ന്യൂഡല്‍ഹി: 26 ാമത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിനെ നിയമിച്ചു. ഫെബ്രുവരി 18 ന് രാജീവ് കുമാര്‍ സ്ഥാനമൊഴിയുന്നതിന് പകരമാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരടങ്ങിയ പാനലാണ് 1988 ലെ കേരള കേഡര്‍ ഉദ്യോഗസ്ഥനെ തിരഞ്ഞെടുത്തത്. രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പിനെ മറികടന്നാണ് നിയമനം.. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിയാണ് അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുക.

ആഗ്ര സ്വദേശിയായ ഗ്യാനേഷ് കുമാര്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായതോട ഒഴിവുവരുന്ന തെരഞ്ഞെടുപ്പ് കമീഷണറുടെ പദവിയിലേക്ക് മറ്റൊരാളെ കണ്ടെത്തേണ്ടിവരും. പാര്‍ലമെന്ററി കാര്യ മന്ത്രാലയത്തില്‍ സെക്രട്ടറിയായി ജോലി നോക്കിയിട്ടുണ്ട് ഗ്യാനേഷ് കുമാര്‍. അമിത്ഷായ്ക്ക് കീഴിലുള്ള സഹകരണ വകുപ്പില്‍ സെക്രട്ടറിയായിട്ടാണ് വിരമിച്ചത്.

ആഭ്യന്തര മന്ത്രാലയത്തില്‍ കശ്മീര്‍ ഡിവിഷന്‍ ചുമതലയുള്ള ജോയന്റ് സെക്രട്ടറിയായിരിക്കെ ഗ്യാനേഷ് കുമാര്‍ ജമ്മു- കശ്മീരിന് പ്രത്യേക അവകാശം അനുവദിച്ച ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച ഐ.എ.എസ് ഓഫിസറാണ്. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റുണ്ടാക്കിയതിലും നിര്‍ണായക പങ്കുവഹിച്ചു. 61കാരനായ ഗ്യാനേഷ് കുമാര്‍ ന്യൂഡല്‍ഹി കേരള ഹൗസില്‍ റസിഡന്റ് കമീഷണറായിട്ടുണ്ട്. 2029 ജനുവരി 26 വരെയാണ് ഗ്യാനേഷ് കുമാറിന്റെ കാലാവധി.ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നയാളാണ് ഗ്യാനേഷ് കുമാര്‍ എന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിനും അടുത്ത വര്‍ഷം നടക്കുന്ന ബംഗാള്‍, തമിഴ്നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനും പുതുതായി ചുമതലയേല്‍ക്കുന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാണ് നേതൃത്വം നല്‍കേണ്ടത്.

വിയോജിപ്പ് രേഖപ്പെടുത്തി രാഹുല്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തീരുമാനിക്കാനുള്ള പ്രധാനമന്ത്രി അദ്ധ്യക്ഷനായ സമിതിയുടെ യോഗത്തില്‍ വിയോജിപ്പറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സുപ്രിംകോടതി നിലപാട് അറിഞ്ഞ ശേഷം മാത്രമേ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജീവ് കുമാറിന് ശേഷം ഏറ്റവും മുതിര്‍ന്ന തിരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാറിന്റെ പേരിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെയുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി മറ്റന്നാള്‍ പരിഗണിക്കും. ഈ സാഹചര്യത്തില്‍ പുതിയ കമ്മീഷണറെ കണ്ടെത്തുന്നതിനായുള്ള യോഗം മാറ്റിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണം സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും അതിന്റെ വിശ്വാസ്യതയെക്കുറിച്ച് ബിജെപിക്ക് ആശങ്കയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.