- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരത്തനായ അഭിഷേക് സിങ്വിയെ തോൽപ്പിക്കാൻ നേരത്തെ തന്നെ കരുനീക്കം; അച്ഛനെ അവഹേളിക്കുന്നതിൽ അസ്വസ്ഥനായ വിക്രമാദിത്യ സിംഗിന്റെ നേതൃത്വത്തിൽ വിമതപ്പട; സോണിയയെ ഹിമാചലിൽ മത്സരിപ്പിക്കാതെ അപകടം മണത്ത കോൺഗ്രസ് ഹൈക്കമാൻഡ് സിങ്വിയെ ബലികൊടുത്തു
ന്യൂഡൽഹി: മൂന്നിൽ ഒന്ന് നഷ്ടമാകുമെന്ന നൂൽപാലത്തിലൂടെയാണ് ഇപ്പോൾ കോൺഗ്രസിന്റെ സഞ്ചാരം. അതായത് കർണാടകയ്ക്കും തെലങ്കാനയ്ക്കും പുറമേ കയ്യിലുള്ള ഹിമാചൽ പ്രദേശ് കൂടി കയ്യിൽ നിന്ന് പോകുന്ന അവസ്ഥ. ഒഴിവുള്ള ഏക രാജ്യസഭാ സീറ്റിൽ, പുറത്ത് നിന്നുള്ള അഭിഷേക് സിങ്വിയെ സ്ഥാനാർത്ഥിയാക്കിയതോടെ തന്നെ പാർട്ടിയിൽ മുറുമുറുപ്പുകൾ ഉയർന്നിരുന്നു. കാര്യങ്ങൾ മണത്തറിഞ്ഞ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയതോടെ, മത്സരമായി. സിങ്വി തോറ്റു. ബിജെപി സ്ഥാനാർത്ഥിയായ ഹർഷ് മഹാജൻ ജയിച്ചു. അതും തുല്യനില വന്നപ്പോൾ നറുക്കെടുപ്പിലൂടെ.
സിങ്വിയെ നിർത്താനുള്ള ഹൈക്കമാൻഡ് തീരുമാനത്തിലെ അതൃപ്തിയാണ് ക്രോസ് വോട്ടിങ്ങിലേക്കും, സർക്കാരിന്റെ തന്റെ പതനത്തിലേക്ക് നയിക്കും വിധമുള്ള പ്രതിസന്ധിയിലേക്കും നയിച്ചത്. ഹർഷ് മഹാജൻ മുൻ കോൺഗ്രസ് നേതാവാണ്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപിയിൽ ചേർന്നത്. അന്ന് ഹിമാചൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്റായിരുന്നു. മുൻ മന്ത്രിയും, മൂന്നുതവണ എംഎൽഎയുമായ നേതാവ്. ഹിമാചൽ പ്രദേശ് നിയമസഭാ സ്പീക്കറും, മുൻ മന്ത്രിയുമായ ദേശ് രാജ് മഹാജന്റെ മകൻ.
കോൺഗ്രസിൽ പുറമേ നിന്നൊരാളെ രാജ്യസഭാ സീറ്റിലേക്ക് നിർത്തുന്നതിന് സംസ്ഥാന നേതൃത്വം എതിരായിരുന്നു. ഇക്കാര്യത്തിൽ ഹൈക്കമാൻഡിന് കണക്കുകൂട്ടൽ തെറ്റുകയും, സിങ്വ്വിയെ അടിച്ചേൽപ്പിക്കുകയും അതിന് വില കൊടുക്കേണ്ടി വരികയും ചെയ്തു. അവിടെയാണ് ബിജെപി അവസരം മണത്തത്. കോൺഗ്രസ് തീരെ പ്രതീക്ഷിക്കാത്ത ഫലം വരികയും ചെയ്തു. ആറ് കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിക്ക് വോട്ട് ചെയ്തത്. ഒരു പക്ഷേ സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തി മനസ്സിലാക്കിയാവണം, സോണിയയെ ഹിമാചലിൽ നിന്ന് മത്സരിപ്പിക്കാതെ രാജസ്ഥാനിൽ നിന്ന് രാജ്യസഭാംഗമാക്കിയതെന്നും കരുതേണ്ടി വരും.
നേരത്തെ ഹിമാചൽ കോൺഗ്രസ് സോണിയ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സോണിയയും പുറത്തു നിന്നുള്ള ആളാണെങ്കിലും, മുൻ പാർട്ടി അദ്ധ്യക്ഷ എന്ന നിലയിൽ എതിർപ്പുണ്ടാവില്ലായിരുന്നു. എന്നാൽ, ആ റിസ്‌ക് എടുക്കാൻ ഹൈക്കമ്മാൻഡ് തയ്യാറായില്ല.
മുതിർന്ന എംപിയും മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ ഭാര്യയുമായ പ്രതിഭാ സിംഗിനെ തള്ളിയാണ് കേന്ദ്ര നേതൃത്വം സുഖുവിനെ മുഖ്യമന്ത്രിയാക്കിയത്. പ്രതിഭയുടെ മകൻ വിക്രമാദിത്യ സിങ് അയോദ്ധ്യ വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെതിരെ രംഗത്തു വന്നിരുന്നു. ഇപ്പോൾ, ഈ പ്രതിസന്ധിഘട്ടത്തിൽ, മന്ത്രിസ്ഥാനം രാജിവച്ചിരിക്കുകയാണ് വിക്രമാദിത്യ സിങ്. വിക്രമാദിത്യ സിങ്ങാണ് കഴിഞ്ഞ ദിവസം വിമത നീക്കത്തിന് നേതൃത്വം നൽകിയതെന്നാണ് വിവരം. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു കോൺഗ്രസ് എംഎൽഎമാരെ അവഗണിക്കുകയാണെന്നും തന്റെ പിതാവിനെ അവഹേളിക്കുകയാണെന്നും വിക്രമാദിത്യ ആരോപിച്ചു. പാർട്ടി വിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും തന്നോടൊപ്പമുള്ളവരോട് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നാണ് വിമതരടക്കം ഇരുപതോളം കോൺഗ്രസ് എംഎൽഎമാരുടെ ആവശ്യം. പ്രതിസന്ധി പരിഹരിക്കാൻ മുതിർന്ന നേതാക്കളായ ഡി.കെ.ശിവകുമാറിനെയും ഭുപീന്ദർ സിങ് ഹൂഡയെയും കോൺഗ്രസ് ദേശീയ നേതൃത്വം നിയോഗിച്ചു. ഇരുവരും ഷിംലയിലെത്തും. 68 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരുടെ പിന്തുണയാണുള്ളത്.
അതേസമയം, ബിജെപി എംഎൽഎമാർ ഗവർണറെ കണ്ടു. സുഖു സർക്കാരിന് ഭൂരിപക്ഷം നഷ്ടമായതായി പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂർ അവകാശപ്പെട്ടു. നിയമസഭയിൽ ബജറ്റിന്മേൽ വോട്ടെടുപ്പ് വേണമെന്നാണ് ബിജെപി ആവശ്യം. വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ കോൺഗ്രസ് സർക്കാരിന് രാജിവയ്‌ക്കേണ്ടി വരും. പ്രതിപക്ഷ നേതാവ് ഗവർണറെ കണ്ടതിനു പിന്നാലെ 14 ബിജെപി എംഎൽഎമാരെ സ്പീക്കർ സ്സപെൻഡ് ചെയ്തു. വോട്ടെടുപ്പ് നടന്നാൽ ശേഷിക്കുന്ന 11 ബിജെപി എംഎൽഎമാർക്കു മാത്രമേ പങ്കെടുക്കാൻ കഴിയു.
അതേസമയം, മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു രാജിവച്ചതായും വാർത്തകൾ പരന്നു. രാജി സന്നദ്ധത കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചതായാണ് സൂചന. രാജി വാർത്ത തള്ളിയ സുഖു താൻ ഒരു പോരാളിയാണെന്നും പോരാട്ടം തുടരുമെന്നും അറിയിച്ചു.
മുഖ്യമന്ത്രി സുഖു രാജി സമർപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂറാണ് അറിയിച്ചത്. രാജി റിപ്പോർട്ടുകൾ എഐസിസിയും തള്ളി.
മറുനാടന് മലയാളി ബ്യൂറോ