ഷിംല: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിന് പിന്നാലെ ഹിമാചൽ പ്രദേശിലും യൂണിഫോം സിവിൽ കോഡ് പ്രചരണ ആയുധമാക്കി ബിജെപി. ഹിമാചൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിലാണ് യൂണിഫോം സിവിൽ കോഡ് നടപ്പാക്കും എന്ന വാഗ്ദാനം ബിജെപി നൽകിയിരിക്കുന്നത്. യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ സമിതിയെ നിയോഗിക്കും. സിവിൽ കോഡ് ഉൾപ്പെടെ പതിനൊന്ന് വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

സർക്കാർ മേഖലയിലടക്കം എട്ടു ലക്ഷം തൊഴിൽ, മലയോര സംസ്ഥാനമായ ഹിമാചലിൽ എല്ലാ ഗ്രാമങ്ങളേയും ബന്ധിപ്പിക്കുന്നതിന് കാലവസ്ഥയ്ക്ക് അനുയോജ്യമായ റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം. ഒമ്പത് ലക്ഷത്തോളം കർഷകർക്ക് ആനുകൂല്യം ലഭ്യമാക്കുന്ന പദ്ധതി, ആത്മീയ ടൂറിസം മേഖല വികസിപ്പിക്കൽ, അഞ്ച് പുതിയ മെഡിക്കൽ കോളേജുകൾ, മൊബൈൽ ക്ലിനിക് വാഹനങ്ങൾ ഇരട്ടിപ്പിക്കൽ, യുവാക്കൾക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനായി 900 കോടി തുടങ്ങിയ വാഗ്ദാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഷിംലയിൽ നടന്ന ചടങ്ങിലാണ് പത്രിക പുറത്തിറക്കിയത്. മുഖ്യമന്ത്രി ജയറാം താക്കൂറും കേന്ദ്ര നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഗുജറാത്തിലും പ്രകടനപത്രികയിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനം മുന്നോട്ട് വച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും സംയുക്തമായുള്ള പ്രവർത്തനം എന്നാണ് ചടങ്ങിൽ ഉടനീളം നദ്ദ ആവർത്തിച്ചത്. ഡബിൾ എഞ്ചിൻ സർക്കാർ എന്ന പ്രചാരണം കൂടുതൽ ശക്തമാക്കുകയാണ് ബിജെപി. ഉദ്യോഗാർത്ഥികളുടയും കർഷകരുടെയും ക്ഷേമമാണ് ലക്ഷ്യമെന്ന് പത്രിക പുറത്തിറക്കിക്കൊണ്ട് നദ്ദ പറഞ്ഞു. 8 ലക്ഷം പേർക്ക് ജോലി, എല്ലാ ഗ്രാമങ്ങളിലും റോഡ് നിർമ്മിക്കാൻ 5000 കോടി ചിലവഴിക്കും. തീർത്ഥാടന ടൂറിസം വികസനത്തിന് 12000 കോടി രൂപ ചിലവഴിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.

വിലയിടിവും ഉത്പാദനച്ചെലവ് കുത്തനെ കൂടിയതും പാക്കിങ് വസ്തുക്കളുടെ ജിഎസ്ടി കൂടിയതു മടക്കമുള്ള പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയുള്ള ആപ്പിൾ കർഷകരുടെ പ്രതിഷേധം സംസ്ഥാനത്ത് വലിയ ചർച്ചയാണ്. ഈ സാഹചര്യത്തിൽ പാക്കിങ് വസ്തുക്കളുടെ ജിഎസ്ടി 12 ശതമാനമാക്കും, അധിക ജിഎസ്ടി സംസ്ഥാന സർക്കാർ വഹിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

അഞ്ച് പുതിയ മെഡിക്കൽ കോളേജുകൾ പണിയും. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലെ പോരായ്മകൾ നീക്കും. എല്ലാ മണ്ഡലങ്ങളിലും മൊബൈൽ ക്ലിനിക്ക് വാനുകൾ, സ്റ്റാർട്ടപ്പുകൾക്ക് 900 കോടി, വഖഫ് അഴിമതി അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷൻ, 6 മുതൽ 12 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് സൈക്കിൾ, കോളേജ് വിദ്യാർത്ഥികൾക്ക് സ്‌കൂട്ടർ , വനിതകൾക്ക് സർക്കാർ തസ്തികകളിൽ 33 ശതമാനം സംവരണം എന്നിങ്ങനെ പത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ.

ശക്തി പദ്ധതിയുടെ കീഴിൽ മതപരമായ ഇടങ്ങൾക്കും ക്ഷേത്രങ്ങൾക്കും ചുറ്റും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 12,000 കോടി രൂപ ചെലവഴിക്കും. 10 വർഷത്തിനുള്ളിൽ ശക്തി പദ്ധതി പൂർത്തിയാക്കും. ആപ്പിൾ പാക്ക് ചെയ്യുന്നതിനായി കർഷകർ ഉപയോഗിക്കുന്ന വസ്തുക്കളുടെ അധിക ജിഎസ്ടി ഇനി മുതൽ സംസ്ഥാന സർക്കാർ വഹിക്കും.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് പുതിയ മെഡിക്കൽ കോളേജുകൾ ഹിമാചലിൽ പ്രവർത്തനമാരംഭിക്കും. ആരോഗ്യപരിചരണം ഓരോ ജനങ്ങളുടെയും വീട്ടുപടിക്കൽ എത്തിക്കാൻ മൊബൈൽ ക്ലിനിക്ക് വാനുകളുടെ ലഭ്യത ഇരട്ടിയാക്കും. ഇത്തരം വാനുകളിൽ പതിവ് ആരോഗ്യ പരിശോധനയ്ക്കായി സൗകര്യം ഒരുക്കും. യുവാക്കളുടെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'സ്റ്റാർട്ടപ്പ് യോജന' സർക്കാർ അവതരിപ്പിക്കും. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് നൽകുന്ന ധനസഹായം വർധിപ്പിക്കുമെന്നും നദ്ദ അറിയിച്ചു.

ഒരു സർവേ നടത്തിയതിന് ശേഷം നിയമപ്രകാരമുള്ള ജുഡീഷ്യൽ കമ്മീഷന്റെ കീഴിൽ വഖഫ് സ്വത്തുക്കളുടെ ഉപയോഗത്തിൽ വിശദമായ അന്വേഷണം നടത്തും. വഖഫ് സ്വത്തുക്കളുടെ അനധികൃത ഉപയോഗം തടയാൻ സർക്കാർ പ്രവർത്തിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിലെ അപാകതകൾ നീക്കം ചെയ്യുമെന്നും നദ്ദ കൂട്ടിച്ചേർത്തു. 11 വാഗ്ദാനങ്ങളടങ്ങിയ പ്രകടന പത്രികയെ 'സങ്കൽപ് പത്ര' എന്നാണ് നദ്ദ വിശേഷിപ്പിച്ചത്. സമൂഹത്തിന് ഏകീകൃത സ്വഭാവം കൈവരിക്കുന്നതിന് 'സങ്കൽപ് പത്ര' സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെയും കർഷകരെയും ശാക്തീകരിക്കുക, ഹോർട്ടികൾച്ചർ ശക്തിപ്പെടുത്തുക, സർക്കാർ ജീവനക്കാർക്ക് നീതി ലഭ്യമാക്കുക, റിലീജിയസ് ടൂറിസം മുന്നോട്ട് കൊണ്ടുപോകുക എന്നീ കാര്യങ്ങൾ നിറവേറ്റാനും ഈ സങ്കൽപ് പത്ര നിർണായക പങ്കുവഹിക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കിയ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജനങ്ങളോട് പറഞ്ഞു.

ബിജെപി ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഭരണ വിരുദ്ധ വികാരം ശക്തമാണ്. വിമതരുടെ അടക്കം വെല്ലുവിളി ബിജെപി നേരിടുന്നുണ്ട്. ഇതിന് പുറമെ വലിയ വാഗ്ദാനങ്ങളുമായി കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. കോൺഗ്രസിന്റെ പ്രകടനപത്രികയിൽ സർക്കാർ ജീവനക്കാർക്കും കർഷകർക്കും വലിയ പരിഗണന നൽകുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ കൂടിയാണ് തൊട്ടടുത്ത ദിവസം തന്നെ ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ആറ് ദിവസം മാത്രമാണ് ഇനി തെരഞ്ഞെടുപ്പിനുള്ളത്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.