന്തർമന്തറിൽ ഉയരുന്ന ശബ്ദം ജനാധിപത്യ ഇന്ത്യയിൽ കേരളത്തിന്റെ സമരപോരാട്ടങ്ങളുടെ ഉജ്വല ഏടാകും. കേരളത്തിന്റെ മുന്നോട്ടുപോക്കിനും അതിജീവനത്തിനും അനിവാര്യമായതോടെയാണ് സംസ്ഥാനം പ്രക്ഷോഭത്തിനൊരുങ്ങിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി മാനും പങ്കെടുത്തു.
ജന്തർമന്തറിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുത്തു. പ്രതിഷേധം ഉച്ചവരെ തുടരും. എൻഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നൽകിയിരുന്നു. ഡൽഹി മലയാളികളുടെ പ്രതിനിധികളും പങ്കെടുക്കും. സഹകരണ ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ചരിത്രത്തിൽ തിളക്കമാർന്ന ഏടായി സമരം മാറുമെന്നാണ് പ്രതിപക്ഷ പ്രതിഷേധം. അതിശക്തമായ വിമർശനമാണ് കേന്ദ്രത്തിനെതിരെ പിണറായി ഉയർത്തിയത്.
മറുനാടന് ഡെസ്ക്