- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വകുപ്പു വിഭജനത്തില്‍ അതൃപ്തി; ഷിന്‍ഡെയുടെ അപ്രതീക്ഷിത പിന്മാറ്റം; മുംബൈയിലേക്ക് മടങ്ങി; മഹാരാഷ്ട്രയില്‍ 'മഹായുതി' സര്‍ക്കാര്‍ രൂപീകരണം വൈകുന്നു; സഖ്യ നേതാക്കളുടെ തുടര്‍ ചര്‍ച്ച ഞായറാഴ്ച; ഡിസംബര്‍ അഞ്ചിന് സത്യപ്രതിജ്ഞയെന്ന് സൂചന
മഹാരാഷ്ട്രയില്‍ 'മഹായുതി' സര്‍ക്കാര്‍ രൂപീകരണം വൈകുന്നു
മുംബൈ: മഹാരാഷ്ട്രയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി അധികാരം നിലനിര്‍ത്തിയിട്ടും 'മഹായുതി' മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നു. കാവല്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായി ജന്മനാട്ടിലേക്ക് പോയതോടെ, ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചകള്‍ റദ്ദാക്കി. വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട അതൃപ്തിയാണ് ഷിന്‍ഡെയുടെ പെട്ടെന്നുള്ള മടക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച നടക്കാനിരുന്ന മഹായുതി നേതാക്കളുടെ കൂടിക്കാഴ്ച അവസാന നിമിഷം മാറ്റുകയായിരുന്നു.
മുന്‍മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫഡ്നാവിസിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നത്. അതേ സമയം മുഖ്യമന്ത്രി പദം വിട്ടു കൊടുക്കുന്നതിന് പകരമായി, ഉപമുഖ്യമന്ത്രി പദം മകന്‍ ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് നല്‍കണമെന്ന ഷിന്‍ഡെയുടെ ആവശ്യം ബിജെപി നിരാകരിച്ചിരുന്നു. ആഭ്യന്തരം, നഗരവികസനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ വേണമെന്നും ഷിന്‍ഡേ ശിവസേന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഏക്നാഥ് ഷിന്‍ഡെ, ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവര്‍ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നഡ്ഡ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷം മുംബൈയില്‍ മടങ്ങിയെത്തിയ നേതാക്കള്‍, തുടര്‍ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചിരുന്നു.
ഷിന്‍ഡെ നാട്ടില്‍ നിന്നും മടങ്ങി വന്നശേഷം ഞായറാഴ്ച മഹായുതി സഖ്യ നേതാക്കളുടെ ചര്‍ച്ച നടന്നേക്കുമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയില്‍ കൂടിക്കാഴ്ചകള്‍ക്ക് ശേഷം ചര്‍ച്ചകള്‍ പോസിറ്റീവ് ആണെന്നും, മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും, പ്രധാനമന്ത്രിയും അമിത് ഷായും തീരുമാനം കൈക്കൊള്ളുമെന്നും ഏക്നാഥ് ഷിന്‍ഡെ അഭിപ്രായപ്പെട്ടിരുന്നു
സര്‍ക്കാര്‍ രൂപവത്കരണത്തിന് അന്തിമരൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മഹായുതി നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ചര്‍ച്ച പൂര്‍ത്തിയാക്കി നേതാക്കള്‍ മുംബൈയിലേക്ക് തിരിച്ചെന്നാണ് വിവരം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നവിസ്, ശിവസേന അധ്യക്ഷന്‍ ഏക്നാഥ് ഷിന്‍ഡെ എന്‍.സി.പി. അധ്യക്ഷന്‍ അജിത് പവാര്‍ എന്നിവര്‍ അമിത് ഷായുടെ വസതിയില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഡല്‍ഹിയിലെ ചര്‍ച്ച പോസിറ്റീവാണെന്ന് പ്രതികരിച്ച ഷിന്‍ഡെയുടെ അപ്രതീക്ഷിത പിന്മാറ്റം മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഷിന്‍ഡെയ്ക്ക് അതൃപ്തിയുണ്ടെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം, സത്താറയിലേക്ക് പോയ ഷിന്‍ഡെ ശനിയാഴ്ച മാത്രമേ തിരിച്ചെത്തൂ എന്നാണ് വിവരം.
എന്‍.സി.പിയും ശിവസേനയും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളെ തിരഞ്ഞെടുത്തുകഴിഞ്ഞു. ബി.ജെ.പിയില്‍നിന്ന് തന്നെയാവും മുഖ്യമന്ത്രിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടും പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുത്തിട്ടില്ല.