ന്യൂഡല്‍ഹി: പടിക്കല്‍ കൊണ്ട് കലമുടച്ചു. ഹരിയാനയില്‍ ജയിക്കാമായിരുന്ന മത്സരം തോറ്റതോടെ കോണ്‍ഗ്രസിനെതിരെ ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ എല്ലാം വാളെടുത്തിരിക്കുകയാണ്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം തങ്ങളുടെ മുഖപത്രമായ സാംമ്‌നയിലൂടെ വിമര്‍ശനം അഴിച്ചുവിട്ടു. ശിവസേന മാത്രമല്ല, എഎപി, സിപിഐ, തൃണമൂല്‍ നേതാക്കളും അമിത ആത്മവിശ്വാസം അരുതെന്ന ഉപദേശമാണ് നല്‍കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളോടുള്ള കോണ്‍ഗ്രസിന്റെ സമീപനത്തെയും അവര്‍ ചോദ്യം ചെയ്തു.

വിജയത്തെ പരാജയമാക്കുന്ന കല: ശിവസേന

അനുകൂല സാഹചര്യം ഉണ്ടായിട്ടും അത് മുതലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നാണ് ശിവസേനയുടെ വിമര്‍ശനം. ഹരിയാനയില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തെയും മഹാരാഷ്ട്രയിലെ ഇന്ത്യ സഖ്യ കക്ഷിയായ ശിവസേന ചോദ്യം ചെയ്തു. ഭൂപീന്ദര്‍ ഹൂഡ അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തെയും സാംമ്‌ന എടുത്തുകുടഞ്ഞു. അമിത ആത്മവിശ്വാസമാണ് കോണ്‍ഗ്രസിന് വിനയായത്.

' ഹരിയാന-ജമ്മു-കശ്മീര്‍ ഫലങ്ങള്‍ ബിജെപിക്കും കോണ്‍ഗ്രസിനും അദ്ഭുതകരമാണ്. ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ പാരജയകാരണം അമിത ആത്മവിശ്വാസമാണ്. ഹരിയാനയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ആരും ഉറപ്പിച്ച് പറഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന് ഉറപ്പായും ജയിക്കാവുന്ന സാഹചര്യമായിരുന്നു. എന്നാല്‍, വിജയത്തെ പരാജയമാക്കുന്ന കല കോണ്‍ഗ്രസില്‍ നിന്ന് പഠിക്കാം', സാംമ്‌ന എഴുതി.

'ഹരിയാനയില്‍ ബിജെപി വിരുദ്ധ വികാരമുണ്ടായിരുന്നു. ബിജെപി മന്ത്രിമാരെയും സ്ഥാനാര്‍ഥികളെയും ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. എന്നിട്ടും ഫലം കോണ്‍ഗ്രസിന് എതിരായി. അനുകൂല സാഹചര്യം ഉണ്ടായിട്ടും കോണ്‍ഗ്രസിന് അത് മുതലാക്കാനായില്ല. ഇത് എല്ലായ്‌പ്പോേഴും കോണ്‍ഗ്രസിന് സംഭവിക്കുന്നു': സാംമ്‌നയുടെ മുഖപ്രസംഗത്തില്‍ പറഞ്ഞു.

ഭൂപീന്ദര്‍ ഗൗഡയും കുമാരി ഷെല്‍ജയും തമ്മിലെ പോരും മോശം പ്രകടനത്തിന് കാരണമായി. ' ഹൂഡയും അദ്ദേഹത്തിന്റെ ആള്‍ക്കാരും ഷെല്‍ജയെ പരസ്യമായി അപമാനിച്ചു. ഹൈക്കമാന്‍ഡിന് അത് അവസാനിപ്പിക്കാനായില്ല. ഹരിയാനയില്‍ ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസിന്റെ സംഘടനാപരമായ ദൗര്‍ബല്യം കൊണ്ടാണ് ', ശിവസേന മുഖപത്രം കാരണങ്ങള്‍ നിരത്തി.

അമിത ആത്മവിശ്വാസം അരുത്: എഎപി

ഹരിയാനയില്‍ കോണ്‍ഗ്രസുമായി സഖ്യം കാംക്ഷിച്ചിരുന്ന എഎപിയും കോണ്‍ഗ്രസിന്റെ സമീപനത്തെ വിമര്‍ശിച്ചു. ' ഏറ്റവും വലിയ പാഠം തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് അമിത ആത്മവിശ്വാസം ഉണ്ടാകാന്‍ പാടില്ല എന്നതാണ്', അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ' ഒരു തിരഞ്ഞെടുപ്പും നിസ്സാരമായി എടുക്കരുത്. ഓരോ തിരഞ്ഞെടുപ്പും ഓരോ സീറ്റും കടുപ്പമേറിയതാണ്, അദ്ദേഹം ചൊവ്വാഴ്ച എഎപി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരോട് പറഞ്ഞു.

രാജാക്കന്മാരെ പോലെ പെരുമാറരുത്: സിപിഐ

ഹരിയാനയിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രത്തില്‍ സിപിഐയും അതൃപ്തി പ്രകടിപ്പിച്ചു. ' കോണ്‍ഗ്രസ് പാര്‍ട്ടി ആത്മപരിശോധന നടത്തണം. അവരുടെ തന്ത്രങ്ങളെ കുറിച്ച് വിമര്‍ശനാത്മകമായി വിലയിരുത്തണം', സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. ഇന്ത്യ സഖ്യ കക്ഷികള്‍ പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിക്കണമെന്നും സീറ്റ് പങ്കിടലില്‍ അടക്കം ഹരിയാനയില്‍ അതുസംഭവിച്ചില്ലെന്നും രാജ കുറ്റപ്പെടുത്തി.

' കോണ്‍ഗ്രസ് സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കണം. അവരുടെ ചില നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങി വരണം. അവര്‍ക്ക് രാജാക്കന്മാരെ പോലെയും വലിയ ജനകീയ നേതാക്കളെയും പോലെ പെരുമാറരുത്. യാഥാര്‍ഥ്യം മനസ്സിലാക്കണം. അങ്ങനെയാണ് ഹരിയാനയില്‍ അവര്‍ തോറ്റത്', സിപിഐ എം പി പി സന്തോഷ് കുമാര്‍ പ്രതികരിച്ചു.

പൊതുവെ കോണ്‍ഗ്രസിന്റെ വല്യേട്ടന്‍ മനോഭാവത്തില്‍ മാറ്റം വരണമെന്നാണ് ഇന്ത്യ സഖ്യ കക്ഷികള്‍ ആവശ്യപ്പെടുന്നത്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പുകളില്‍ സഖ്യകക്ഷികള്‍ തങ്ങളുടെ വിലപേശലും കൂട്ടിയേക്കാം. തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിടലിലും മറ്റും ചെറുകക്ഷികളോട് ധാര്‍ഷ്ട്യം കാട്ടുന്ന കോണ്‍ഗ്രസ് രീതിയെ തൃണമൂല്‍ എം പി സാകേത് ഗോഖലെയും വിമര്‍ശിച്ചു.