ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര ഇപ്പോൾ പഞ്ചാബിലാണ്. രാവിലെ ജലന്ധറിലെ ആദംപൂരിൽ നിന്ന് യാത്ര പുനരംരംഭിച്ചിരിക്കുന്നു. രാഹുൽ ഗാന്ധി ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്ന് ജനങ്ങളെ കാണുമ്പോൾ ഇതെല്ലാം വോട്ടായി മാറുമോ എന്നാണ് സംശയാലുക്കൾ ചോദിക്കുന്നത്. ഈ കൂടുന്ന ആളുകളെല്ലാം കോൺഗ്രസുകാരാണോ, അവരാരാണ്, ബിജെപിക്ക് ബദലായാണോ അവർ ഈ യാത്രയെ കാണുന്നത്, അടുത്ത സംസ്ഥാന-പാർലമെന്റ് തിരഞ്ഞടുപ്പുകളിൽ കോൺഗ്രസിന്റെ തലയിലെഴുത്ത് മാറുമോ, ന്യൂനപക്ഷങ്ങൾ എന്തു നിലപാട് സ്വീകരിക്കും? ഇങ്ങനെ ചോദ്യശരങ്ങൾക്ക് കുറവേയില്ല.

ആൾക്കൂട്ടം, ആളുകളുടെ മനസ്സിലിരുപ്പിന്റെ, പ്രതീക്ഷയുടെ സൂചനയാണെങ്കിൽ ഈ യാത്ര വിജയമാണ്. കാരണം പഴമക്കാരുടെ ഇടയിൽ അല്ലാതെ കോൺഗ്രസ് മനസിൽ പോലും ഇല്ലാത്ത പടിഞ്ഞാറൻ യുപിയിൽ പോലും ചെറുപ്പക്കാരെ യാത്ര ആകർഷിക്കുന്നു. കോൺഗ്രസിൽ നിന്ന് അകന്നുപോയ ജനതകളുള്ള പ്രദേശങ്ങളിൽ ഈ ആൾക്കൂട്ടം വോട്ടാകുമോ എന്ന് കണ്ടറിയുകയും വേണം.

യാത്രയെ കുറിച്ച് ശശി തരൂർ എംപി പറയുന്നത് ഇങ്ങനെ: ' ഭാരത് ജോഡോ യാത്ര വൻ വിജയമാണ്. എവിടെയെല്ലാം യാത്ര എത്തിയോ അവിടെയല്ലാം നാട്ടുകാരുടെ മനസിൽ യാത്ര എത്തി. വെറും കാരിക്കേച്ചറായി രാഹുലിനെ രാജ്യത്തെ ഭരണകക്ഷി ചിത്രീകരിച്ച് കൂട്ടിയെങ്കിലും, യഥാർത്ഥത്തിൽ രാഹുൽ അങ്ങനെയല്ല എന്ന് തെളിയിക്കാൻ കഴിഞ്ഞു. വ്യക്തിപരമായി രാഹുലിന് കിട്ടിയ സ്വീകരണം, അദ്ദേഹത്തിന്റെ പ്രതിച്ഛായയിൽ അദ്ഭുതകരമായ മാറ്റം വരുത്തി. ആ ജനപിന്തുണ വോട്ടായി മാറ്റുക എന്നതാണ് വലിയ വെല്ലുവിളി. പരമ്പരാഗതമായി കോൺഗ്രസിനോട് ചേർന്നുനിൽക്കുന്നവർ മുന്നോട്ടുവരികയും മാർച്ചിന് പിന്തുണ നൽകുകയും ചെയ്യുന്നത് വളരെ പ്രോത്സാഹനജനകമാണ്'.

കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട കപിൽ സിബലും സമാന കാര്യമാണ് പങ്കുവയ്ക്കുന്നത്. ഭാരത് ജോഡോ യാത്രയെ സിബൽ പ്രശംസിച്ചു. രാജ്യത്തെ ചിതറിപ്പോയ ജനവിഭാഗങ്ങളെ ഒരുമിപ്പിക്കാനും ഐക്യം രാജ്യത്തിന് എത്രത്തോളം പ്രധാനമാണെന്നു ചിന്തിപ്പിക്കാനും രാഹുൽഗാന്ധിക്കു കഴിഞ്ഞെന്നു കപിൽ സിബൽ പറഞ്ഞു. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്ര വിജയിച്ചുവെന്നാണു തോന്നുന്നതെന്നും കോൺഗ്രസുകാർ അല്ലാത്തവരുടെ പിന്തുണയും യാത്രയ്ക്കു ലഭിച്ചുവെന്നും കപിൽ സിബൽ പറഞ്ഞു. യാത്ര ഏറെ സുന്ദരമായ ആശയമായിരുന്നു. അതിനെ വെറും രാഷ്ട്രീയമായി കാണുന്നതു ശരിയല്ല. തികച്ചും വ്യത്യസ്തങ്ങളായ രണ്ട് ആശയഗതികളിൽ ഏതു വേണമെന്ന ചോദ്യമാണു യാത്ര മുന്നോട്ടു വയ്ക്കുന്നത്. ഒരറ്റത്ത് ഭാരതത്തെ ഐക്യപ്പെടുത്തുകയെന്ന സന്ദേശവും മറ്റേയറ്റത്ത് വേറൊരു കൂട്ടർ മുന്നോട്ടു വയ്ക്കുന്ന എല്ലാവർക്കുമറിയാവുന്ന ആശയവുമാണുള്ളത്. ശരിയായ സന്ദേശമുൾക്കൊള്ളാൻ ജനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

ഇന്ത്യ സാഹോദര്യത്തിനും ഐക്യത്തിനും ബഹുമാനത്തിനുമായി നിലകൊള്ളുന്നതിന്റെ തെളിവാണ് ഭാരത് ജോഡോ യാത്രയുടെ വിജയമെന്ന് രാഹുൽ ഗാന്ധി സ്വയം വിലയിരുത്തുന്നു. ബിജെപി രാജ്യത്ത് ഭയവും വിദ്വേഷവും പടർത്തുകയാണെന്നും ബിജെപിയും ആർ.എസ്.എസും മതവും ജാതിയും ഭാഷയും ഉപയോഗിച്ച് രാജ്യത്തെ വിഭജിക്കുകയാണെന്നും ആണ് രാഹുലിന്റെ മുഖ്യ ആരോപണം.

റസർവ്വ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ, മേധാപട്കർ, ബോളിവുഡ് താരങ്ങൾ, ബോക്‌സർ വിജേന്ദർ സിങ് അടക്കമുള്ള കായികതാരങ്ങൾ, രോഹിത് വെമൂലയുടെ അമ്മ രാധിക വെമൂല, ഇന്ത്യയെ പിടിച്ചു കുലുക്കിയ കർഷക സമര നേതാക്കൾ, മുൻ ആർമി ചീഫ് ദീപക് കപൂറും മറ്റ് ഉദ്യോഗസ്ഥരും എന്നിവരടക്കം യാത്രയുടെ ഭാഗമായതും നേട്ടമായി കോൺഗ്രസ് കാണുന്നു.

യാത്രയെ അവഗണിച്ച് മാധ്യമങ്ങൾ

ഭാരത് ജോഡോ യാത്രയുടെ വിശേഷങ്ങൾ കൂടുതലായി അറിയാൻ, യാത്രയുടെ വെബ്‌സൈറ്റിലോ, സോഷ്യൽ മീഡിയയിലോ പോകണം. പത്ര-ദൃശ്യമാധ്യമങ്ങൾ, പൊതുവെ വളരെ കുറച്ചിടം മാത്രമാണ് യാത്രയ്ക്ക് നൽകുന്നത്. ബിജെപിയാകട്ടെ മുഖ്യധാരാ മാധ്യമങ്ങളിൽ യാത്രയെ ചെറുതാക്കി കാണിക്കാൻ ആവുന്നതെല്ലാം ചെയ്യുന്നു. യാത്ര ഡൽഹിയിൽ എത്തിയ സമയത്ത് ടെലിവിഷൻ മാധ്യമത്തിന് ക്രൈം വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ ആയിരുന്നു താൽപര്യം. ആദ്യം യുവതിയെ കാറിൽ വച്ചിഴച്ചുകൊണ്ടുപോയ സംഭവം, പിന്നീട്, എയർ ഇന്ത്യ ഫ്‌ളൈറ്റിൽ യാത്രക്കാരൻ യാത്രക്കാരിയുടെ മേൽ മൂത്രം ഒഴിച്ച സംഭവം, ഇതൊക്കെയായിരുന്നു വാർത്തകൾ. എന്തെങ്കിലും വാർത്ത വന്നാൽ, തന്നെ അത് രാഹുൽ ഗാന്ധി ഈ തണുപ്പത്തും ടീ ഷർട്ട് ധരിക്കുന്നത് എങ്ങനെ എന്നത് പോലെ നിസ്സാര കാര്യങ്ങളാണ്. സമുദായ സൗഹാർദ്ദം എന്ന രാഹുലിന്റെ സന്ദേശത്തേക്കാൾ, രാഹുൽ ഗാന്ധിക്ക് എന്തു കൊണ്ട് തണുക്കുന്നില്ല, ഉള്ളിൽ വേറെ തെർമൽ ഷർട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് റിപ്പോർട്ടർമാർക്ക് താൽപര്യം.

താഴെ തട്ടിൽ സംഘടന വളർന്നോ?

താഴെ തട്ടിൽ സംഘടനയുടെ അടിത്തറ ഉറപ്പിക്കാതെ, പാർട്ടിക്ക് ഇനി മുന്നോട്ടുപോകാനാവില്ല. യാത്ര എത്ര വലിയ വിജയം ആയാലും, അടിത്തറ ഉറച്ചില്ലെങ്കിൽ, കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ, ആ നേട്ടങ്ങൾ ചോർന്നുപോകും. മസിൽ പവർ കാട്ടി ബിജെപി സംസ്ഥാനങ്ങൾ പിടിക്കുന്ന സാഹചര്യം ഇപ്പോഴും നിൽക്കുന്നു. 2018 ൽ ഹിന്ദി ഹൃദയഭൂമിയിൽ മൂന്നു സംസ്ഥാനങ്ങൾ നഷ്ടപ്പെട്ട ബിജെപി 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവന്നു. അതുപൊലൊന്ന് 2024 ൽ ആവർത്തിക്കരുത് എന്നാവും കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയമായി അനക്കമില്ലാതിരുന്ന കോൺഗ്രസിനും അടിത്തട്ടിലെ പ്രവർത്തകർക്കും ഉണർവേകാൻ രാഹുലിന്റെ യാത്രയ്ക്ക് കഴിഞ്ഞുവെന്നാണ് പാർട്ടി തന്നെ വിലയിരുത്തുന്നത്.

ആകെ 3,570 കിലോമീറ്റർ ദൂരം നിശ്ചയിച്ചിട്ടുള്ള മാരത്തോൺ യാത്രയുടെ സമാപനംജനുവരി 30 ന് ശ്രീനഗറിലാണ്. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് യാത്ര തുടങ്ങിയത്.