- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യാ മഹാസഖ്യത്തിന്റെ മൂന്നാം യോഗം ഇന്ന് മുംബൈയിൽ; 28 പാർട്ടികളിൽനിന്നായി 63 പേർ പങ്കെടുക്കും; സഖ്യത്തിന്റെ കൺവീനറെയും ഏകോപന സമിതി അടക്കം വിവിധ സമിതികളും തെരഞ്ഞെടുക്കും; സീറ്റ് വിഭജനം ചർച്ചകളിലേക്കും കടക്കാൻ മഹാസഖ്യം; ചാഞ്ചാട്ടമുണ്ടെങ്കിലും മുന്നണിയിലെ കാരണവരായി എല്ലാം നിയന്ത്രിക്കുന്നത് ശരദ് പവാർ
മുംബൈ: ദേശീയ തലത്തിലെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ മുന്നണിയുടെ മൂന്നാം യോഗത്തിന് ഇന്ന് തുടക്കമാകും. മുംബൈ നഗരത്തിലെ സാന്താക്രൂസിൽ നക്ഷത്ര ഹോട്ടലായ ഗ്രാൻഡ് ഹയാത്തിലാണ് യോഗം ചേരുന്നത്. സഖ്യത്തിന്റെ കൺവീനർ, ലോഗോ, ഏകോപന സമിതി അടക്കം വിവിധ സമിതികൾ, തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം തുടങ്ങിയവയാണ് പ്രധാന അജണ്ട.
28 പാർട്ടികളിൽനിന്നായി 63 പേർ പങ്കെടുക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉദ്ധവ് പക്ഷ ശിവസേന, എൻ.സി.പി, മഹാരാഷ്ട്ര കോൺഗ്രസ് പാർട്ടികളാണ് യോഗത്തിന് മേൽനോട്ടം വഹിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ നേതാക്കൾ എല്ലാവരും എത്തിച്ചേരും. തുടർന്ന് പ്രാഥമിക ചർച്ചകൾ. തുടർന്ന് ഉദ്ധവ് താക്കറെയുടെ അത്താഴ വിരുന്നാണ്. വെള്ളിയാഴ്ച രാവിലെ 11ന് യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ലോഗോ പ്രകാശനം ചെയ്യും. ഉച്ചക്ക് രണ്ടുവരെയാണ് യോഗം.
കോൺഗ്രസിൽനിന്ന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, എൻ.സി.പിയുടെ ശരദ് പവാർ, ശിവസേനയുടെ ഉദ്ധവ്, മകൻ ആദിത്യ, മുഖ്യമന്ത്രിമാരായ നിതീഷ് കുമാർ, മമത ബാനർജി, സ്റ്റാലിൻ, ഹേമന്ത് സോറൻ, അരവിന്ദ് കെജ്‌രിവാൾ എന്നിവരും സീതാറാം യെച്ചൂരി (സിപിഎം), ലാലുപ്രസാദ് യാദവ് (ആർ.ജെ.ഡി).
അഖിലേഷ് യാദവ് (സമാജ് വാദി), ഫാറൂഖ് അബ്ദുള്ള (നാഷനൽ കോൺഫറൻസ്), ഡി. രാജ, ബിനോയ് വിശ്വം (സിപിഐ), സാദിഖലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്) തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. പട്‌ന, ബംഗളൂരു യോഗങ്ങൾക്കുശേഷം നടക്കുന്ന ഇന്ത്യ യോഗത്തിൽ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ ഭാഗമാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. പ്രത്യയശാസ്ത്രം പലതാണെങ്കിലും ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കുക എന്ന പൊതു ലക്ഷ്യമാണ് ഇന്ത്യയിലെ സഖ്യകക്ഷികൾക്കെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
അതേസമയം ചാഞ്ചാട്ടമുണ്ടെങ്കിലും ശരദ് പവാറാണ് യോഗത്തിന്റെ താരം. അജിത് പവാറിന്റെ നേതൃത്വത്തിലെ വിമത നീക്കം നടന്നതിനു പിറകെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും കൂറുമാറുമോ എന്ന സംശയത്തിലായിരുന്നു ഉദ്ധവ് പക്ഷ ശിവസേന, കോൺഗ്രസ് അടക്കമുള്ള 'ഇന്ത്യ' സഖ്യത്തിലെ കക്ഷികൾ. നഗരത്തിൽ വ്യാഴാഴ്ച തുടങ്ങുന്ന മൂന്നാം ഇന്ത്യാ യോഗത്തിന് പവാർ എത്തുമോ എന്നും ഉറ്റുനോക്കപ്പെട്ടു.
എന്നാൽ, ഇന്ത്യാ യോഗത്തിന്റെ ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താൻ ചൊവ്വാഴ്ച സാന്താക്രൂസിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലെത്തിയ പവാർ ശിവസേന (യു.ടി.ബി) അധ്യക്ഷൻ ഉദ്ധവ് താക്കറെ, കോൺഗ്രസ് നേതാവ് അശോക് ചവാൻ എന്നിവർക്കൊപ്പം ബുധനാഴ്ച വാർത്തസമ്മേളനവും നടത്തി. എങ്കിലും പവാറിന്റെ ഉള്ളിലിരിപ്പ് എന്തെന്ന ആശയക്കുഴപ്പത്തിലാണ് പലരും. ഏക്‌നാഥ് ഷിൻഡെ പക്ഷ ശിവസേന-ബിജെപി സർക്കാറിൽ ഉപമുഖ്യമന്ത്രിയായ ശേഷം അജിത് പവാറും ശരദ് പവാറും രഹസ്യ കൂടിക്കാഴ്ചനടന്നത് സംശയമുണ്ടാക്കി.
പവാറിന് മന്ത്രിപദ വാഗ്ദാനവുമായി ബിജെപി കേന്ദ്രനേതൃത്വമാണ് അജിത്തിനെ പറഞ്ഞുവിട്ടതെന്ന് കോൺഗ്രസ് ആരോപിച്ചു. പിന്നാലെ പാർട്ടി പിളർന്നിട്ടില്ലെന്നും അജിത് പാർട്ടി നേതാവാണെന്നും പറഞ്ഞു. അത് വിവദമായതോടെ മാറ്റിപ്പറയുകയും ചെയ്തു. അജിത്തിനൊപ്പം പോയ ഛഗൻ ഭുജ്ബലും വെടിപൊട്ടിച്ചു. ബിജെപിയുമായി ചർച്ചക്ക് അജിത്, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ എന്നിവരെ ഡൽഹിക്ക് അയച്ചത് പവാറാണെന്നാണ് ഭുജ്ബലിന്റെ ആരോപണം.
എങ്ങും പോകില്ലെന്നും ചതിച്ചവരെ ജനം പാഠംപഠിപ്പിക്കുമെന്നും പവാർ പറഞ്ഞെങ്കിലും അദ്ദേഹത്തെ സംശയമുനയിലായാണ് കോൺഗ്രസ് ഇപ്പോഴും നിർത്തുന്നത്. എങ്കിലും വരും തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം രാഷ്ട്രീയ മാറ്റത്തിനുള്ള ബദലാകുമെന്ന ആത്മവിശ്വാസമാണ് യോഗത്തിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽ പവാർ പ്രകടിപ്പിച്ചത്.




