- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിപക്ഷ ഐക്യശ്രമത്തിനിടെ ബിജെപി പക്ഷത്തേക്ക് ചാഞ്ഞ് ജെ.ഡി-എസ്; എൻഡിഎയുടെ ഭാഗമാകാൻ നീക്കം തുടങ്ങി; ചർച്ചക്കായി എച്ച്.ഡി. കുമാരസ്വാമി ഡൽഹിക്ക്; കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ നടുക്കുന്ന തോൽവിയിൽ നിന്നും കരകയറി ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉന്നമിട്ട് ബിജെപി നീക്കങ്ങൾ
ബംഗളൂരു: രാജ്യത്ത് പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുമ്പോൾ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജെ.ഡി-എസും സഖ്യത്തിനൊരുങ്ങുന്നു. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഞായറാഴ്ച ഇതുസംബന്ധിച്ച സൂചന നൽകിയത്. ഇരുപാർട്ടികൾക്കിടയിലും സഖ്യചർച്ച നടക്കുമെന്ന് അദ്ദേഹം ബംഗളൂരുവിൽ പറഞ്ഞു. പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന് ബംഗളുരുവിൽ നടക്കുമ്പോഴാണ് ജെഡിഎസ് മറുകണ്ടം ചാടുന്നത് എന്നതും ശ്രദ്ധേയമാണ്.
'ബിജെപി നേതൃത്വവും ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും തമ്മിലാണ് ചർച്ച നടക്കുക. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അദ്ദേഹത്തിന്റെ ആഗ്രഹം പ്രകടിപ്പിച്ചുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ച നടക്കുമെന്നും ചർച്ചയുടെ അനന്തരഫലമായി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ രൂപപ്പെടുമെന്നും ബൊമ്മൈ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും സഖ്യസാധ്യത സംബന്ധിച്ച് സൂചന നൽകിയിരുന്നു.
അതേസമയം, കർണാടകയിലെ സാഹചര്യം പരിഗണിച്ച് ജെ.ഡി-എസ് എൻ.ഡി.എയുടെ ഭാഗമായാൽ കേരളത്തിൽ പാർട്ടി വെട്ടിലാവും. കേരളത്തിൽ ഭരണകക്ഷിയായ എൽ.ഡി.എഫിന്റെ ഭാഗമാണ് ജെ.ഡി-എസ്. ബിജെപി വിരുദ്ധ മുന്നണിയിലാണ് എൽ.ഡി.എഫ് എന്നതിനാൽ മുന്നണി വിടുകയോ പുതിയ പാർട്ടി രൂപവത്കരിക്കുകയോ ആവും മുന്നിലെ വഴി. ബിജെപിക്കും കോൺഗ്രസിനുമെതിരെ നിലപാടെടുക്കണമെന്നതാണ് കഴിഞ്ഞ മാസം ബംഗളൂരുവിൽ ചേർന്ന ജെ.ഡി-എസ് ദേശീയ നിർവാഹക സമിതി തീരുമാനം. ദേവഗൗഡയുടെ തീരുമാനം പ്രഖ്യാപിച്ചപ്പോൾ കുമാരസ്വാമി അതിനെ പിന്തുണക്കുകയും ചെയ്തിരുന്നു.
പിന്നീടാണ് കുമാരസ്വാമിയുടെ മനംമാറ്റം. കുമാരസ്വാമിയുടെ നിലപാടിനോട് ദേവഗൗഡയും മൂത്തമകൻ എച്ച്.ഡി. രേവണ്ണയും അനുകൂലിക്കുന്നില്ലെന്നാണ് വിവരം. എന്നാൽ, ബംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടി യോഗത്തിൽനിന്ന് ദേവഗൗഡയെ മാറ്റിനിർത്തുന്നതടക്കമുള്ള കോൺഗ്രസിന്റെ സമീപനങ്ങൾ കർണാടകയിൽ ജെ.ഡി-എസിനെ ബിജെപിയിലേക്ക് കൂടുതൽ അടുപ്പിക്കുമെന്ന് പാർട്ടി ദേശീയ നിർവാഹകസമിതി അംഗം അഡ്വ. ബിജിലി ജോസഫ് അഭിപ്രായപ്പെട്ടു. 2004ൽ കർണാടകയിൽ കുമാരസ്വാമി ബിജെപിയുമായി സഖ്യമുണ്ടാക്കിയപ്പോൾ കേരളത്തിൽ ജനതാദൾ സ്വതന്ത്രമായി നിന്ന ചരിത്രവുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി നേതൃത്വവുമായി പ്രാഥമിക ചർച്ചക്കായി ജെ.ഡി-എസ് നിയമസഭ കക്ഷിനേതാവ് എച്ച്.ഡി. കുമാരസ്വാമി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഡൽഹിക്ക് തിരിക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസ് ദയനീയ പരാജയമേറ്റുവാങ്ങിയിരുന്നു. വെറും 19 സീറ്റാണ് പാർട്ടിക്ക് ലഭിച്ചത്.
2018ലെ നിയമസഭ തെരഞ്ഞെടുപ്പ്ഫലത്തിന് ശേഷം കോൺഗ്രസുമായി സഖ്യമുണ്ടാക്കി കുമാരസ്വാമി മുഖ്യമന്ത്രിയായ സഖ്യസർക്കാർ അധികാരത്തിലേറിയെങ്കിലും സഖ്യത്തിൽ അസ്വാരസ്യങ്ങളുണ്ടായി. ഇത് മുതലെടുത്ത ബിജെപി സഖ്യസർക്കാറിനെ ഓപറേഷൻ താമരയിലൂടെ അട്ടിമറിക്കുകയുംചെയ്തു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി-എസും സഖ്യമായിരുന്നെങ്കിലും ഇരുപാർട്ടികളും കർണാടകയിൽ ഓരോ സീറ്റിലൊതുങ്ങി.
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കിങ്‌മേക്കറാകാൻ സാധിക്കുമെന്ന് ജെ ഡി എസ് കണക്ക് കൂട്ടിയിരുന്നു. എന്നാൽ കനത്ത പരാജയമാണ് പാർട്ടിക്ക് നേരിടേണ്ടി വന്നത്. 2018 ൽ 37 സീറ്റുകൾ നേടിയ ജെ ഡി എസിന് വെറും 19 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതുകൊണ്ട് തന്നെ ലോക്‌സഭ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടുന്നത് കൂടുതൽ തിരിച്ചടിക്ക് കാരണമായേക്കുമെന്ന വിലയിരുത്തലുകൾ പാർട്ടിക്കുള്ളിൽ ശക്തമാണ്. ഈ സാഹചര്യത്തിലാണ് ബിജെപിയുമായി സഖ്യത്തിനുള്ള താത്പര്യം ജെ ഡി എസ് അറിയിച്ചത്.
നേരത്തേ 2006ൽ ബി ജെപി യുമായി ജെ ഡി എസ് സഖ്യം രൂപീകരിച്ചിരുന്നു. എന്നാൽ 20 മാസങ്ങൾക്ക് ശേഷം സഖ്യസർക്കാർ താഴെ വീണു. മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കാൻ ജെ ഡി എസ് തയ്യാറാകാതിരുന്നതോടെയാണ് സഖ്യം തകർന്നത്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ജെ ഡി എസ് ബിജെപിയുമായി സഖ്യത്തിന് ശ്രമിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ജെ ഡി എസ് തലവൻ എച്ച്ഡി ദേവഗൗഡയും മകനും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയും ഇത് തള്ളിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയതോടെ ഇരുവർക്കും ബിജെപി സഖ്യത്തിന് താത്പര്യമുണ്ടെന്നാണ് വിവരം. അടുത്തിടെ നേതാക്കൾ നടത്തുന്ന പ്രതികരണവും ഇതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.




