- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ ജെ പി നഡ്ഡ തന്നെ ബിജെപിയെ നയിക്കും; 2024 ജൂൺ വരെ നഡ്ഡ തുടരുമെന്ന് ദേശീയ നിർവാഹക സമിതിയോഗത്തിൽ അമിത്ഷായുടെ പ്രഖ്യാപനം; തെലങ്കാനയിലും ബംഗാളിലും പാർട്ടിയെ ശക്തമായ നിലയിൽ എത്തിച്ച നഡ്ഡയ്ക്ക് അഭിനന്ദനം; 'നിശ്ശബ്ദനായ സംഘാടകനെ' വീണ്ടും അംഗീകരിച്ച് പാർട്ടി
ന്യൂഡൽഹി: ജെ പി നഡ്ഡ ബിജെപി ദേശീയ അദ്ധ്യക്ഷനായി തുടരും. 2024 ജൂൺ വരെയാണ് നഡ്ഡ തുടരുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ദേശീയ നിർവാഹക സമിതിയോഗത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് നഡ്ഡയുടെ പേര് നിർദ്ദേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ അംഗങ്ങൾ നഡ്ഡയുടെ പേര് ഏകകണ്ഠമായി അംഗീകരിച്ചു.
കോവിഡ് കാലത്ത് നഡ്ഡയുടെ നേതൃത്വത്തിൽ പാർട്ടി ജനങ്ങൾക്ക് മികച്ച സേവനം നൽകിയതിനെ ഷാ അഭിനന്ദിച്ചു. ' ജെ പി നഡ്ഡയുടെ കീഴിൽ നിരവധി സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പുകളിൽ ജയിച്ചുകയറി. രാജ്യമൊട്ടുക്ക് സംഘടനയെ ശക്തിപ്പെടുത്തി. തെലങ്കാനയിലും ബംഗാളിലും നഡ്ഡയുടെ നേതൃത്വത്തിൽ പാർട്ടി ശക്തമായ നിലയിലേക്ക് എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നഡ്ഡയുടെയും നേതൃത്വത്തിൽ പാർട്ടി 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, 2019 ലേക്കാൾ മികച്ച ജയം കരസ്ഥമാക്കും', അമിത് ഷാ യോഗത്തിൽ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങൾ കാരണം പാർട്ടിക്ക് അംഗത്വ പ്രചാരണം നടത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ല. അതുകൊണ്ടാണ് നഡ്ഡയുടെ കാലാവധി ജൂൺ വരെ നീട്ടിയതെന്നും അമിത് ഷാ പറഞ്ഞു.
ഒന്നാം മോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു നഡ്ഡ. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിനെ തുടർന്ന് പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ജെ.പി. നഡ്ഡയെ വർക്കിങ് പ്രസിഡന്റായി നിയമിച്ചിരുന്നു.
2019 ജൂലൈയിലാണ് നഡ്ഡയെ ബിജെപി വർക്കിങ് പ്രസിഡന്റായി നിയമിച്ചത്. 2020 ജനുവരി 20 ന് മുഴുവൻ സമയ അദ്ധ്യക്ഷമായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഇപ്പോഴത്തെ കാലാവധി ജനുവരി 20 നാണ് അവസാനിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുറമേ നിരവധി സംസ്ഥാനങ്ങളിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നഡ്ഡയുടെ കാലാവധി നീട്ടി കൊടുത്തത്.
മുൻ പാർട്ടി അദ്ധ്യക്ഷനായ അമിത്ഷായ്ക്കും, 2019 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കാലാവധി നീട്ടി കൊടുത്തിരുന്നു.മോദി-ഷാ കൂട്ടുകെട്ടിന്റെ ഭാഗമായ നഡ്ഡ 'നിശ്ശബ്ദനായ സംഘാടകൻ' എന്നാണ് പാർട്ടിക്കുള്ളിൽ അറിയപ്പെടുന്നത്.
ബിജെപിയുടെ നഡ്ഡ മോഡൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ബിജെപിയെ യഥാർത്ഥത്തിൽ ഭരിക്കുന്നതെങ്കിലും, നഡ്ഡയാണ് പാർട്ടി പ്രസിഡന്റ്. പാർട്ടിയുടെ ഉന്നത സ്ഥാനത്ത് എത്താൻ, എല്ലാവർക്കും അവസരം നൽകുന്ന പാർട്ടി എന്ന പ്രതിച്ഛായ നഡ്ഡ മോഡൽ ബിജെപിക്ക് നൽകുന്നു. ഒരു ബൂത്ത് തല പ്രവർത്തകന് വരെ പാർട്ടി അദ്ധ്യക്ഷൻ ആകാമെന്ന സന്ദേശം ഇതിലൂടെ നൽകുന്നു. അവരത് ആയാലും ഇല്ലെങ്കിലും, പൊതുജനത്തിന് കിട്ടുന്ന സന്ദേശം അതാണ്.
മറുനാടന് മലയാളി ബ്യൂറോ