ന്യൂഡൽഹി: മനീഷ് സിസോദിയ ഇന്ന് ബിജെപിയിൽ ചേർന്നാൽ, നാളെ അദ്ദേഹത്തെ വിട്ടയയ്ക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ' അദ്ദേഹത്തിന് എതിരായ എല്ലാ കേസുകളും പിൻവലിക്കും. സത്യേന്ദർ ജെയിൻ ഇന്ന് ബിജെപിയിൽ ചേർന്നാൽ, എല്ലാ കേസുകളും പിൻവലിച്ച് ജയിൽ മുക്തനാക്കും. അഴിമതിയല്ല വിഷയം. മന്ത്രിമാർ ചെയ്ത നല്ല പ്രവർത്തനം ഇല്ലാതാക്കുകയാണ് ലക്ഷ്യം', ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയയുടെ അറസ്റ്റിന് ശേഷം കെജ്രിവാൾ ഇതാദ്യമായാണ് പ്രതികരിക്കുന്നത്.

മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത് വഴി സർക്കാർ ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ ചെയ്ത മികച്ച പ്രവർത്തനത്തെ അട്ടിമറിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മദ്യനയത്തിലെ അഴിമതി എന്നത് ഒരു ഒഴിവ്കഴിവുമാത്രമാണ്, സിസോദിയ ബിജെപിയിൽ ചേർന്നാൽ, നാളെ കൊണ്ട് അതവസാനിക്കും.സിസോദിയയുടെ ലോക്കറും വസതിയും പരിശോധിച്ചിട്ട് ആയിരം രൂപ പോലും കിട്ടിയിട്ടില്ല. പ്രധാനമന്ത്രി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും കെജരിവാൾ പറഞ്ഞു.

ബിജെപിക്ക് എഎപിയുടെ മുന്നോട്ടുപോക്കിനെ തടയണം. എഎപി പഞ്ചാബിൽ ജയിച്ചുകയറിയ ശേഷം ഞങ്ങളെ അവർക്ക് ഒട്ടും സഹിക്കാനാവുന്നില്ല, കെജ്രിവാൾ പറഞ്ഞു. എഎപിയുടെ മികച്ച പ്രവർത്തനം ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ ആണെന്നും, സിസോദിയ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ സമഗ്ര പരിവർത്തനമാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സത്യേന്ദർ ജയിൻ ആകട്ടെ ഡൽഹിക്ക് മൊഹല്ല ക്ലിനിക്കുകൾ നൽകി. അവർ രാജ്യത്തിന് അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചത്. മധ്യപ്രദേശിലോ, ഗുജറാത്തിലോ ഉള്ള ബിജെപി സർക്കാരുകൾക്ക് ഒരു സ്‌കൂളോ ആശുപത്രിയോ ഇത്രയും വർഷമായിട്ടും നന്നാക്കാൻ കഴിഞ്ഞില്ല. ഡൽഹിയിലെ മികച്ച ഭരണം ഇനിയും കൂടുതൽ വേഗത്തിൽ തുടരുമെന്നും കെജ്രിവാൾ പറഞ്ഞു.

എഎപി തടുക്കാനാവാത്ത കൊടുങ്കാറ്റാണ്. അതിഷിയും സൗരഭ് ഭരദ്വാജും സിസോദിയയുടെയും സത്യേന്ദറിന്റെയും മികച്ച പ്രവർത്തനം തുടരും. ഓരോ വീടുകളിലും കയറിയിറങ്ങി പ്രചാരണം നടത്താൻ എഎപി തീരുമാനിച്ചു. ഒരിക്കൽ ഇന്ദിര ഗാന്ധി കാട്ടിയത് പോലെ പ്രധാനമന്ത്രി ഇപ്പോൾ ചെയ്യുന്നത് എല്ലാം ജനങ്ങളോട് വിശദീകരിക്കും. ജനങ്ങൾ ഇതിന് മറുപടി നൽകും. അവരിതെല്ലാം കാണുന്നുണ്ട്, അവർ രോഷാകുലരാണ് താനും, കെജ്രിവാൾ പറഞ്ഞു.

അതിഷിയും സൗരഭ് ഭരദ്വാജും പുതിയ എഎപി മന്ത്രിമാർ

എപി എംഎൽഎമാരായ അതിഷിയും സൗരഭ് ഭരദ്വാജുമാണ് പുതിയ മന്ത്രിമാർ. മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും മന്ത്രിസഭയിൽ നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം. സിസോദിയ ഡൽഹിയുടെ ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസം ഉൾപ്പെടെ നിരവധി ഉയർന്ന വകുപ്പുകളുമാണ് വഹിച്ചിരുന്നത്. അതേസമയം ജെയിൻ ഡൽഹിയുടെ ആരോഗ്യ, ജയിൽ മന്ത്രിയായിരുന്നു. സിസോദിയയുടെ സാമ്പത്തികം വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ചില വകുപ്പുകൾ കൈലാഷ് ഗഹ്ലോട്ടിനും രാജ് കുമാർ ആനന്ദിനും നൽകും.