- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഭൽ സന്ദർശിക്കാൻ പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും വഴിയിൽ തടഞ്ഞു; കോൺഗ്രസ് പ്രവർത്തകരും പോലീസും ഏറ്റുമുട്ടി; കോൺഗ്രസ് നേതാക്കളെ തടയാൻ നാല് ജില്ലകൾക്ക് നിർദേശം; നിരോധനാജ്ഞ കഴിയും വരെ ആർക്കും പ്രവേശനമില്ലെന്ന് ഉത്തരവ്
ന്യൂഡൽഹി: മസ്ജിദ് വിവാദത്തെ തുടർന്ന് പൊലീസ് വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ട സംഭൽ സന്ദർശിക്കാൻ പുറപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് നേതാക്കളെ വഴിയിൽ തടഞ്ഞു. ഗാസിപൂർ അതിർത്തിയിലാണ് ഇവർ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞത്. റോഡിൽ ബാരിക്കേഡ് നിരത്തിയും പൊലീസ് ബസ് കുറുകെയിട്ടുമാണ് തടസ്സം സൃഷ്ടിച്ചത്.
സംഭൽ സന്ദർശിച്ചാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യു.പി ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഇത് വകവെക്കാതെയാണ് രാഹുലും സംഘവും ഇന്ന് രാവിലെ 10 മണിയോടെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട നേതാക്കൾ 11 മണിയോടെയാണ് അതിർത്തിയിൽ തടഞ്ഞത്. ഇവരെ വഴിയിൽ തടയണമെന്ന് സംഭൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയ സമീപത്തെ നാല് ജില്ലകൾക്ക് നിർദേശം നൽകിയിരുന്നു.
വാഹനം തടഞ്ഞതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിനായി രാഹുൽ ഗാന്ധി വാഹനത്തിൽ നിന്ന് ഇറങ്ങിയെങ്കിലും മുന്നോട്ട് പോകാൻ അനുവദിച്ചില്ല. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി. ഇതോടെ ഹൈവേയിൽ ഗതാഗതക്കുരുക്കുണ്ടായി. ആയിരക്കണക്കിന് വാഹനങ്ങളാണ് സംഭവസ്ഥലത്ത് കുടുങ്ങിയത്.
ബുലന്ദ്ഷഹർ, അംരോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നീ ജില്ലകളിലെ പൊലീസ് അധികൃതർക്കാണ് യാത്രാസംഘത്തെ തടയണമെന്ന് നിർദേശം നൽകിയത്. അതത് ജില്ല അതിർത്തികളിൽ തടഞ്ഞുനിർത്തി സംഭലിൽ പ്രവേശിക്കുന്നത് തടയണമെന്നായിരുന്നു നിർദേശം.
ഈ മാസം 10വരെ നിരോധനാജ്ഞയുള്ളതിനാൽ ആർക്കും പുറത്തുനിന്ന് വരാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു. സാധാരണ നിലയിലായ സംഭലിൽ രാഹുൽ ഗാന്ധി എത്തുന്നത് പ്രകോപനത്തിന് കാരണമാകുമെന്ന് പറഞ്ഞ് സന്ദർശനം റദ്ദാക്കാൻ മുറാദാബാദ് ഡിവിഷനൽ കമീഷണർ അഞ്ജനേയ കുമാർ സിങ്ങും ആവശ്യപ്പെട്ടു.