ചെന്നൈ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് താൽക്കാലികമായി 'അനുവാദം' നൽകുന്നുവെന്ന അമേരിക്കൻ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽഹാസൻ രംഗത്ത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തുറന്ന കത്തെഴുതിക്കൊണ്ടാണ് കമൽഹാസൻ ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാണെന്ന് ഊന്നിപ്പറഞ്ഞതും യുഎസ് നിലപാടിനെ ശക്തമായി അപലപിച്ചതും. രാജ്യത്തിൻ്റെ പരമാധികാരത്തിൽ വിദേശ ഇടപെടലുകൾ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ കത്തിലൂടെ കമൽഹാസൻ നൽകിയത്.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച തുറന്ന കത്തിൽ കമൽഹാസൻ ഇങ്ങനെ കുറിച്ചു: "പ്രിയപ്പെട്ട മിസ്റ്റർ പ്രസിഡന്റ്, ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ, ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ ഭാഗമാണ്. വിദൂര വിദേശങ്ങളിൽ നിന്നുള്ള ആജ്ഞകൾ ഞങ്ങൾ സ്വീകരിക്കില്ല." ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ കാര്യങ്ങൾ കഴിവിന്റെ പരമാവധി നന്നായി നോക്കാൻ ട്രംപിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, റഷ്യയിൽ നിന്ന് 30 ദിവസത്തേക്ക് എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'ഇളവ്' അനുവദിക്കുന്നുവെന്നായിരുന്നു യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് നേരത്തെ പ്രഖ്യാപിച്ചത്. ഈ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ഇന്ത്യക്ക് എണ്ണ വാങ്ങാൻ 'അനുവാദം' വേണോ എന്ന തരത്തിൽ കേന്ദ്രസർക്കാരിനെതിരെ രാജ്യത്ത് വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ശാശ്വതമായ ആഗോളസമാധാനത്തിന്റെ ഏക അടിത്തറയെന്നും കമൽഹാസൻ തന്റെ കത്തിൽ ഓർമ്മിപ്പിച്ചു. "നിങ്ങളുടെ രാജ്യത്തിനും അവിടെയുള്ള ജനങ്ങൾക്കും സമാധാനവും സമൃദ്ധിയും ഞങ്ങൾ നേരുന്നു," എന്ന് ആശംസിച്ചുകൊണ്ട്, "ഇന്ത്യക്കാരനെന്നതിൽ അഭിമാനിക്കുന്ന ഒരു പൗരൻ, മക്കൾ നീതി മയ്യം സ്ഥാപകൻ" എന്ന നിലയിലാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.