ന്യൂഡൽഹി: കശ്മീരിലൂടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വിജയകരമായി മുന്നേറിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിടുക്കു കൊണ്ടെന്നു ബിജെപി. അല്ല എന്തുവന്നാലും കുഴപ്പമില്ലെന്ന രാഹുൽ ഗാന്ധിയുടെ മനസ്സും കാശ്മീരി ജനതയുടെ സ്‌നേഹവുമാണ് വിജയമാക്കിയതെന്ന് കോൺഗ്രസും. ജോഡോ യാത്രയിൽ വിവാദം തുടരുകയാണ്. 'ഒരു കുഴപ്പവുമില്ലാതെ കശ്മീരിലൂടെ രാഹുലിന്റെ ജാഥ മുന്നേറിയെങ്കിൽ മോദിജിക്ക് വേണം സല്യൂട്ട്' എന്നാണ് ബിജെപിക്കാർ പ്രതികരിക്കുന്നത്.

ഇതിനിടെയാണ് താൻ നടത്തിയതുപോലെ കശ്മീർ താഴ്‌വരയിൽ പദയാത്ര നടത്താൻ ബിജെപി നേതാക്കൾക്ക് ധൈര്യമുണ്ടോയെന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നത്. ഭരാജ്യത്തെ തകർക്കുന്ന ആശയത്തിനെതിരായി പോരാടുകയെന്നതാണ് പ്രധാന ലക്ഷ്യം. കശ്മീർ ജനത തന്നെ സ്വീകരിച്ചത് ഹാൻഡ് ഗ്രനേഡുമായല്ല; സ്നേഹം കൊണ്ടാണ്. അക്രമം നടത്തുന്നവർക്ക് അത് മനസ്സിലാകില്ല. നിരവധി പേരെ നഷ്ടപ്പെട്ട കശ്മീരികളെയും സുരക്ഷാസൈനികരുടെ കുടുംബത്തെയുംപോലെ അച്ഛന്റെയും മുത്തശ്ശിയുടെയും മരണം കണ്ട് വളർന്നയാളാണ് ഞാൻ. മോദിക്കും അമിത് ഷായ്ക്കും അജിത് ഡോവലിനെയും പോലുള്ളവർക്ക് വേദനയെന്തെന്ന് അറിയില്ല - രാഹുൽ പറഞ്ഞു.

കനത്ത മഞ്ഞുവീഴ്ച അവഗണിച്ച് ശ്രീനഗറിലെ ഷേർ--ഇ--കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവർക്ക് പുറമേ സിപിഐ, ഡിഎംകെ, ജെഎംഎം തുടങ്ങി പതിനൊന്ന് പ്രതിപക്ഷ കക്ഷിനേതാക്കളും പങ്കെടുത്തു. സിപിഎം നേതാക്കൾ എത്തിയതുമില്ല. ബിജെപി ഇതര പ്രതിപക്ഷം ഒന്നടങ്കം ജാഥയ്ക്ക് എത്തിയില്ലെന്നതും ശ്രദ്ധേയമാണ്.

യാത്ര ശ്രീനഗറിൽ സമാപിച്ചതിനു പിന്നാലെയാണു രാമസിംഹൻ(അലി അക്‌ബർ) കുറിപ്പിട്ടത് വലിയ ചർച്ചയാണ്. യാത്ര രാജ്യത്തിനു പുത്തൻ കാഴ്ചപ്പാട് നൽകിയെന്നു രാഹുൽ പറഞ്ഞു. യാത്രയിൽ കോൺഗ്രസുകാരെക്കാൾ സാധാരണക്കാരാണ് അണിനിരന്നത്. ഒരു ബിജെപി നേതാവും ജമ്മു കശ്മീരിലൂടെ നടക്കില്ല. തന്റേതുപോലുള്ള യാത്രയ്ക്കു ബിജെപി നേതാക്കൾ ഭയപ്പെടും. ജനങ്ങൾ ഗ്രനേഡല്ല, ഹൃദയം നിറഞ്ഞ സ്‌നേഹമാണു നൽകിയതെന്നും രാഹുൽ പറഞ്ഞു.

രാജ്യത്തെ യുവാക്കൾക്കും സ്ത്രീകൾക്കും ധൈര്യവും പ്രതീക്ഷയുമായി സമൂഹത്തിന്റെ സകല മേഖലകളിൽ ഉള്ളവരുമായും നേരിട്ട് ആശയ വിനിമയം നടത്തി
വെറുപ്പിന്റെ വിപണിയിൽ സ്‌നേഹത്തിന്റെ കടതുറന്ന് രാജ്യത്തെ ഒന്നിപ്പിക്കുക എന്ന വ്യാപാരം നടത്താൻ ഭാരത് ജോഡോ യാത്രയ്ക്ക് കഴിഞ്ഞു എന്നത് ഈ ചരിത്ര യാത്രയുടെ വിജയമാണെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു.

ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശക്തിതെളിയിക്കാനുള്ള രാഹുലിന്റെ അവസരമായി എന്നതിനപ്പുറം ഭാരതീയരെ നേരിട്ട് കാണാനും അവരുടെ ജീവിതം സ്പർശിച്ചറിയാനും രാഹുൽ നടക്കുകയായിരുന്നു ജോഡോ യാത്രയിലൂടെ, 4080 കിലോമീറ്ററുകൾ. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ മഹാത്മാവിന്റെ രക്തസാക്ഷി ദിനത്തിൽ മറ്റൊരു ഗാന്ധി പുനർജനിക്കുന്നുവെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

സിപിഎം എത്താത്തത്‌ വിവാദത്തിൽ

ത്രിപുരയിൽ കോൺഗ്രസുമായി സഖ്യമാകാമെങ്കിൽ ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കുന്നതിലും തെറ്റില്ലെന്ന്, സിപിഎമ്മിനെതിരെ സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ ഒളിയമ്പ്. സമ്മേളനത്തിൽ സിപിഐ പങ്കെടുത്തത് രാഷ്ട്രീയ പക്വത മൂലമാണെന്നു പറഞ്ഞ രാജ ഐക്യം, മതസൗഹാർദം എന്നിവ ഉറപ്പിക്കാനും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുമുള്ള യാത്രയായിരുന്നു രാഹുലിന്റേതെന്നും കുട്ടിച്ചേർത്തു.

8 പ്രതിപക്ഷകക്ഷി നേതാക്കളാണു ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുത്തത്. സിപിഎമ്മിനെ കോൺഗ്രസ് ക്ഷണിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

സുരക്ഷയൊരുക്കി മലയാളി

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ ഏറ്റവുമധികം ഭീഷണി നേരിട്ട ശ്രീനഗറിലുടനീളം സുരക്ഷയൊരുക്കിയ സിആർപിഎഫ് സംഘത്തെ നയിച്ചത് മലയാളി ഓഫിസർ. പത്തനംതിട്ട ഇലന്തൂർ സ്വദേശിയും സിആർപിഎഫ് ഡിഐജിയുമായ മാത്യു എ.ജോണിനായിരുന്നു യാത്രയുടെ പൂർണ സുരക്ഷാ ചുമതല. ജമ്മു കശ്മീർ പൊലീസുമായി സഹകരിച്ചാണു സുരക്ഷയൊരുക്കിയത്. 2021 ജൂലൈയിൽ ശ്രീനഗറിൽ ചുമതലയേറ്റ മാത്യു, 2018-21 ൽ തിരുവനന്തപുരത്താണു സേവനമനുഷ്ഠിച്ചത്. പ്രളയത്തിലെ രക്ഷാദൗത്യത്തിൽ പങ്കുവഹിച്ചതിനു മുഖ്യമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

സമാപന സമ്മേളനം നടന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ സുരക്ഷാ ചുമതല വഹിച്ചതും മലയാളിയാണ് തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയും സിആർപിഎഫ് അസിസ്റ്റന്റ് കമൻഡാന്റുമായ ജെ.ആർ.ദിവ്യശ്രീ. ഇവരുടെ കീഴിലുള്ള 79ാം ബറ്റാലിയനാണു സ്റ്റേഡിയത്തിനു കാവലൊരുക്കിയത്. ഹൈജംപ് താരമായ ദിവ്യശ്രീ 5 വർഷമായി ശ്രീനഗറിലാണു സേവനമനുഷ്ഠിക്കുന്നത്.

രാഹുൽ നടന്നത് 4080 കിലോമീറ്ററോളം

136 ദിവസത്തിൽ 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര സമാപിച്ചത്. 2022 സെപ്റ്റംബർ 7നാണ് യാത്ര തമിഴ്‌നാട്ടിലെ കന്യാകുമാരി കടൽ തീരത്ത് നിന്നും ദണ്ഡിയാത്രയെ അനുസ്മരിപ്പിച്ചു കൊണ്ട് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. കനത്ത വെയിലിൽ ആയിരുന്നു യാത്ര.

നാല് ദിവസത്തെ തമിഴ്‌നാട് പര്യടനത്തിന് ശേഷം യാത്ര കേരളത്തിൽ പ്രവേശിച്ചു. 19 ദിവസങ്ങളാണ് പാറശാല മുതൽ നിലമ്പൂർ വഴിക്കടവ് വരെ കേരളത്തിന്റെ ഏഴ് ജില്ലകളിലൂടെ യാത്ര കടന്നുപോയത്. സെപ്റ്റംബർ 30ന് കർണാടകയിൽ യാത്ര ആരംഭിച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ വകവയ്ക്കാതെ സോണിയ ഗാന്ധിയും കർണാടകയിലെ യാത്രയിൽ പങ്കെടുത്തു.

നവംബർ ഏഴിന് മഹാരാഷ്ട്രയിൽ യാത്ര കടന്നു. 14 ദിവസമാണ് മഹാരാഷ്ട്രയിൽ യാത്ര കടന്നുപോയത്. നവംബർ 23ന് മധ്യപ്രദേശിലേക്കും യാത്ര കടന്നു.
ഡിസംബർ 4ന് രാജസ്ഥാനിലെത്തി. ഡിസംബർ 16ന് യാത്ര 100 ദിവസം തികച്ചു. 21ന് ഹരിയാനയിലും 24ന് ഡൽഹിയിലുമെത്തി. പ്രിയങ്കാ ഗാന്ധി ഉൾപ്പെടെ നിരവധി പ്രമുഖരും യാത്രയിൽ പങ്ക് ചേർന്നു. ജനുവരി 10ന് യാത്ര പഞ്ചാബിലെത്തി. 11 ദിവസമാണ് പഞ്ചാബിൽ പര്യടനം നടത്തിയത്. ഇതിന് പിന്നാലെ യാത്ര കാശ്മീരിലേക്ക് എത്തി. സുരക്ഷാ വീഴ്ചകൾ വെല്ലുവിളികൾ തീർക്കുമ്പോൾ ''എന്റെ സഹോദരനെ ദൈവം കാക്കും'' എന്ന പ്രിയങ്കയുടെ വാക്കുകൾ ഭാരതത്തിന്റെ പ്രാർത്ഥനയായി മാറി.