- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ മേഖലയിലും ഇനി 'ഇന്ത്യാ സഖ്യം'; കോൺഗ്രസിൽ കേരളം ലീഡിങ്
ന്യൂഡൽഹി: കോൺഗ്രസിനെ അഭിനന്ദിക്കാൻ ഒടുവിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും. ഇതോടെ ദേശീയ രാഷ്ട്രീയത്തിലെ നിർണ്ണായ ശക്തിയായി കോൺഗ്രസ് മാറുകായണ്. മത്സരിച്ച രണ്ടിടത്തും വൻ വിജയം നേടി രാഹുൽ ഗാന്ധി പ്രതിപക്ഷത്തെ കരുത്തായും മാറും. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാലും അതിശക്തമായ പ്രതിപക്ഷമായി ഇനി കോൺഗ്രസുണ്ടാകും. പ്രാദേശിക കക്ഷികളായ എസ് പിയും തൃണമൂൽ കോൺഗ്രസും ഡിഎംകെയും കരുത്തു കാട്ടിയതും ഇന്ത്യാ മുന്നണിക്ക് ശക്തിപകരും. ഈ പാർട്ടികളൊന്നും ഒരിക്കലും എൻഡിഎ പക്ഷത്തേക്ക് കൂറുമാറില്ലെന്നതാണ് കോൺഗ്രസിന് ഏറ്റവും വലിയ ആശ്വാസം.
ഇന്ത്യാ സഖ്യവും മന്ത്രിസഭാ രൂപീകരണ സാധ്യതകളാരായുന്നുണ്ട്. ചന്ദ്രബാബു നായിഡുവും നിതീഷ്‌കുമാറുമായി ഇന്ത്യാസഖ്യത്തിന്റെ മുതിർന്ന നേതാവ് ശരദ് പവാർ ചർച്ചകൾ നടത്തിയത് കൗതുകമുണർത്തിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇന്ത്യാസഖ്യം യോഗം ചേരും. ഇന്ത്യാ സഖ്യത്തിന്റെ നേതാവിനെ കണ്ടെത്തുകയും ചെയ്തു. അഞ്ചുതവണ ജയിച്ച ബംഗാളിലെ ബഹാരംപുരിൽ കോൺഗ്രസിന്റെ ലോക്‌സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, തൃണമൂൽ സ്ഥാനാർത്ഥി ക്രിക്കറ്റ് താരം യൂസഫ് പഠാനോടു തോറ്റത് പാർട്ടിക്കു ക്ഷീണമായി. തൃണമൂൽ കോൺഗ്രസിന്റെ പ്രധാന ശത്രുവായിരുന്നു അധീർ രഞ്ജൻ ചൗധരി. ഈ തോൽവിയും കോൺഗ്രസിനേയും മമതയേയും കൂടുതൽ അടുപ്പിക്കും.
മണിപ്പുരിലെ 2 സീറ്റും നേടാനായത് കോൺഗ്രസിന് ആശ്വാസമാണ്. എന്നാൽ, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ ഒരു സീറ്റു പോലും നേടാനായില്ല. 99 സീറ്റ് നേടിയ കോൺഗ്രസിന് ഏറ്റവും വലിയ സംഭാവന കേരളത്തിൽനിന്നു തന്നെ: 14 എംപിമാർ. 2019 ലും കേരള എംപിമാരായിരുന്നു കോൺഗ്രസിൽ കൂടുതൽ: 15. വയനാട് നിന്ന് രാഹുൽ ഗാന്ധി രാജിവയ്ക്കും ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ കേരളത്തിന് പ്രസക്തി കൂടും. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും കരുത്ത് കൂടും. നിർണ്ണായക ചുമതലകളിലേക്ക് രമേശ് ചെന്നിത്തല എത്താനും സാധ്യതയുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യ മുന്നണിയുടെ വോട്ട് ശതമാനത്തിൽ വർധനയുണ്ട്. പടിഞ്ഞാറൻ മേഖലയിലാണ് വലിയ കുതിപ്പ്-വോട്ട് വിഹിതത്തിൽ 16.8 % വർധന. കിഴക്കൻ മേഖലിയാണ് കുറഞ്ഞ വർധന-2.4 ശതമാനം. പടിഞ്ഞാറൻ മേഖലയിൽ എൻ.ഡി.എയുടെ വോട്ടിൽ 12.7 ശതമാനം ഇടിവുണ്ടായി. ദക്ഷിണ മേഖലയിൽ വോട്ട് വിഹിതത്തിൽ 8.9 ശതമാനം വർധന. അതേ സമയം, പടിഞ്ഞാറൻ മേഖലയിലും ഹിന്ദി ഹൃദയഭൂമിയിലും സീറ്റകളുടെ എണ്ണത്തിൽ എൻ.ഡി.എയാണു മുന്നിൽ. ദക്ഷിണേന്ത്യയി മുന്നിൽ ഇന്ത്യ സഖ്യവും.
ഹിന്ദി ഹൃദയഭൂമിയിൽ ഇന്ത്യ സഖ്യം 72 സീറ്റിലും എൻ.ഡി.എ. 152 സീറ്റിലും മുന്നിലാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ മേഖലയിൽ ഇന്ത്യൻ സഖ്യത്തിന് 59 സീറ്റുകൾ കൂടുതലായി ലഭിച്ചു. എൻ.ഡി.എയ്ക്ക് 28 സീറ്റുകളും മറ്റ് പാർട്ടികൾക്ക് 31 സീറ്റുകളും നഷ്ടപ്പെട്ടു.
ഉത്തരേന്ത്യയിലെ ഹിന്ദി ഇതര ഭാഗങ്ങളിൽ 13 എണ്ണത്തിലും ഇന്ത്യൻ സഖ്യവും രണ്ടെണ്ണത്തിൽ എൻ.ഡി.എയും മുന്നിലെത്തി. 2019 നെ അപേക്ഷിച്ച് ഈ മേഖലയിൽ ഇന്ത്യ സഖ്യത്തിന് ഒരു സീറ്റ് കൂടുതലായി ലഭിച്ചു. എൻ.ഡി.എയ്ക്ക് നാലു സീറ്റും മറ്റ് പാർട്ടികൾക്ക് 3 സീറ്റും നഷ്ടപ്പെട്ടു.
ദക്ഷിണേന്ത്യയിലെ 132 സീറ്റുകളിൽ 77-ലും ഇന്ത്യൻ സഖ്യം മുന്നിലെത്തി. എൻ.ഡി.എ. സഖ്യം 50 സീറ്റിൽ മുന്നിൽ. 2019 ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, ഈ മേഖലയിൽ ഇന്ത്യ സഖ്യവും എൻ.ഡി.എയും 17 സീറ്റുകൾ നേടി. മറ്റു പാർട്ടികൾക്ക് 34 സീറ്റുകൾ നഷ്ടപ്പെട്ടു. കിഴക്കൻ മേഖലയിൽ ഇന്ത്യ സഖ്യത്തിന് ഒരു സീറ്റ് നഷ്ടമായി. എൻ.ഡി.എ. നാലു സീറ്റ് കൂടുതലായി നേടിയപ്പോൾ മറ്റു പാർട്ടികൾക്ക് മൂന്നു സീറ്റ് നഷ്ടമായി. വടക്കുകിഴക്കൻ മേഖലയിലെ 24 സീറ്റുകളിൽ 8 എണ്ണത്തിൽ ഇന്ത്യൻ സഖ്യം മുന്നിൽ. എൻ.ഡി.എ. 14-ൽ മുന്നിലെത്തി. മേഖലയിൽ ഇന്ത്യ സഖ്യം നാലു സീറ്റുകൾ കൂടുതലായി നേടി. എൻ.ഡി.എയ്ക്ക് 3 സീറ്റുകൾ കുറഞ്ഞപ്പോൾ മറ്റ് പാർട്ടികൾക്ക് ഒരു സീറ്റും നഷ്ടമായി.
പശ്ചിമ മേഖലയിലെ 78 സീറ്റുകളിൽ 30 എണ്ണത്തിലും ഇന്ത്യ സഖ്യം മുന്നിലെത്തി. എൻ.ഡി.എ. 46 ൽ മുന്നിൽ. 2019-നെ അപേക്ഷിച്ച് ഇന്ത്യ സഖ്യത്തിന് 28 സീറ്റ് കൂടുതലായി ലഭിച്ചു. എൻ.ഡി.എയ്ക്ക് 27 സീറ്റും മറ്റു പാർട്ടികൾക്ക് ഒരു സീറ്റും കുറഞ്ഞു.