ബെംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി പദവി തമ്മിലുള്ള തർക്കത്തിന് ഇന്ന് തീരുമാനം ഉണ്ടായേക്കും. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയേക്കുമെന്നാണ് ഡൽഹിയിലെ രാഷ്ട്രീയ നീക്കങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എംഎൽഎമാരുടെ പിന്തുണയിൽ സിദ്ധരാമയ്യ മുന്നിലെത്തിയത് തന്നെയാണ് ഹൈക്കമാൻഡ് പരിഗണിക്കുക. 85 എംഎൽഎമാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെയാണ്. 45 നിയമസഭാംഗങ്ങളാണ് ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം ആറ് അംഗങ്ങൾ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കട്ടേയെന്ന നിലപാടുകാരാണെന്നും എഐസിസി നിരീക്ഷക സമിതിയുടെ റിപ്പോർട്ട്.

ഇതോടെ വിമത നീക്കത്തിനില്ലെന്ന് പറഞ്ഞ് ഡികെ ശിവകുമാർ രംഗത്ത് വന്നതോടെ ഇനി അധികം വൈകാതെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. എങ്കിലും പിസിസി അധ്യക്ഷനായ ഡികെ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ ഉപമുഖ്യമന്ത്രി പദവും സുപ്രധാന വകുപ്പുകളും അദ്ദേഹത്തിന് നൽകിയേക്കുമെന്നും കരുതുന്നു. എന്നാൽ, ഏക മുഖ്യമന്ത്രി പദവി എന്ന ആവശ്യം ഹൈക്കമാൻഡ് അംഗീകരിക്കാത്തതാണ് ഡികെയെ അസ്വസ്ഥനാക്കുന്നത്. കർണാടകയിലെ മിന്നുന്ന വിജയത്തിൽ ഡികെയ്ക്ക് വലിയ റോൾ തന്നെ ഉണ്ട്. അതുകൊണ്ട് അദ്ദേഹത്തെ തൃപതിപ്പെടുത്തും വിധമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക.

ഇന്നലെ വൈകുന്നേരം ഡൽഹി യാത്ര റദ്ദാക്കിയ ഡി കെ ഇന്ന് തലസ്ഥാനത്ത് എത്തിയേക്കും. ഇവിടെ വെച്ച് ഖാർഗയെയും സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കണ്ട ശേഷമാകും തീരുമാനം ഉണ്ടാകുക. ഡൽഹിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ തിങ്കളാഴ്ച വൈകീട്ടുചേർന്ന യോഗത്തിൽ തീരുമാനമൊന്നുമായില്ല. സിദ്ധരാമയ്യ ഡൽഹിയിലെത്തിയെങ്കിലും ചർച്ചകളുടെ ഭാഗമായില്ല. കർണാടകയിൽ പാർട്ടി നിയമിച്ച നിരീക്ഷകരായ മഹാരാഷ്ട്ര മുന്മുഖ്യമന്ത്രി സുശീൽകുമാർ ഷിന്ദേ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്, ദീപക് ബാബറിയ എന്നിവരും എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരും ചർച്ചയിൽ പങ്കെടുത്തു. തിങ്കളാഴ്ചതന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും യോഗത്തിനുശേഷം നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

ഞായറാഴ്ച എംഎ‍ൽഎ.മാർ നിയമസഭാകക്ഷിയോഗത്തിൽ നടത്തിയ അഭിപ്രായവോട്ടെടുപ്പിന്റെ രേഖകളും അതുസംബന്ധിച്ച റിപ്പോർട്ടും നിരീക്ഷകർ ഖാർഗെക്ക് കൈമാറി. സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും പേരെഴുതിയ രഹസ്യബാലറ്റിൽ എല്ലാ എംഎ‍ൽഎ.മാരെക്കൊണ്ടും അഭിപ്രായം എഴുതിവാങ്ങുകയായിരുന്നു. സിദ്ധരാമയ്യക്ക് 80-ലേറെ വോട്ടും ശിവകുമാറിന് 50-ൽത്താഴെ വോട്ടുമാണ് ലഭിച്ചതെന്നാണ് സൂചന. ചില എംഎ‍ൽഎ.മാർ സ്വന്തം പേരെഴുതി. ചിലരാകട്ടെ മുഖ്യമന്ത്രിയായി ഖാർഗെ വരണമെന്ന അഭിപ്രായവുമെഴുതിയെന്നാണ് വിവരം.

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭാകക്ഷിയോഗം ഖാർഗെയെ ചുമതലപ്പെടുത്തിയതോടെയാണ് കർണാടകവിഷയം ഹൈക്കമാൻഡിലേക്ക് എത്തിയത്. എംഎ‍ൽഎ.മാർ ആരുടെകൂടെ എന്നതിൽ കേന്ദ്രനേതൃത്വത്തിനു വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അതിനാലാണ് മൂന്ന് നിരീക്ഷകരെ നിയമിച്ച് അഭിപ്രായം തേടിയത്. കൂടുതൽ എം.

എൽ.എ.മാർ തനിക്കൊപ്പമുണ്ടെന്നാണ് സിദ്ധരാമയ്യ നേതൃത്വത്തോട് അവകാശപ്പെട്ടത്. ആ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ എംഎ‍ൽഎ.മാർക്കിടയിൽ അഭിപ്രായം ചോദിക്കണമെന്ന നിർദ്ദേശം ഹൈക്കമാൻഡിനുമുന്നിൽ സിദ്ധരാമയ്യയാണ് വെച്ചതെന്നും സൂചനയുണ്ട്. ശിവകുമാറിന് ഉപമുഖ്യമന്ത്രിപദമെന്ന വാഗ്ദാനം ഹൈക്കമാൻഡ് നൽകിയിട്ടുണ്ട്. ചർച്ചകൾ ഫലംകണ്ടില്ലെങ്കിൽ സത്യപ്രതിജ്ഞച്ചടങ്ങ് വ്യാഴാഴ്ചയിൽനിന്ന് ശനിയാഴ്ചത്തേക്കുമാറ്റുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പം ചൊവ്വാഴ്ച സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും കണ്ടേക്കും. അവിടെ അന്തിമതീരുമാനമുണ്ടാക്കാനാണ് ശ്രമം. ഡി.കെ. ശിവകുമാർ ഡൽഹിയിലെത്തിയേക്കും. അദ്ദേഹത്തിന്റെ സഹോദരൻ ഡി.കെ. സുരേഷ് നേരത്തേ ഡൽഹിയിലെത്തി മുതിർന്നനേതാക്കളുമായി സമവായചർച്ചകൾ നടത്തിയിരുന്നെന്നും വിവരമുണ്ട്.

മുഖ്യമന്ത്രിപദം ലഭിക്കുന്നതുവരെ ഏക ഉപമുഖ്യമന്ത്രിസ്ഥാനവും ആഭ്യന്തരവകുപ്പും തനിക്ക് നൽകണമെന്നാണ് ശിവകുമാറിന്റെ നിലപാട്. ഇതിനോട് ഹൈക്കമാൻഡ് യോജിപ്പ് പ്രകടിപ്പിച്ചില്ല. ഇതാണ് അദ്ദേഹത്തിന്റെ അസ്വാരസ്യത്തിന് കാരണമെന്നാണ് സൂചന. ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ശിവകുമാറിനുപുറമേ എം.ബി. പാട്ടീൽ, ജി. പരമേശ്വര എന്നിവരുടെ പേരുകളുമുയർന്നിട്ടുണ്ട്. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയും നിയമിക്കുന്നതിൽ സമുദായപരിഗണന പാലിക്കേണ്ട സാഹചര്യം ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടുന്നു. സിദ്ധരാമയ്യ കുറുമ്പ സമുദായാംഗവും ഡി.കെ. ശിവകുമാർ വൊക്കലിഗ സമുദായവുമാണ്. ഇത്തവണ പിന്തുണച്ച പ്രബല ലിംഗായത്ത് സമുദായത്തിന് ഉപമുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ശക്തമാണ്. എം.ബി. പാട്ടീൽ ലിംഗായത്ത് സമുദായാംഗമാണ്.

ബെംഗളൂരുവിൽചേർന്ന നിയമസഭാകക്ഷിയോഗത്തിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൂടുതൽപ്പേർ പിന്തുണച്ചത് സിദ്ധരാമയ്യയെയാണ്. തുടർന്നാണ് അദ്ദേഹം തിങ്കളാഴ്ച രാവിലെ ഡൽഹിക്കുപോയത്. മുൻ ആഭ്യന്തരമന്ത്രി കെ.ജെ. ജോർജ് അടക്കം ആറ് എംഎ‍ൽഎ.മാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അതേസമയം, ഡി.കെ. ശിവകുമാറിന്റെ 61-ാം ജന്മദിനാഘോഷത്തിൽ സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളും പങ്കെടുത്തിരുന്നു.

തന്റേത് ഒരുകലാപമൊന്നുമല്ലെന്ന് ഡികെ എൻഡി ടിവിയോട് പറഞ്ഞു. ഞാൻ വിമതനാവില്ല. ബ്ലാക്ക്മെയിലും ചെയ്യില്ല. ഞാനൊരു കുട്ടിയല്ല, എനിക്ക് എന്റേതായ ദർശനമുണ്ട്, വിശ്വസ്തതയുണ്ട്, അദ്ദേഹം പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയതെന്നാണ് ശിവകുമാർ പറയുന്നത്. കർണാടകയിൽ ഭരണം നേടിക്കൊടുക്കുമെന്ന് സോണിയയ്ക്കു നൽകിയ വാക്ക് പാലിച്ചു. 'ഇന്ന് എന്റെ ജന്മദിനമാണ്. ഞാൻ എന്റെ കുടുംബത്തെ കാണും. അതിനുശേഷം ഡൽഹിയിലേക്ക് പോകുമെന്നായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്.

'ഞാൻ കളികൾ കളിക്കാറില്ല പാർട്ടിക്ക് ഇഷ്ടമുള്ള ഏതുസ്ഥാനം വേണമെങ്കിലും തരാം. 135 എംഎൽഎമാരും തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്. ഞാൻ എണ്ണത്തെ കുറിച്ച് സംസാരിക്കാറില്ല. 135 പേരും എനിക്കൊപ്പമുണ്ട്. എന്റെ നേതൃത്വത്തിലാണ് കോൺഗ്രസിന് 135 സീറ്റുകൾ കിട്ടിയത്. എന്നാൽ, ഞാൻ തീരുമാനം ഹൈക്കമാൻഡിന് വിട്ടും', ഡികെ പറഞ്ഞു.