ചെന്നൈ: നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽഹാസൻ്റെ പാർട്ടി തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. പകരം, ഭരണകക്ഷിയായ ഡിഎംകെ സഖ്യത്തിന് പൂർണ പിന്തുണ നൽകാനാണ് എംഎൻഎം തീരുമാനിച്ചിരിക്കുന്നത്. തമിഴ്‌നാടിൻ്റെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഈ നിർണായക നീക്കമെന്ന് കമൽഹാസൻ വ്യക്തമാക്കി.

ഡിഎംകെ മുന്നണി മക്കൾ നീതി മയ്യം പാർട്ടിക്കായി രണ്ട് സീറ്റുകൾ വാഗ്ദാനം ചെയ്യുകയും, ഡിഎംകെയുടെ 'ഉദയസൂര്യൻ' ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് കമൽഹാസൻ ഈ നിലപാടെടുത്തത്. ഈ ആവശ്യം അംഗീകരിക്കാൻ കഴിയാത്തതും വേദനാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ പാർട്ടി പ്രവർത്തകർക്ക് 'ടോർച്ച്' ചിഹ്നത്തോട് വൈകാരിക അടുപ്പമുണ്ടെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. 234 നിയമസഭാ മണ്ഡലങ്ങളുള്ള തമിഴ്‌നാട്ടിൽ, സഖ്യകക്ഷികൾക്കായി ആകെ 66 സീറ്റുകളാണ് ഡിഎംകെ മാറ്റിവെച്ചത്.

ഇത് ഒരു ത്യാഗമല്ല, കടമയാണെന്ന് വിശേഷിപ്പിച്ച കമൽഹാസൻ, സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്കെതിരായ പോരാട്ടത്തിൽ സ്വന്തം വിഹിതം ചോദിക്കുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടു. ഡിഎംകെയുടെ ഈ നിലപാട് ന്യായീകരിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിഎംകെ സഖ്യത്തിൽ മക്കൾ നീതി മയ്യം എത്തിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംഎൻഎം മത്സരിച്ചിരുന്നില്ലെങ്കിലും ഡിഎംകെയ്ക്ക് പിന്തുണ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎംകെ കമൽഹാസന് രാജ്യസഭാ സീറ്റ് നൽകിയത്.

കമൽഹാസൻ്റെ ഈ നീക്കത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ ഒരു ത്യാഗമായാണ് വിശേഷിപ്പിച്ചത്. നന്ദി പറയാൻ വാക്കുകളില്ലെന്ന് പറഞ്ഞ സ്റ്റാലിൻ, സംസ്ഥാനത്തുടനീളം പ്രചാരണം നടത്താൻ കമൽഹാസനോട് അഭ്യർത്ഥിച്ചു. കമൽഹാസൻ്റെ വിശാലമനസ്കതയെ ചരിത്രം വാഴ്ത്തുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിൻ്റെ സാധ്യതകൾക്ക് ഈ പിന്തുണ നിർണ്ണായകമായേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.