- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം സമുദായത്തിന് നൽകണമെന്ന് കർണാടക സുന്നി വഖഫ് ബോർഡ് ചെയർമാൻ; ബിജെപി പിന്തുണയിൽ അധ്യക്ഷ സ്ഥാനത്തെത്തിയ ഷാഫി സാദിയുടെ വാക്കുകൾ കുത്തിത്തിരിപ്പിന് വേണ്ടിയെന്ന് വിമർശനം; കർണാടകയിൽ വിജയിച്ചു കയറിയത് ഒമ്പത് മുസ്ലിം എംഎൽഎമാർ
ബംഗളുരു: മുസ്ലിം സമുദായത്തിൽ നിന്നുള്ളയാൾക്ക് കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് സുന്നി വഖഫ് ബോർഡ്. 72 മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിച്ചത് മുസ്ലീങ്ങൾ കാരണമാണ് എന്ന അവകാശവാദനുമായാണ് വഖഫ് ബോർഡ് ചെയർമാൻ ഷാഫി സാദി രംഗത്തുവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യാ ടുഡേയാണ് രംഗത്തുവന്നത്. ഒരു സമുദായമെന്ന നിലയിൽ കോൺഗ്രസിന് ഒരുപാട് ഉപകാരം ചെയ്തുവെന്നും പറഞ്ഞു.
കോൺഗ്രസ് നൽകിയ വാഗ്ദാനം ഉറപ്പാക്കാൻ സുന്നി ഉലമ ബോർഡ് ഓഫീസിൽ അടിയന്തര യോഗം ചേർന്നുവെന്നും വഖഫ് ബോർഡ് ചെയർമാൻ ഷാഫി സാദി പറഞ്ഞു. പല മുസ്ലിം സ്ഥാനാർത്ഥികളും മറ്റ് നിയോജക മണ്ഡലങ്ങളിലും പ്രചാരണം നടത്തി ഹിന്ദു-മുസ്ലിം ഐക്യം ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് കോൺഗ്രസിന്റെ വിജയത്തിൽ അവർക്ക് നിർണായക പങ്കുണ്ടെന്നുണ് ഷാഫി സാദിയുടെ അവകാശവാദം.
ആഭ്യന്തരം, റവന്യൂ, ആരോഗ്യം, തുടങ്ങിയ പ്രധാന വകുപ്പുകൾ മുസ്ലിം മന്ത്രിമാർക്ക് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രി മുസ്ലിം ആയിരിക്കണമെന്നും 30 സീറ്റുകൾ ഞങ്ങൾക്ക് തരണമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ പറഞ്ഞിരുന്നു. ഒരു മുസ്ലിം ഉപമുഖ്യമന്ത്രിയും ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകളും മുസ്ലീങ്ങളെ ഏൽപ്പിക്കണമെന്നും കോൺഗ്രസ് നന്ദി കാണിക്കണമെന്നും വഖഫ് ബോർഡ് നേതാക്കൾ പറഞ്ഞു.
അതേസമയം കർണാടകയിലെ ബിജെപി സർക്കാറിന്റെ കാലത്ത് ബിജെപി പിന്തുണയോടെ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തു വന്ന വ്യക്തിയാണ് ഷാഫി സാദി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ കുത്തിത്തിരിപ്പിന് വേണ്ടിയാണെന്ന വിമർശനവും ശക്തമാണ്. കോൺഗ്രസിൽ നിന്നും മാത്രമാണ് ഒമ്പത് മുസ്ലിം എംഎൽഎമാർ ഉണ്ടായിരിക്കുന്നത്. ഇവർ ആരും തന്നെ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല എന്നിരിക്കേയാണ് ഷാഫി സാദിയുടെ അഭിപ്രായപ്രകടനം.
15 മുസ്ലിം സ്ഥാനാർത്ഥികളെയാണു കോൺഗ്രസ് മത്സരിപ്പിച്ചത്. ജെഡി-എസ് 23 മുസ്ലിംകളെ സ്ഥാനാർത്ഥിയാക്കിയെങ്കിലും ഒരാൾക്കുപോലും ജയിക്കാനായില്ല. കനീസ് ഫാത്തിമയാണ് ഏക വനിതാ മുസ്ലിം എംഎൽഎ. സംസ്ഥാനത്തെ ജനസംഖ്യയിൽ 13 ശതമാനം മുസ്ലിംകളാണ്. അതേസമയം ബിജെപി സർക്കാർ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം കോൺഗ്രസ് എടുത്തുമാറ്റുമെന്ന് നിയുക്ത എംഎൽഎ കനീസ് ഫാത്തിമ അറിയിച്ചു. ഹിജാബിന്റെ പേരിൽ പുറത്താക്കപ്പെട്ട വിദ്യാർത്ഥിനികളെ ക്ലാസ്മുറികളിലേക്ക് തിരിച്ചുകൊണ്ടുവരും. അവർക്ക് ഇനി പരീക്ഷയെഴുതാനാകും. രണ്ടു വിലപ്പെട്ട വർഷമാണ് അവർക്ക് നഷ്ടമായത്' കനീസ് ഫാത്തിമ പറഞ്ഞു.
ഉത്തര ഗുൽബർഗ മണ്ഡലത്തിൽനിന്നാണ് കനീസ ഫാത്തിമ നിയമസഭയിലേക്ക് എത്തുന്നത്. ബിജെപിയുടെ ചന്ദ്രകാന്ത് ബി. പാട്ടീലിനെ തോൽപ്പിച്ച് 2,712 വോട്ടിനായിരുന്നു കനീസയുടെ വിജയം. 2018ലും ഇതേ മണ്ഡലത്തിൽ ചന്ദ്രകാന്തിനെ തന്നെ പരാജയപ്പെടുത്തിയിരുന്നു അവർ. കഴിഞ്ഞ വർഷമാണു കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കി ബിജെപി സർക്കാർ ഉത്തരവിറക്കിയത്.




