ന്യൂഡൽഹി: ആദ്യം പ്രശാന്ത് കിഷോർ. ഇപ്പോൾ സുനിൽ കനുഗോലു. കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്മാരുമായി ഒത്തുപോകില്ലേ? കർണാടകയിലും, തെലങ്കാനയിലും കോൺഗ്രസിനെ ജയത്തിലേക്ക് നയിച്ച സുനിൽ കനുഗോലു, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിരിക്കില്ല. അദ്ദേഹം ഇനി ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ശ്രദ്ധയൂന്നും. എൻഡി ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രണ്ടുവർഷം മുമ്പ് പ്രശാന്ത് കിഷോർ കോൺഗ്രസിന്റെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നിന്ന് പിന്മാറിയിരുന്നു. കർണാടകത്തിൽ, ബിജെപിയെയും, തെലങ്കാനയിൽ ബി ആർ എസിനെയും കീഴടക്കിയ കോൺഗ്രസിന് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയും മഹാരാഷ്ടയിലും കൂടി നേട്ടം ഉണ്ടാക്കണമെന്നാണ് താൽപര്യം. അതനുസരിച്ചാണ് കനുഗോലുവിന്റെ ചുമതലാ മാറ്റമെന്നും പറയുന്നു. ഈ രണ്ടു സംസ്ഥാനങ്ങളിലും കനുഗോലു തന്റെ ടീമുകളെ നേരത്തെ തന്നെ നിയോഗിച്ചുകഴിഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനുഗോലുവിന്റെ തന്ത്രങ്ങൾ കോൺഗ്രസിന് വേണ്ടേ?

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ കനുഗോലുവിന്റെ തന്ത്രങ്ങളുടെ അഭാവം ചെറിയ തിരിച്ചടിയാണെന്ന് ചില ഉന്നത നേതാക്കൾ തന്നെ സമ്മതിക്കുന്നു. എന്നാൽ, ഹരിയാനയും, മഹാരാഷ്ട്രയും കോൺഗ്രസിന് കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞാൽ, അതുദീർഘകാല നേട്ടമായിരിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

കർണാടകത്തിലും, തെലങ്കാനയിലും കോൺഗ്രസ് സർക്കാരുകളുടെ മുഖ്യ ഉപദേഷ്ടാവായി കനുഗോലു തുടരുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നു. കനുഗോലുവിനെ ഒപ്പം കൂട്ടാത്ത മധ്യപ്രദേശ,് രാജസ്ഥാൻ കോൺഗ്രസ് നേതൃത്വങ്ങൾ തിരഞ്ഞെടുപ്പിൽ തോറ്റമ്പിയതോടെ, വീണ്ടുവിചാരത്തിലാണ്. കമൽ നാഥുമായും, അശോക് ഗെലോട്ടുമായും കനുഗോലു ആദ്യഘട്ട ചർച്ച നടത്തിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആവശ്യങ്ങളോട് ഇരുവരും അനുകൂലമായി പ്രതികരിച്ചില്ല. അതിന്റെ ഫലം തിരഞ്ഞെടുപ്പിൽ കാണുകയും ചെയ്തു. കർണാടകയിലും, തെലങ്കാനയിലും കനുഗോലുവിന് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായി. ഇരുസംസ്ഥാനങ്ങളിലും കോൺഗ്രസ് ജയിച്ചുകയറുകയും ചെയ്തു.

കോൺഗ്രസ് ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായതോടെ, സീറ്റ് പങ്കിടൽ അടക്കം തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ കുറെ കൂടി സങ്കീർണമായി കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ, ഇന്ത്യ സഖ്യത്തിലെ മറ്റുകക്ഷികളുമായി പ്രവർത്തിച്ചുപരിചയമുള്ള ആശയങ്ങളുടെ ആശാനായ കനുഗോലുവിന്റെ സാന്നിധ്യം കോൺഗ്രസിന് ഗുണം ചെയ്യുമായിരുന്നു എന്നു കരുതുന്ന രാഷ്ട്രീയ നിരീക്ഷകർ ഏറെ. 2019 ൽ ഡി എം കെയ്‌ക്കൊപ്പവും, 2014 ൽ ബിജെപിക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട് കനുഗോലു.

കനുഗോലുവുമില്ല, കിഷോറുമില്ല

2022ലാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ താൻ കോൺഗ്രസിനൊപ്പം പ്രവർത്തിക്കാൻ ഇല്ലെന്ന് പ്രഖ്യാപിച്ചത്. നരേന്ദ്ര മോദിക്കൊപ്പവും, മമത ബാനർജിക്കൊപ്പവും വിജയങ്ങൾ കുറിച്ചിട്ടുള്ള പ്രശാന്ത് കിഷോറിന് പക്ഷേ കോൺഗ്രസ് നേതൃത്വവുമായി ഒത്തുപോകാനായില്ല. പ്രശാന്തിന്റെ സമൂല പാർട്ടി പരിഷ്‌കരണത്തിനുള്ള ചില നിർദ്ദേശങ്ങൾ ചില മുതിർന്ന നേതാക്കൾക്ക് ദഹിക്കാത്തതാണ് മുഖ്യകാരണം.

കോൺഗ്രസിന് ദീർഘകാല പദ്ധതി?

അതേസമയം, കോൺഗ്രസ് ദീർഘകാല പദ്ധതിയാണ് മനസ്സിൽ കാണുന്നതും കരുതുന്നവരുണ്ട്. ഈ വർഷം, രാജസ്ഥാനിലും, മധ്യപ്രദേശിലും, ഛത്തീസ്‌ഗഡിലും, 2022 ൽ പഞ്ചാബിലും ഉണ്ടായ തോൽവികളെ കർണാടക, തെലങ്കാന, ഹിമാചൽ ജയങ്ങളുമായി തട്ടിച്ചുനോക്കുകയാണ് കോൺഗ്രസ്.

തോറ്റ നാലു സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ പ്രചാരണ പരിപാടികളിലെ വീഴ്ചകൾ കാരണം ബിജെപിക്കും എഎപിക്കും നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. ബിജെപിക്ക് 12 സംസ്ഥാനങ്ങളിൽ അധികാരം ഉള്ളപ്പോൾ കോൺഗ്രസിന് മൂന്നു സംസ്ഥാനങ്ങളിൽ മാത്രമാണ് അധികാരം. അതുകൊണ്ട് തന്നെ മുഖ്യ സംസ്ഥാനങ്ങളിൽ അടിത്തറ വിപുലമാക്കാൻ കനുഗോലുവിന്റെ ഫീൽഡ് സർവേകളെയും മറ്റും ആശ്രയിക്കുകയാണ് കോൺഗ്രസ്.

ഹരിയാനയിൽ ബിജെപി അത്ര ശക്തമായ നിലയിലല്ല. മഹാരാഷ്ട്രയിലാകട്ടെ ശിവസേനയിലെ പിളർപ്പ് കാരണം ആകെ കുഴഞ്ഞുമറിഞ്ഞ നിലയിലാണ് കാര്യങ്ങൾ. കോൺഗ്രസിന് ശക്തമായ സാന്നിധ്യമില്ലാത്ത ആന്ധ്രയുടെ ചുമതലയും കനുഗോലുവിന് നൽകിയേക്കും. ബിജെഡി ശക്തമായ നിലയിലുള്ള ഒഡിഷ, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും ഈ വർഷം തിരഞ്ഞെടുപ്പ് നടക്കും. ഝാർഖണ്ഡിലാകട്ടെ കോൺഗ്രസ് ഇപ്പോൾ തന്നെ ജെഎംഎമ്മുമായുള്ള സഖ്യത്തോടെ സർക്കാരിന്റെ ഭാഗമാണ്. അതേസമയം, ജമ്മു-കശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നാൽ, അതായിരിക്കും കോൺഗ്രസിന് വലിയ ബലപരീക്ഷണം. 2014 ലാണ് ഇതിനുമുമ്പ് ജമ്മു-കശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നത്.