- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെഎംഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് 70 സീറ്റുകളില്‍ മത്സരിക്കും; ശേഷിക്കുന്ന സീറ്റുകള്‍ മറ്റ് കക്ഷികള്‍ക്ക്; ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ ഇന്ത്യാ മുന്നണി
ആര്‍ജെഡിയും ഇടതുപാര്‍ട്ടികളും 11 സീറ്റുകളില്‍ മത്സരിക്കും
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി ഒന്നിച്ച് മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറിയിച്ചു. 81 നിയമസഭാ മണ്ഡലങ്ങളില്‍ 70 എണ്ണത്തിലും ജാര്‍ഖണ്ഡിലെ ഭാരണകക്ഷിയായ ജെ.എം.എമ്മും (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. ബാക്കി സീറ്റുകള്‍ ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് വീതിച്ചുനല്‍കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
സീറ്റ് വിഭജനം സംബന്ധിച്ച വിശദവിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നാണ് ഹേമന്ത് സോറന്‍ അറിയിച്ചത്. സഖ്യകക്ഷിയായിട്ടുള്ള പാര്‍ട്ടിയിലെ നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രഖ്യാപനമുണ്ടാകും. 70 സീറ്റുകളില്‍ ജെ.എം.എമ്മും കോണ്‍ഗ്രസുമായിരിക്കും മത്സരിക്കുക. ശേഷിക്കുന്ന 11 സീറ്റുകളില്‍ ആര്‍.ജെ.ഡിയും ഇടതുപാര്‍ട്ടികളുമായിരിക്കും മത്സരിക്കുകയെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.
ഇത്തവണ കോണ്‍ഗ്രസിന് 27, 28 സീറ്റുകള്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. ഹേമന്ത് സോറനാണ് ജാര്‍ഖണ്ഡിലെ പാര്‍ട്ടിയുടെ മുഖമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വലിയ വിജയം നേടാനാകുമെന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
ആര്‍ജെഡിക്ക് കഴിഞ്ഞ തവണ 7 സീറ്റുകളാണ് ലഭിച്ചത്. എന്‍ഡിഎ സീറ്റ് വിഭജനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും സീറ്റുകള്‍ പ്രഖ്യാപിച്ചത്. ബിജെപി 68 സീറ്റില്‍ മത്സരിക്കും. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയന്‍ പത്തു സീറ്റിലും മത്സരിക്കും.
ജാര്‍ഖണ്ഡിലെ 81 മണ്ഡലങ്ങളിലേക്കായി രണ്ടുഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം നവംബര്‍ 13-നും രണ്ടാഘട്ടം നവംബര്‍ 20-നും നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. നവംബര്‍ 23-നാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഝാര്‍ഖണ്ഡിനൊപ്പം മഹാരാഷ്ട്രയും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. കേരളത്തില്‍ വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ.എം.എം. 43 സീറ്റുകളിലും കോണ്‍ഗ്രസ് 31 സീറ്റിലുമാണ് മത്സരിച്ചത്. എന്നാല്‍, ഇത്തവണ പരമാവധി 28 സീറ്റുകളിലായിരിക്കും കോണ്‍ഗ്രസ് മത്സരിക്കുകയെന്നാണ് വിലയിരുത്തലുകള്‍. ഹേമന്ത് സോറന് ഝാര്‍ഖണ്ഡിലുള്ള ജനസമ്മിതി ഇന്ത്യ സഖ്യത്തിന് നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സീറ്റുകളില്‍ ജെ.എം.എം. തന്നെ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എം.എല്‍) മാര്‍സിസ്റ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി(എം.എം.സി) എന്നീ പാര്‍ട്ടികളും ജെ.എം.എം. കോണ്‍ഗ്രസ് പാര്‍ട്ടികളുമായി സഹകരിച്ച് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളില്‍ മത്സരിച്ച ആര്‍.ജെ.ഡിക്ക് ഇത്തവണ കുറച്ച് സീറ്റുകള്‍ മാത്രമായിരിക്കും ലഭിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ മത്സരിച്ചിരുന്ന ഏതാനും സീറ്റുകള്‍ ഇടതുപാര്‍ട്ടികള്‍ക്ക് നല്‍കാനാണ് സാധ്യത.