മുംബൈ: മഹരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ രണ്ടാം വട്ടം അധികാരമേറ്റ് ഒരുദിവസം പിന്നിട്ടപ്പോഴേക്കും തീരുമാനം വന്നു. അജിത് പവാറും കുടുംബവും ബെനാമി സ്വത്തുക്കള്‍ കൈവശം വച്ചുവെന്ന കുറ്റാരോപണം ബെനാമി പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷന്‍സ് അപ്പല്ലേറ്റ് ട്രിബ്യൂണല്‍

തള്ളിക്കളഞ്ഞു. ഇതോടെ, 2021 ല്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത 1000 കോടിയിലേറെ വരുന്ന സ്വത്തുക്കള്‍ അജിത് പവാറിനും കുടുംബത്തിനും വിട്ടുകൊടുത്തു.

2021 ഒക്ടോബര്‍ 7 നാണ് എന്‍സിപി നേതാവുമായും കുടുംബവുമായും ബന്ധപ്പെട്ട നിരവധി കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. അജിത് പവാര്‍ ബെനാമി സ്വത്തുക്കള്‍ കൈവശം വയ്ക്കുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സത്താറയിലെ പഞ്ചസാര ഫാക്ടറി, ഡല്‍ഹിയിലെ ഫ്‌ളാറ്റ്, ഗോവയിലെ റിസോര്‍ട്ട് എന്നിവയടക്കം നിരവധി സ്വത്തുക്കള്‍ കണ്ടുകെട്ടി.

എന്നാല്‍, കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ സ്വത്തുക്കള്‍ ഒന്നും ഔദ്യോഗികമായി അജിത് പവാറിന്റെ പേരിലല്ല രജിസ്റ്റര്‍ ചെയ്തതെന്ന് തെളിഞ്ഞു. ഇതോടെ, മതിയായ തെളിവില്ലെന്ന് കാട്ടി ബെനാമി പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷന്‍സ് അപ്പല്ലേറ്റ് ട്രിബ്യൂണല്‍ കുറ്റാരോപണം തള്ളി. നിയമസാധുതയുള്ള ധനസ്രോതസുകളില്‍ നിന്നുള്ള പണം ഉപയോഗിച്ചാണ് സ്വത്തുക്കള്‍ വാങ്ങിയിരിക്കുന്നതെന്നും ബെനാമി സ്വത്തുക്കളും പവാര്‍ കുടുംബവുമായി എന്തെങ്കിലും ബന്ധം സ്ഥാപിക്കാന്‍ ഐടി വകുപ്പിന് കഴിഞ്ഞില്ലെന്നും ട്രിബ്യൂണല്‍ വിലയിരുത്തി.

' അജിത് പവാറോ, കുടുംബമോ ബെനാമി സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ തുക കൈമാറിയതിന് തെളിവില്ല', ട്രിബ്യൂണല്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ക്ക് നിയമപരമായ സാധുത ഇല്ലായിരുന്നുവെന്നും പവാര്‍ കുടുംബം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അഭിഭാഷകനായ അഡ്വ. പ്രശാന്ത് പാട്ടീല്‍ പ്രതികരിച്ചു. ഈ സ്വത്തുക്കള്‍ വാങ്ങാന്‍ ബാങ്കുകള്‍ അടക്കം നിയമവിധേയമായ മാര്‍ഗ്ഗങ്ങളാണ് ഉപയോഗിച്ചതെന്നും പാട്ടീല്‍ അവകാശപ്പെട്ടു.

' എന്നാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്? ഏകദേശം ഒന്നര വര്‍ഷം മുമ്പായിരുന്നു. ആരോപണങ്ങളെ എല്ലായ്‌പ്പോഴും അന്ധമായി ശരിവയ്‌ക്കേണ്ട കാര്യമില്ല. അപ്പീല്‍ കൊടുക്കാനുളള അവകാശം എല്ലാവര്‍ക്കും ഉണ്ട്്', അജിത് പവാര്‍ പ്രതികരിച്ചു. നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജരന്ധേശ്വര്‍ പഞ്ചസാര മില്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഈ കേസിലും അജിത് പവാറിന് ട്രിബ്യൂണല്‍ ക്ലീന്‍ ചിറ്റ് നല്‍കി.

റെയ്ഡുകള്‍ നടന്ന സമയത്ത് അജിത് പവാര്‍ അവിഭക്ത എന്‍സിപിയുടെ ഭാഗവും മഹാവികാസ് അഗാഡ് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. 2022 ലാണ് സര്‍ക്കാര്‍ താഴെ വീണത്. പിന്നീട് ബിജെപിക്ക് കൈകൊടുത്ത അദ്ദേഹം മഹായുതി സര്‍ക്കാരിന്റെ ഭാഗമായി.