ബംഗളൂരു: ബിജെപി വിട്ട മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു. പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ജഗദീഷ് ഷെട്ടാറിന് കോൺഗ്രസ് പതാക കൈമാറി.

മല്ലികാർജുന് ഖാർഗെ ത്രിവർണ ഷാൾ അണിയിച്ചു കൊണ്ട് ഷെട്ടാറിനെ സ്വീകരിച്ചപ്പോൾ, കെ സി വേണുഗോപാൽ കോൺഗ്രസ് പതാകയും കൈമാറി. ഇന്നലെ താൻ ബിജെപിയിൽ നിന്നും രാജിവെച്ചെന്നും, ഇന്ന് കോൺഗ്രസിൽ ചേർന്നുവെന്നും ഷെട്ടാർ പറഞ്ഞു. ഈ തിരുമാനത്തിൽ ്പ്രതിപക്ഷത്തുള്ള പലരും അത്ഭുതപ്പെട്ടിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന നേതാവായ തനിക്ക് സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചു, ബിജെപി അവഗണിച്ചപ്പോൾ ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം ബിജെപിക്ക് വേണ്ടിയാണ് താൻ പ്രവർത്തിച്ചതന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപിക്ക് കനത്ത പ്രഹരം നൽകിയാണ് ജഗദീഷ് ഷെട്ടാറിന്റെ കോൺഗ്രസ് പ്രവേശനം. ആറു തവണ എംഎ‍ൽഎയായ 67 കാരനായ ഷെട്ടാർ, ബിജെപിയുമായി മൂന്നു ദശാബ്ദക്കാലമായുള്ള ബന്ധമാണ് ഉപേക്ഷിച്ചത്. ഞായറാഴ്ച എംഎ‍ൽഎ പദവിയും ബിജെപി അംഗത്വവും രാജിവെച്ച ജഗദീഷ് ഷെട്ടാറിനെ കോൺഗ്രസ് പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.

കോൺഗ്രസിൽ എത്തുന്ന ഷെട്ടാർ ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മൂന്നു പതിറ്റാണ്ടുകാലം വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടും മങ്ങലേൽക്കാത്ത പ്രതിച്ഛായയുള്ള അദ്ദേഹത്തിന്റെ കൊഴിഞ്ഞുപോക്ക് അധികാരത്തിൽ തുടരാനാഗ്രഹിക്കുന്ന ബിജെപി.ക്ക് തിരിച്ചടിയാകും. ഞായറാഴ്ച രാവിലെയായിരുന്നു സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കാഗേരിക്ക് എംഎൽഎ. സ്ഥാനം രാജിവെച്ചുള്ള കത്ത് അദ്ദേഹം കൈമാറിയത്.

രാജിയിൽനിന്ന് പിന്തിരിപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കർണാടക തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി എന്നിവർ ശനിയാഴ്ച രാത്രി അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അവഗണനയിൽ നിരാശനാണെന്നും എന്തുകൊണ്ടാണ് ടിക്കറ്റില്ലാത്തതെന്ന് അവർ പറയുന്നില്ലെന്നും ജഗദീഷ് ഷെട്ടാർ പറഞ്ഞു.

ലിംഗായത്ത് നേതാവായ അദ്ദേഹത്തെ കോൺഗ്രസിലെത്തിക്കാൻ ലിംഗായത്ത് നേതാക്കളായ എം.ബി. പാട്ടീലും മുതിർന്ന നേതാവ് ഷാമന്നൂർ ശിവശങ്കരപ്പയുമാണ് മുൻകൈയെടുത്തത്. ആറു തവണ എംഎൽഎയായ 67 കാരനായ ജഗദീഷ് ഷെട്ടാർ, ബിജെപിയുമായി മൂന്നു ദശാബ്ദക്കാലമായുള്ള ബന്ധമാണ് ഉപേക്ഷിച്ചത്. കഴിഞ്ഞദിവസം മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയും ബിജെപി വിട്ട് കോൺഗ്രസിലെത്തിയിരുന്നു. ലിംഗായത്ത് നേതാക്കളായ ഇരുവരുടെയും വരവ് സമുദായത്തിന് സ്വാധീനമുള്ള വടക്കൻ കർണാടകയിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

ലിംഗായത്ത് അതികായനായ യെദിയൂരപ്പയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിക്ക് പാളയത്തിൽ പട തിരിച്ചടിയേകും. സീറ്റ് തർക്കത്തെ തുടർന്ന് സിറ്റിങ് എംഎൽഎമാരടക്കം നിരവധി നേതാക്കളാണ് പാർട്ടി വിട്ടത്. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ സഹായിയും ബന്ധുവുമായ സന്തോഷ് ബിജെപി വിട്ട് ജെ.ഡി-എസിൽ ചേർന്നു.

രണ്ടാം പട്ടികയിലും തന്നെ തഴഞ്ഞതോടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി ഷെട്ടാർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സീറ്റ് നൽകില്ലെന്ന് വ്യക്തമാക്കിയ നേതൃത്വം പകരം, കുടുംബത്തിൽനിന്ന് ഒരംഗത്തെ സീറ്റിലേക്ക് നിർദേശിക്കാൻ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി സ്ഥാനം അടക്കമുള്ള പദവികളും വാഗ്ദാനം ചെയ്തു.

സിറ്റിങ് മണ്ഡലമായ ഹുബ്ബള്ളി- ധാർവാഡ് സെൻട്രലിൽ സീറ്റ് നൽകണമെന്നും അല്ലെങ്കിൽ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്നും നിലപാട് കടുപ്പിച്ച ഷെട്ടാറിനെ അനുനയിപ്പിക്കാൻ കർണാടക തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബി.എസ്. യെദിയൂരപ്പ എന്നിവർ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.