- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിയാണ തിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് വിരേന്ദർ സെവാഗ്; അനിരുദ്ധ് ചൗധരിയുടെ പ്രചരണ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച് താരം
ചണ്ഡീഗഢ്: ഹരിയാണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ്. പ്രചാരണ പരിപാടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചായിരുന്നു തോഷാം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അനിരുദ്ധ് ചൗധരിക്കാണ് താരം പിന്തുണ നൽകിയത്.
കൂടാതെ ചൗധരിയുടെ പ്രചാരണ റാലികൾ വിരേന്ദർ സെവാഗ് തന്റെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. അനിരുദ്ധ് വോട്ട് അഭ്യർഥിക്കുന്നത് വീഡിയോയിൽ കാണാം. തനിക്കും ജനങ്ങൾക്കുമിടയിൽ മൂന്നാമതൊരാളില്ലെന്ന് ചൗധരി വീഡിയോയിൽ പറയുന്നുണ്ട്. 'ഞാൻ എന്തെങ്കിലും ചെയ്താൽ അത് നിങ്ങളുടെ സ്നേഹംകൊണ്ടാണ് ചെയ്യുന്നത്. നിങ്ങളുടെ സഹകരണം കാരണം ഞാനത് ചെയ്യും', വീഡിയോയിൽ ചൗധരി പറയുന്നു.
ബി.സി.സി.ഐ മുൻ ട്രഷററും ഹരിയാണ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമാണ് അനിരുദ്ധ് ചൗധരി. അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജരും 2007 ടി-20 ലോകകപ്പ് ടീമിന്റെ മാനേജരുമായിരുന്നു അദ്ദേഹം. ഈ കാലയളവിൽ ഇന്ത്യൻ ടീമിലെ പ്രധാന ഭാഗമായിരുന്ന സെവാഗുമായി അടുത്ത ബന്ധമുണ്ട് അദ്ദേഹത്തിന്. അനിരുദ്ധ് ചൗധരിയുടെ പിതാവ് രൺബീർ സിങ് മഹേന്ദ്ര മുൻ ബി.സി.സി.ഐ പ്രസിഡന്റായിരുന്നു. ഹരിയാണയിൽ നിന്നുള്ള എം.എൽ.എയുമായിരുന്നു രൺബീർ സിങ് മഹേന്ദ്ര.
ശ്രുതി ചൗധരിയാണ് അനിരുദ്ധ് ചൗധരിക്കെതിരെ ബിജെപി കളത്തിലിക്കുന്നത്. രാജ്യസഭാ എംപി കൂടിയായ കിരൺ ചൗധരിയുടെ മകളാണ് ശ്രുതി. കോൺഗ്രസ് പാർട്ടിയുടെ അംഗങ്ങളായിരുന്ന ഇരുവരും അടുത്തിടെയാണ് പാർട്ടി മാറി ബിജെപി യിലെത്തിയത്. ഒക്‌ടോബർ അഞ്ചിനാണ് ഹരിയാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഒക്‌ടോബർ എട്ടിന് നടക്കും.