ന്യൂഡൽഹി: യുവാക്കളെ ലക്ഷ്യമിട്ട് കോൺഗ്രസ് 'ഹാത് സേ ഹാത് ജോഡോ അഭിയാൻ' പ്രചാരണ യാത്രക്കൊരുങ്ങുന്നു. ഇതിന്റെ ക്യാമ്പെയിൻ ലോഗോ ഡൽഹിയിൽ പുറത്തിറക്കി. ജനുവരി 26 മുതൽ രണ്ട് മാസം നീണ്ടു നിൽക്കുന്ന ബഹുജന പ്രചാരണ യാത്രക്കാണ് കോൺഗ്രസ് തുടക്കമിടുന്നത്.

ബിജെപിക്കെതിരായ എട്ട് പേജുള്ള കുറ്റപത്രവും പാർട്ടി പുറത്തിറക്കി. ഇവ ഓരോ വീടുകളിലും വിതരണം ചെയ്യും. ഭാരത് ജോഡോ യാത്ര ഒരു പ്രത്യയശാസ്ത്ര നീക്കമായിരുന്നെങ്കിൽ, മോദി സർക്കാരിന്റെ പരാജയങ്ങൾ ഉയർത്തിക്കാട്ടാനും ജോഡോ യാത്രയുടെ സന്ദേശം മുഴുവൻ ഇന്ത്യക്കാരിലും എത്തിക്കാനും വീടുതോറുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് 'ഹാത് സേ ഹാത് ജോഡോ' കാമ്പയിൻ എന്നും ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ആദ്യഘട്ടത്തിൽ പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളിലും രണ്ടാം ഘട്ടത്തിൽ ജില്ലാതലത്തിലും മൂന്നാം ഘട്ടത്തിൽ സംസ്ഥാനതലത്തിലുമാകും കാമ്പയിൻ സംഘടിപ്പിക്കുക. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര കാമ്പയിന് തുടക്കം കുറിക്കും.

മോദി സർക്കാരിന്റെ പരാജയം ലക്ഷ്യമിടുന്ന 'ഹാത് സേ ഹാത് ജോഡോ' കാമ്പെയ്ൻ കർശനമായ ഒരു രാഷ്ട്രീയ പ്രചാരണമാണ്. 'ഹാത് സേ ഹാത് ജോഡോ'ക്ക് രണ്ടാം ഘട്ടമോ മൂന്നാം ഘട്ടമോ ഉണ്ടായേക്കാം, എന്നാൽ ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം ബിജെപിക്കെതിരായ കുറ്റപത്രവും രാഹുൽ ഗാന്ധിയുടെ കത്തും വീടുതോറും വിതരണം ചെയ്യുക എന്നതാണ് -ജയറാം രമേശ് പറഞ്ഞു.ഭാരത് ജോഡോ യാത്ര അതിന്റെ അവസാന ഘട്ടത്തിലാണ്. ജനുവരി 29-നകം കശ്മീരിൽ പദയാത്ര പൂർത്തിയാക്കും. ജനുവരി 30നാണ് സമാപനം.

യുവാക്കളെ ലക്ഷ്യമിട്ടാണ് യാത്രയെന്ന് എഐസിസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. രാജ്യത്ത് യുവത നേരിടുന്ന പ്രതിസന്ധികൾക്കാണ് പ്രധാനമായും ഊന്നൽ നൽകുകയെന്ന് മുതിർന്ന നേതാവ് ജയറാം രമേശും കൂട്ടിചേർത്തു