- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ പാലിക്കാൻ 52,000 കോടി രൂപ; മദ്യവില വർദ്ധിപ്പിച്ചു; 3.27 ലക്ഷം കോടിയുടെ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡിട്ട് സിദ്ധരാമയ്യ; സദാചാര ഗുണ്ടായിസത്തിനെതിരെ കർശന നടപടി
ബെംഗളൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പുനൽകി ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.
എക്സൈസ് തീരുവയിൽ 20 ശതമാനം വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ തീരുവയാണ് വർദ്ധിപ്പിച്ചത്. ബിയറുൾപ്പടെയുള്ളവയുടെ അധിക തീരുവ 175 ശതമാനത്തിൽ നിന്ന് 185 ശതമാനമായി ഉയർത്തും. എക്സൈസ് തീരുവയിൽ വർദ്ധനവുണ്ടായെങ്കിലും അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ മദ്യവില കുറവാണെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്ന സദാചാര ഗുണ്ടായിസവും വർഗീയവത്കരണവും നിരോധിക്കുമെന്ന പ്രഖ്യാപനവും ബജറ്റ് പ്രസംഗത്തിൽ ഉണ്ടായി. ഇതിലൂടെ ക്രമസമാധാനത്തോടുള്ള പ്രതിബദ്ധത കോൺഗ്രസ് സർക്കാർ ഉറപ്പാക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, സൗജന്യ 200 യൂണിറ്റ് വൈദ്യുതി, ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക് 10 കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യങ്ങൾ, വീട്ടമ്മമാർക്കും തൊഴിൽ രഹിതർക്കുമുള്ള പ്രതിമാസ സാമ്പത്തിക സഹായം തുടങ്ങി പ്രധാനപ്പെട്ട അഞ്ചു പ്രഖ്യാപനങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇതിനു മാത്രമായി അമ്പത്തിരണ്ടായിരം കോടിയിലേറെ രൂപ സർക്കാർ മാറ്റിവെയ്ക്കുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
മെട്രോ നവീകരണത്തിനായി മുപ്പതിനായിരം കോടി രൂപ, ഹൈദരാബാദ്- കർണാടക മേഖലയുടെ നവീകരണത്തിനായി 75 കോടി രൂപ എന്നിവയാണ് മറ്റു പ്രധാന പ്രഖ്യാപനങ്ങൾ. നിയമസഭയിൽ തന്റെ 14ാം ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. 1.3 കോടി കുടുംബങ്ങൾക്ക് ബജറ്റിലെ പ്രഖ്യാപനങ്ങൽ നേട്ടമുണ്ടാകുമെന്നാണു സർക്കാരിന്റെ അവകാശവാദം.
2023 24 സാമ്പത്തിക വർഷത്തേക്കായി 3.27 ലക്ഷം കോടിയുടെ ബജറ്റാണു സിദ്ധരാമയ്യ അവതരിപ്പിച്ചത്. എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹ ജ്യോതി, എല്ലാ കുടുംബനാഥകൾക്കും മാസം തോറും 2000 രൂപ നൽകുന്ന ഗൃഹ ലക്ഷ്മി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 10 കിലോ സൗജന്യ അരി നൽകുന്ന അന്ന ഭാഗ്യ, ബിരുദധാരികളായ യുവാക്കൾക്ക് രണ്ടു വർഷത്തേക്ക് മാസം തോറും 3000 രൂപയും തൊഴിൽ രഹിതരായ ഡിപ്ലോമക്കാർക്ക് 1500 രൂപയും നൽകുന്ന യുവനിധി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ഉചിത പ്രയാണ എന്നീ പദ്ധതികളായിരുന്നു കോൺഗ്രസിന്റെ വാഗ്ദാനം.
പാർട്ടിയുടെ 5 വാഗ്ദാനങ്ങൾ കർണാടകയിൽ മികച്ച വിജയം നേടാൻ സഹായിച്ചെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ. 224 അംഗ നിയമസഭയിൽ 135 സീറ്റ് നേടിയാണ് ബിജെപിയെ അട്ടിമറിച്ച് കോൺഗ്രസ് ഭരണം പിടിച്ചത്. ''ഇപ്പോഴത്തെ പ്രഖ്യാപനങ്ങളൊന്നും സൗജന്യങ്ങളല്ല. വികസനത്തിന്റെ ഫലങ്ങൾ പാവങ്ങളുമായി പങ്കുവയ്ക്കുകയാണ്'' സിദ്ധരാമയ്യ വിശദീകരിച്ചു. 14 ബജറ്റുകൾ അവതരിപ്പിച്ച് ധനമന്ത്രിയെന്ന നിലയിൽ പുതിയ റെക്കോർഡും സിദ്ധരാമയ്യ സ്വന്തമാക്കി.




