ന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ, 50 ദിവസം തിഹാർ ജയിലിൽ കഴിഞ്ഞ ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുറത്തിറങ്ങി. തനിക്ക് ജാമ്യം നൽകിയ സുപ്രീം കോടതി ജഡ്ജിമാർക്കും, ഹനുമാൻ സ്വാമിക്കും കെജ്രിവാൾ നന്ദി പറഞ്ഞു. നാളെ 11 മണിക്ക് കോണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കും ഒരുമണിക്ക് എഎപി ഓഫീസിൽ വാർത്താസമ്മേളനം ഉണ്ടാകും. തന്റെ എല്ലാ കരുത്തും ഉപയോഗിച്ച് സ്വേച്ഛാധിപത്യത്തിന് എതിരെ പോരാടുകയാണെന്നും, എല്ലാ ഇന്ത്യാക്കാരും ഈ പോരാട്ടത്തിൽ ചേർന്നില്ലെങ്കിൽ, വിജയകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

' ഞാൻ വൈകാതെ മടങ്ങി വരുമെന്ന് പറഞ്ഞിരുന്നില്ലേ. ഈ രാജ്യത്തെ 140 കോടി ജനങ്ങൾ അതിനെതിരെ പോരാടാൻ എനിക്കൊപ്പമെത്തി. നിങ്ങൾക്ക് എല്ലാവർക്കും നന്ദി. ഈ രാജ്യത്തെ കോടിക്കണക്കിനുപേർ എന്നെ അനുഗ്രഹിച്ചു. സുപ്രീം കോടതിക്കും നന്ദി. ദൈവാനുഗ്രഹം എനിക്കൊപ്പമുണ്ട്. ഉടൻ പുറത്തിറങ്ങുമെന്നു ഞാൻ പറഞ്ഞിരുന്നു. പിന്തുണയ്ക്കുന്നവരെ കാണുന്നതിൽ സന്തോഷമുണ്ട്. അവരോടു നന്ദിയുണ്ട്. ഹനുമാൻ സ്വാമിയുടെ അനുഗ്രഹം എനിക്കുണ്ട്. ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരും', കെജ്രിവാൾ പറഞ്ഞു.

ജൂൺ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നൽകണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്വി കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.

അരവിന്ദ് കേജ്രിവാളിന് ജൂൺ ഒന്നു വരെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവ്വഹിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. തന്റെ അറസ്റ്റ് നടപടി തന്നെ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനിടെ പാർട്ടി നേതാവെന്ന പരിഗണനയിൽ കോടതി ജാമ്യം നൽകുകയായിരുന്നു. അറസ്റ്റിനെതിരെ നൽകിയ ഹർജിയിലെ വാദം നീണ്ടു പോകുമെന്ന വിലയിരുത്തലിലാണ് ജാമ്യം.

സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ഡൽഹി മുഖ്യമന്ത്രി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാൾ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

കെജ്രിവാൾ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ആണെന്നും അദ്ദേഹം സമൂഹത്തിന് ഭീഷണിയല്ലെന്നും ജാമ്യം നൽകി കൊണ്ടുള്ള വിധിയിൽ കോടതി പറഞ്ഞു. 'അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടില്ല. അദ്ദേഹത്തിന് ക്രിമിനൽ ചരിത്രമില്ല. അദ്ദേഹം സമൂഹത്തിന് ഭീഷണിയല്ല'.

കെജ്രിവാളിന് 21 ദിവസം ഇടക്കാല ജാമ്യം അനുവദിച്ചാൽ, വലിയ വ്യത്യാസം ഉണ്ടാകാൻ പോകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ഒന്നര വർഷമായി കെജ്രിവാളിന് എതിരെ അന്വേഷണം തുടരുകയാണ്. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് തൊട്ടുമുമ്പ് മാർച്ചിലാണ് അറസ്റ്റുണ്ടായത്. ഇഡിയുടെ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫൊർമേഷൻ റിപ്പോർട്ട് 2022 ഓഗസ്റ്റിലാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, അറസ്റ്റുണ്ടായത് ഈ വർഷം മാർച്ച് 21 നും. കെജ്രിവാളിനെ അതിനുമുമ്പോ, ശേഷമോ അറസ്റ്റ് ചെയ്യാമായിരുന്നു, അതുണ്ടായില്ല, കോടതി നിരീക്ഷിച്ചു.

കേസിൽ കഴിഞ്ഞ മാർച്ചിൽ 21നാണ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിനെതിരെ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ജാമ്യം അനുവദിക്കുമെന്ന സൂചന നേരത്തെ തന്നെ കോടതി നൽകിയിരുന്നു. ഇന്ന് കേസ് പരിഗണിച്ച ഉടൻ തന്നെ ഇടക്കാല ജാമ്യം അനുവദിക്കുന്നത് പരിഗണിക്കുന്നത് തന്നെ എതിർക്കാൻ ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത തുനിഞ്ഞെങ്കിലും കോടതി അനുവദിച്ചില്ല. തിരഞ്ഞെടുപ്പു പ്രചാരണത്തിന് വേണ്ടി ജാമ്യം അനുവദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു വാദം. എന്നാൽ, ഇതു തള്ളിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ഡൽഹി മുഖ്യമന്ത്രിയെ സ്ഥിരം കുറ്റവാളിയെന്ന നിലയിൽ പരിഗണിക്കാനാകില്ലെന്നാണ് വാദം കേൾക്കുന്നതിനിടെ കോടതി നിരീക്ഷിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കരുതെന്ന ഉപാധിയോടെ ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകുമെന്നു സൂചിപ്പിച്ചു. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം വിധിയുണ്ടാകുമെന്നു കരുതിയെങ്കിലും വാദം ഇന്നത്തേക്കു മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പു കാലമാണെന്നതു കൊണ്ടു മാത്രമാണ് ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യം കോടതി പരിഗണിച്ചത്. മറ്റു കേസുകളിൽ നിന്നു വ്യത്യസ്തമായ അസാധാരണ കേസാണ് ഇതെന്നും വാദത്തിനിടെ ബെഞ്ച് നിരീക്ഷിച്ചു. മെയ് 25നാണ് ഡൽഹിയിൽ വോട്ടെടുപ്പ്. അതിനിടെ, അരവിന്ദ് കേജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി മെയ് 20 വരെ ഡൽഹി റൗസ് അവന്യു കോടതി നീട്ടിയിരുന്നു.

മുഖ്യമന്ത്രിയുടെ ചുമതല നിർവഹിക്കരുതെന്ന ജാമ്യ ഉപാധി വയ്ക്കുമെന്ന് വാദത്തിനിടെ സുപ്രീം കോടതി സൂചിപ്പിച്ചതിനെ കേജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി അതിശക്തമായി എതിർത്തിരുന്നു. ഇടക്കാല ജാമ്യം നൽകണോ വേണ്ടയോ എന്ന കാര്യം നേക്കട്ടെയെന്നായിരുന്നു അതിനോടു ബെഞ്ചിന്റെ പ്രതികരണം.'ഇടക്കാല ജാമ്യം അനുവദിക്കുകയും നിങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ ചുമതല നിർവഹിക്കുകയും ചെയ്താൽ കേസിൽ അത് വിപരീത ഫലമുണ്ടാക്കും. സർക്കാരിന്റെ കാര്യങ്ങളിൽ ഇടപെടാൻ ഞങ്ങളാഗ്രഹിക്കുന്നുമില്ലെന്നും കോടതി വ്യക്തമാക്കി.

രാഷ്ട്രീയക്കാരനാണെന്ന പരിഗണന പാടില്ലെന്നും തിരഞ്ഞെടുപ്പിന്റെ പേരിൽ ജാമ്യം അനുവദിച്ചാൽ കൂടുതൽ പേർ അതേ ആവശ്യവുമായി വരുമെന്നും ഇ.ഡി. വാദിച്ചു. ഇതിനിടെ ജയിലിൽ കഴിയുന്ന കുറ്റവാളികളുടെ അവസ്ഥ സൂചിപ്പിച്ചുള്ള താരതമ്യവും സോളിസിറ്റർ ജനറൽ തുഷാർ മേത്ത താരതമ്യവും നടത്തിയിരുന്നു. തുടർന്നാണ് കേജ്രിവാൾ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥിതി അസാധാരണമാണെന്നും പറഞ്ഞത്. 'കേജ്രിവാൾ ഒരുപാടു കേസുകളിൽ പെട്ടയാളോ സ്ഥിരം കുറ്റവാളിയോ അല്ല. 5 വർഷത്തിൽ ഒരിക്കലാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. വിളവെടുപ്പു കാലം പോലെ ഓരോ 6 മാസം കൂടുമ്പോഴുമുള്ള സാഹചര്യമല്ല ഇതെന്നും കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു.