- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അക്രമികൾ നോർവേയിൽനിന്നോ ഈജിപ്തിൽനിന്നോ വന്നവരല്ല; 26/11 മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റവാളികൾ പാക് മണ്ണിൽ സ്വതന്ത്രരായി വിഹരിക്കുന്നു'; ലാഹോറിൽ പാക്കിസ്ഥാനെതിരേ തുറന്നടിച്ച് ജാവേദ് അക്തർ; വീഡിയോ വൈറലാകുന്നു
ലഹോർ: മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ലാഹോറിൽ പാക്കിസ്ഥാനെതിരെ തുറന്നടിച്ച ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ വാക്കുകൾ സമൂഹമാധ്യത്തിൽ വൈറലാകുന്നു. 26/11 മുംൈബ ഭീകരാക്രമണക്കേസിലെ പ്രതികൾ പാക്കിസ്ഥാനിൽ ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുന്നുവെന്നാണ് ലാഹോറിലെ ഫായിസ് ഫിലിം ഫെസ്റ്റിവലിൽ അതിഥിയായി പങ്കെടുക്കവേ ജാവേദ് അക്തർ തുറന്നടിച്ചത്. വിഖ്യാത ഉർദു കവിയായ ഫൈസ് അഹമ്മദ് ഫൈസിന്റെ സ്മരണാർഥം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ജാവേദ് അക്തറിന്റെ പരാമർശം.
മുംബൈ ആക്രമണത്തിന്റെ മുറിവ് ഇന്നും ഇന്ത്യക്കാരുടെ നെഞ്ചിലുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യക്കാർ ക്ഷോഭിക്കുന്നതിൽ പാക്കിസ്ഥാന് അവരെ കുറ്റംപറയാനാകില്ലെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞു.
'നിങ്ങൾ നിരവധി തവണ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. നിങ്ങൾ തിരികെ ചെല്ലുമ്പോൾ ഇവിടെയുള്ളവരൊക്കെ നല്ല ആളുകളാണെന്നും അവർ ബോംബെറിയുക മാത്രമല്ല നമ്മളെ സ്‌നേഹവും പൂമാലകളും കൊണ്ട് സ്വീകരിക്കുമെന്നും പറയുമോ?' എന്നാണ് അവതാരകൻ ചോദിച്ചത്.
ഇതിന് ജാവേദ് അക്തറിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'നമ്മൾ പരസ്പരം പഴിചാരരുത്. അത് ഒരു പ്രശ്‌നവും പരിഹരിക്കില്ല. മുംബൈയിൽ നിന്നുള്ള ഞങ്ങൾ, അവിടെ വലിയൊരു ആക്രമണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അക്രമികൾ നോർവേയിൽനിന്നോ ഈജിപ്തിൽനിന്നോ വന്നവരല്ല. അവർ വളരെ സ്വതന്ത്രമായി നിങ്ങളുടെ രാജ്യത്ത് വിഹരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു ഇന്ത്യക്കാരൻ ഇതിൽ പരാതി പറഞ്ഞാൽ, നിങ്ങൾ അസ്വസ്ഥരാകേണ്ടതില്ല. അവരുടെ മനസ്സിൽ എന്തെങ്കിലും ദേഷ്യമുണ്ടെങ്കിൽ അതിനെ കുറ്റപ്പെടുത്താനുമാകില്ല. '
ഇന്ത്യ പാക്കിസ്ഥാനിലെ ഇതിഹാസങ്ങളെ സ്വാഗതം ചെയ്തതുപൊലെ പാക്കിസ്ഥാൻ ഒരിക്കലും ഇന്ത്യൻ കലാകാരന്മാരെ ആദരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഫൈസ് സാഹിബ് ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ വിശിഷ്ട അതിഥിയായാണ് സ്വീകരിച്ചത്. അത് എല്ലായിടത്തും പ്രക്ഷേപണവും ചെയ്തു. നസ്രത്ത് ഫത്തേ അലിഖാന്റെയും മെഹ്ദി ഹസന്റെയും പരിപാടികൾക്ക് ഇന്ത്യ വേദിയായിട്ടുണ്ട്.
മെഹ്ദി ഹസൻ ഇന്ത്യക്കാരുടെ ഒരു ആരാധനാപാത്രമായിരുന്നു. അദ്ദേഹം ഇന്ത്യ സന്ദർശിച്ചപ്പോൾ ഷബാന അസ്മിയാണ് അതിന് ആഥിതേയത്വം വഹിച്ചത്. ലതാ മങ്കേഷ്‌കറും ആശാ ബോസ്ലെയും പോലുള്ളവരുടെ സാന്നിധ്യം കൊണ്ട് ഗംഭീരമായ ആ ചടങ്ങിനു വേണ്ടി ഞാൻ എഴുതിയിട്ടുണ്ട്. നിങ്ങൾ ഒരിക്കൽ പോലും ലതാ മങ്കേഷ്‌കറിനായി ഒരു പരിപാടി സംഘടിപ്പിച്ചിട്ടില്ല. ആശയവിനിമയം ഇല്ലാതായതിൽ ഇരു രാജ്യങ്ങൾക്കും പങ്കുണ്ട്. എന്നാൽ കൂടുതലും നിങ്ങളുടെ ഭാഗത്തുനിന്നാണ് ' ജാവേദ് അക്തർ പറഞ്ഞു.
ജാവേദ് അക്തറിന്റെ വാക്കുകൾ വലിയ ആവേശത്തോടെയാണ് സമൂഹമാധ്യമം ഏറ്റെടുത്തത്. പാക്കിസ്ഥാനെതിരെയുള്ള 'സർജിക്കൽ സ്‌ട്രൈക്'എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചത്. ജാവേദിന്റെ പരാമർശത്തെ പ്രശംസിച്ച് ബോളിവുഡ് താരം കങ്കണ റനൗട്ട് അടക്കമുള്ള പ്രമുഖരും രംഗത്തുവന്നു.
2008 നവംബർ 26 ൽ നടത്തിയ ആക്രമണത്തിനായി പാക്കിസ്ഥാൻ ഭീകരർ കടൽ മാർഗമാണ് ഇന്ത്യയിലെത്തിയത്. ഇവർ മുംബൈയിലേക്ക് കടക്കുകയും ആക്രമണം അഴിച്ച് വിട്ട് ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. ഈ ആക്രമണത്തിൽ 18 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 166 പേരെ കൊല്ലുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും കോടികളുടെ സ്വത്ത് നശിപ്പിക്കുകയും ചെയ്തു.
26/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അന്നത്തെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവൻ ഹേമന്ത് കർക്കരെ, ആർമി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, മുംബൈ അഡീഷണൽ പൊലീസ് കമ്മീഷണർ അശോക് കാംതെ, സീനിയർ പൊലീസ് ഇൻസ്‌പെക്ടർ വിജയ് സലാസ്‌കർ എന്നിവരും ഉൾപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ