ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറിന്റെ തലസ്ഥാന നഗരമായ പോര്‍ട്ട് ബ്ലെയര്‍ ഇനി 'ശ്രീ വിജയപുരം' എന്ന പേരിലറിയപ്പെടും. കൊളോണിയല്‍ മുദ്രകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പോര്‍ട്ട് ബ്ലെയറിന്റെ പേര് മാറ്റിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. ആഭ്യന്തര മന്ത്രി അമിത് ഷായാണ് പേര് മാറ്റം പ്രഖ്യാപിച്ചത്.

മുമ്പത്തെ പേരിന് കൊളോണിയല്‍ പാരമ്പര്യമാണ് ഉണ്ടായിരുന്നതെങ്കില്‍, പുതിയ പേരായ ശ്രീ വിജയപുരം സ്വാതന്ത്ര്യസമരത്തില്‍ നേടിയ വിജയത്തെയും അതില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും സൂചിപ്പിക്കുന്നെന്ന് അമിത് ഷാ പറഞ്ഞു.

'നമ്മുടെ സ്വാതന്ത്ര്യസമരത്തിലും ചരിത്രത്തിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമാനതകളില്ലാത്ത സ്ഥാനമുണ്ട്. ഒരുകാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായി പ്രവര്‍ത്തിച്ചിരുന്ന ദ്വീപ് പ്രദേശം ഇന്ന് നമ്മുടെ തന്ത്രപരവും വികസനോന്മുഖവുമായ അഭിലാഷങ്ങളുടെ നിര്‍ണായക അടിത്തറയായി നിലകൊള്ളുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസ് നമ്മുടെ ത്രിവര്‍ണ്ണ പതാകയുടെ ആദ്യ അനാവരണം നടത്തിയതും വീര്‍ സവര്‍ക്കര്‍ ജിയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും ഒരു സ്വതന്ത്ര രാഷ്ട്രത്തിനായി പോരാടിയ സെല്ലുലാര്‍ ജയിലും ഇവിടെയാണ്', അമിത് ഷാ എക്സില്‍ കുറിച്ചു.