പട്‌ന: ഡൽഹിയിലെ ആം ആദ്മിയുടെ കുതിപ്പിൽ കോൺഗ്രസ് തീർത്തും നിഷ്പ്രഭമായ അവസ്ഥയിലാണ്. പരിപാതകരമായി അവസ്ഥയിൽ നേതാക്കളില്ലാത്ത പാർട്ടിയെ കൈപിടിച്ചുയർത്താൻ നേതൃത്വം വഴിതേടുന്നത് കനയ്യ കുമാറിലൂടെയാണ്. ബിഹാർ നേതൃത്വം തള്ളിപ്പറഞ്ഞ കനയ്യയെ ഡൽഹിയിലെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് ശ്രമം നടത്തുന്നത്.

അല്ലാത്ത പക്ഷം യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കും ഹൈക്കമാൻഡ് കനയ്യ കുമാറിനെ പരിഗണിക്കുന്നുണ്ട്. കനയ്യയെ ബിഹാർ സംസ്ഥാന അധ്യക്ഷനാക്കാൻ നേരത്തേ നീക്കമുണ്ടായിരുന്നെങ്കിലും സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ എതിർത്തതിനാൽ നടന്നില്ല. ബിഹാർ മഹാസഖ്യത്തിൽ ആർജെഡി, സിപിഐ സഖ്യകക്ഷികൾക്കും അദ്ദേഹത്തോടു താൽപര്യക്കുറവുണ്ട്.

ഡൽഹി വോട്ടർമാരിൽ വലിയൊരു ഭാഗം യുപി, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ളവരായതിനാൽ കനയ്യയ്ക്കു പിന്തുണയാർജിക്കാൻ കഴിയുമെന്നാണു വിലയിരുത്തൽ. യുവാക്കളെ ആകർഷിക്കാൻ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നിയോഗിക്കാനും സാധ്യതയുണ്ട്. കനയ്യ ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിഹാറിൽ ദയനീയ പ്രകടനമായിരുന്നു കോൺഗ്രസിന്റേത്. കനയ്യ കുമാറിനെ സംസ്ഥാന അധ്യക്ഷനാക്കാനാണ് രാഹുൽ ഗാന്ധിക്കു താൽപര്യം ഉണ്ടായിരുന്നെങ്കിലും മറ്റു നേതാക്കളുടെ എതിർപ്പിൽ അത് നടന്നില്ല. പ്രബലമായ ഭൂമിഹാർ സമുദായത്തിന്റെ പിന്തുണയാർജിക്കാനും സമുദായാംഗമായ കനയ്യയ്ക്കു സാധിക്കുമെന്നാണു കണക്കുകൂട്ടൽ അടക്കം ഉണ്ടായെങ്കിലും അതുണ്ടായില്ല.

തകർന്നുപോയ ഡൽഹി കോൺഗ്രസിനെ തിരികെ കൊണ്ടുവരുവാൻ കേന്ദ്ര നേതൃത്വം നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു. അത്തരത്തിലൊരു പരീക്ഷണമാണ് കനയ്യകുമാറിനെ ഡൽഹിയിലെത്തിച്ച് സംസ്ഥാന അദ്ധ്യക്ഷ പദവി നൽകാനുള്ള ആലോചന. ഉത്തർപ്രദേശിൽ നിന്നെത്തി ഡൽഹി മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിന്റെ ഉദാഹരണമാണ് കേന്ദ്ര നേതൃത്വം നേതാക്കളുടെ മുന്നിൽ അവതരിക്കുന്നത്.

നിലവിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷനായ, 42കാരൻ ബിവി ശ്രീനിവാസ് പദവിയിൽ നാല് വർഷം പൂർത്തിയാക്കി. ഈ സാഹചര്യത്തിലാണ് പുതിയ അദ്ധ്യക്ഷനെ തേടുന്നത്. ദേശീയ ശ്രദ്ധ നേടിയ, 36കാരനായ കനയ്യകുമാർ സ്ഥാനത്തേക്ക് വന്നാൽ സംഘടനക്ക് പുതിയൊരുണർവ് സൃഷ്ടിക്കാൻ കഴിയുമെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിന് ഉള്ളത്. തലസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ നയിക്കാൻ പുതുരക്തങ്ങളെത്തണമെന്ന് ദേശീയ നേതൃത്വത്തിനുണ്ട്. അതിനാൽ കൂടിയാണ് കനയ്യകുമാറിനെ ഈ പദവികളിലേക്ക് പരിഗണിക്കുന്നത്.