- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡികെ ശിവകുമാറിന്റെ പാളയത്തിലെ എംഎൽഎമാർക്കും സിദ്ധരാമയ്യയോട് താൽപ്പര്യക്കുറവില്ല; ഉപമുഖ്യമന്ത്രി സ്ഥാനം ഡികെയ്ക്ക് നൽകുമെങ്കിലും ധനമന്ത്രിസ്ഥാനം വിട്ടു നൽകുന്നന്നതിൽ സിദ്ധരാമയ്യക്ക് താൽപ്പര്യക്കുറവ്; ഷിംലയിലുള്ള സോണിയ ഗാന്ധി ഇന്നെത്തിയ ശേഷം അന്തിമ തീരുമാനം; ബംഗളുരുവിലേക്ക് ഡികെ മടങ്ങിയത് മുറിവേറ്റ് മനസ്സുമായി
ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തിനായി പരമവധി പിടിച്ചു നോക്കുകയാണ് ഡി കെ ശിവകുമാർ. സിദ്ധരാമയ്യയും വിട്ടുവീഴ്ച്ചകൾക്ക് തയ്യാറല്ല. അദ്ദേഹത്തിനാണ് എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ. അധികാര വടംവലിയായി ഈ വിഷയം മറിയതോടെ സസ്പെൻസ് തുടരുകയാണ്. ഡികെ ശിവകുമാറും സിദ്ധരാമയ്യയും ന്യൂഡൽഹിയിൽ പാർട്ടിയുടെ ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അധികാരം പങ്കിടലലിൽ തീരുമാനമാകാത്തതിനാൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ഇനിയും വൈകാനാണ് സാധ്യത. ധനമന്ത്രിസ്ഥാനവും വിട്ടുനൽകാൻ സിദ്ധരാമയ്യയ്ക്ക് താൽപര്യമില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഡികെ ശിവകുമാറിന്റെ പാളയത്തിൽ നിന്നുള്ള എംഎൽഎമാരുടെയും പിന്തുണയുള്ളതിനാൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് മുൻഗണന. തിരഞ്ഞെടുപ്പ് വേളയിൽ സിദ്ധരാമയ്യ തങ്ങൾക്ക് വേണ്ടി പ്രചാരണം നടത്തിയതിനാൽ ഡികെ ശിവകുമാർ ക്യാമ്പിലെ എംഎൽഎമാർ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വൃത്തങ്ങൾ പറയുന്നു. ഇരുപക്ഷവും തമ്മിലുള്ള സംഘർഷം കണക്കിലെടുത്ത് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് സമയമെടുക്കാനാണ് സാധ്യത. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉടൻ കർണാടക സന്ദർശിക്കുമെന്നും പാർട്ടി നേതാക്കളെയും എംഎൽഎമാരെയും കണ്ട് ഇക്കാര്യത്തിൽ അഭിപ്രായം തേടുമെന്നും വൃത്തങ്ങൾ അറിയിച്ചു.
അതേസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നിർദ്ദേശങ്ങളോട് പ്രതികരിക്കാതെയാണ് ഡി കെ ശിവകുമാർ ഇന്നലെ മടങ്ങിയത്. ചർച്ചക്കു ശേഷം നിലപാട് വ്യക്തമാക്കാതെയാണ് ശിവകുമാർ മടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ടേം വ്യവസ്ഥയോടും ശിവകുമാർ പ്രതികരിച്ചില്ല. അതേസമയം, ഇനിയും തുടർ ചർച്ചകൾക്ക് സാധ്യതയെന്നാണ് വിവരം. ഖാർഗെയുമായുള്ള ചർച്ചക്ക് ശേഷം സിദ്ധരാമയ്യയും മടങ്ങിയിരിക്കുകയാണ്. അതേസമയം, ഇരുവരുമായും ചർച്ച നടത്തിയ ഖാർഗെ സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം ബെംഗളൂരുവിൽ നടത്തുന്നതിനെ കുറിച്ചും ആലോചനയുണ്ട്.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള ധാരണയിലാണ് കോൺഗ്രസ് നേതൃത്വം. ഡൽഹിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിലാണ് ധാരണയായത്. ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയുണ്ട്. പിസിസി അധ്യക്ഷസ്ഥാനത്തും ഡികെ തുടരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും കണ്ടു. തുടർന്ന് ഡികെ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സോണിയഗാന്ധി നേരിട്ട് ശിവകുമാറിനെ അനുനയിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
രണ്ടാംഘട്ടത്തിൽ ഡികെയെ മുഖ്യമന്ത്രിയാക്കും. കൂടുതൽ എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കായ സാഹചര്യത്തിലാണ് ആദ്യ ടേമിൽ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ ധാരണയിലെത്തിയിരിക്കുന്നത്. സോണിയാ ഗാന്ധി എത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. ബെംഗളുരുവിൽ വച്ച് പ്രഖ്യാപിക്കാനുള്ള സാധ്യതകളുമുണ്ട്. നിരവധി ഓഫറുകളാണ് ഡികെയെ അനുനയിപ്പിക്കാനായി കോൺഗ്രസ് നേതൃത്വം മുന്നോട്ട് വച്ചത്. ആദ്യ ടേം തനിക്ക് വേണമെന്ന് ഡികെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളി, കൂടുതൽ ഓഫറുകൾ മുന്നോട്ട് വെക്കുകയായിരുന്നു.
അതേസമയം സിദ്ധരാമയ്യയ്ക്കു കീഴിൽ ഉപമുഖ്യമന്ത്രിയായി ഇരിക്കാൻ ശിവകുമാർ തയാറായേക്കില്ലെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ പ്രധാന വകുപ്പുകൾക്കു മേൽ ശിവകുമാർ അവകാശവാദമുന്നയിക്കും. മുഖ്യമന്ത്രി പദത്തിനു പുറമെ വകുപ്പുകളുടെ കാര്യത്തിലും ഹൈക്കമാൻഡിനു തീരുമാനമെടുക്കേണ്ടി വരും.
ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രിയാകാൻ നേരത്തെ അവസരം ലഭിച്ചിട്ടുണ്ടെന്നും ഇപ്പോൾ തന്റെ ഊഴമാണെന്നും ശിവകുമാർ കോൺഗ്രസ് അധ്യക്ഷനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായ സമയത്ത് തെറ്റായ ഭരണമായിരുന്നെന്നും കർണാടകയിലെ പ്രമുഖ സമുദായമായ ലിംഗായത്തുകൾ മുൻ മുഖ്യമന്ത്രിക്ക് എതിരാണെന്നും ശിവകുമാർ ഖാർഗെയോട് പറഞ്ഞു.
രഹസ്യ ബാലറ്റ് വോട്ടെടുപ്പിന്റെ ഫലം യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായും പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും ചർച്ച ചെയ്ത ശേഷം കർണാടകയിലെ അടുത്ത മുഖ്യമന്ത്രിയെ കോൺഗ്രസ് അധ്യക്ഷൻ തീരുമാനിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച കർണാടകയിലെ മൂന്ന് നിരീക്ഷകരും ഖാർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു, പാർട്ടി നേതാക്കളുടെ യോഗം അഞ്ച് മണിക്കൂറിലധികം നീണ്ടു. കർണാടകയിൽ കോൺഗ്രസ് 135 സീറ്റുകൾ നേടിയപ്പോൾ ഭരണകക്ഷിയായ ബിജെപിക്ക് 66 സീറ്റുകൾ മാത്രമാണ് നേടാനായത്. കിങ് മേക്കർ റോൾ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ജെഡിഎസ് ആവട്ടെ സംസ്ഥാനത്ത് വെറും 19 സീറ്റുകളിലേക്ക് ചുരുങ്ങി.
മറുനാടന് ഡെസ്ക്