ന്യൂഡൽഹി: കോൺഗ്രസ സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എഐസിസി അധ്യക്ഷ പദവിയിലേക്ക് മത്സരിച്ചപ്പോൾ മുതൽ ശശി തരൂർ നേതൃത്വത്തിന്റെ കണ്ണിൽ കരടാണ്. അദ്ദേഹത്തെ തഴഞ്ഞു കൊണ്ടാണ് അടുത്തകാലത്തായി നേതാക്കളുടെ പ്രവർത്തനങ്ങൾ. ഇക്കുറി പാർലമെന്റ് സമ്മേളനത്തിൽ ഇത് പ്രകടമാകുകയും ചെയ്തു. ഡിബേറ്റുകളിൽ തിളങ്ങുന്ന നേതാവായിട്ടു കൂടി തരൂരിനെ തഴയുകയുകയാണ് നേതൃത്വം. അദ്ദേഹത്തിന് അവസരങ്ങൾ നിഷേധിക്കപ്പെട്ടതോടെ നേതൃത്വത്തിന് എതിരെ ശബ്ധങ്ങളും ഉയർത്തു തുടങ്ങി.

കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാതിരിക്കവേ അദ്ദേഹം കേരളത്തിലേക്ക് അടുത്തിടെ ചുവടുമാറ്റിയിരുന്നു. തരൂരിനെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട് താനും. കേരളത്തിൽ പാർട്ടി അധികാരത്തിൽ എത്തണമെങ്കിൽ ഇത് അനിവാര്യമാണെന്നാണ് അണികളുടെ വികാരം. ഇതിനിടെ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് ശശി തരൂരിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കേരള എംപിമാർ ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടു. അതേസമയം ഇക്കാര്യത്തിൽ ഉറപ്പു നൽകാൻ ഖാർഗെ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.

ആലോചന തുടങ്ങിയില്ലെന്നാണ് ഖർഗെ കേരളത്തിലെ എംപിമാരോട് അറിയിച്ചത്. തരൂർ മുതൽക്കൂട്ടാണെന്ന് അംഗീകരിക്കുന്നു എന്ന് ഖർഗെ പറഞ്ഞു. അതേസമയം തരൂരിന് കേരളത്തിൽ നിന്ന് പിന്തുണ ഏറുകയാണ്. തരൂരിനെ പിന്തുണച്ച് കെ മുരളീധരൻ, എംകെ രാഘവൻ, ബെന്നി ബഹന്നാൻ എന്നിവർ ഖർഗയെ കണ്ടു. മുരളീധരന്റെ പിന്തുണ സംസ്ഥാന രാഷ്ട്രീയത്തിലടക്കം ചില ചലനങ്ങൾക്ക് സാധ്യത ഉണ്ട്. ഹൈബി ഈഡൻ എംപി , അനിൽ ആന്റണി അടക്കമുള്ള യുവ നിരയും. തരൂരിനായി കാർത്തി ചിദംബരവും സൽമാൻ സോസും കത്ത് നൽകും.

അതേസമയം കരള നേതൃത്വം ശശി തരൂരിനെ എതിർക്കാനാണ് സാധ്യത. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്ക് തരൂരിനെ വല്യ താൽപര്യമില്ല. കെ സി വേണുഗോപാലിനും തരൂർ നേതൃത്വത്തിലേക്ക് വരുന്നതിൽ വലിയ താൽപ്പര്യമില്ലാത്ത അവസ്ഥയാണ്. പ്രവർത്തക സമിതിയിലേക്ക് മൽസരിക്കാനില്ലെന്ന നിലപാടിലാണ് തരൂർ. പരിഗണിക്കുകയാണെങ്കിൽ നോമിനേറ്റ് ചെയ്യണമെന്നതാണ് ആവശ്യം. റായ്പൂരിൽ സംഘടിപ്പിച്ചിട്ടുള്ള പ്ലീനറി സമ്മേളനത്തിന് ഇനി 10 ദിവസം മാത്രമാണ് ഉള്ളത് . പ്രവർത്തക സമിതിയിലേക്ക് 12പേരെ ആണ് തെരഞ്ഞെടുക്കേണ്ടത്.

അതേസമയം പ്രവർത്തക തന്നെ സമിതിയിലേക്ക് പരിഗണിക്കേണ്ട എന്ന നിലപാട് എകെ ആന്റണി അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളതിനാൽ ഉമ്മൻ ചാണ്ടിയും ഇതേ നിലപാട് അറിയിച്ചേക്കും. അനാരോഗ്യം അലട്ടുന്ന ഉമ്മൻ ചാണ്ടി, ഈ മാസം 24 മുതൽ 26 വരെ ഛത്തീസ്‌ഗഡിലെ റായ്പുരിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കില്ല. ഉമ്മൻ ചാണ്ടിക്ക് തരൂർ വരുന്നതിനോട് അദ്ദേഹത്തിന് എതിർപ്പില്ലെന്നാണു സൂചന.

പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പു നടന്നാൽ തരൂർ മത്സരിക്കാനുള്ള സാധ്യത കുറവാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പു നടന്നാൽ രമേശ് ചെന്നിത്തല മത്സരത്തിനിറങ്ങിയേക്കും. എൻ.എസ്.യു., യൂത്ത് കോൺഗ്രസ് കാലം മുതൽ ദേശീയതലത്തിൽ പ്രവർത്തിച്ചതു വഴി വിവിധ നേതാക്കളുമായുള്ള ഊഷ്മള ബന്ധം രമേശിനു മുതൽക്കൂട്ടാണ്. 1997 ൽ കൊൽക്കത്തയിൽ നടന്ന പ്ലീനറി സമ്മേളനത്തിലാണ് ഏറ്റവുമൊടുവിൽ പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പു നടന്നത്.

അതേസമയം കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ ശശി തരൂരും. പ്രവർത്തക സമിതിയിലേക്ക് തരൂരിനെ പരിഗണിക്കുമോയെന്ന ആകാംക്ഷകൾക്കിടെയാണ് പ്ലീനറി സമ്മേളനത്തിൽ ചുമതല നൽകിയിരിക്കുന്നത്. വർക്കിങ് കമ്മിറ്റി പ്രവേശത്തിന്റെ കാര്യത്തിൽ ഹൈക്കമാൻഡ് ഇനിയും അന്തിമ നിലപാടിൽ എത്തിയിട്ടില്ലെന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ മത്സരവും വിമത നീക്കമെന്ന് വിലയിരുത്തപ്പെട്ട സംസ്ഥാനത്തെ പര്യടനവും തരൂരിനെ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കിയിരുന്നു. പ്ലീനറി സമ്മേളനത്തിനായി ആദ്യഘട്ടം നിലവിൽ വന്ന കമ്മിറ്റികളിലില്ലായിരുന്നെങ്കിലും ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിൽ തരൂരിനെ ഉൾപ്പെടുത്തിയിരിക്കുന്നു. രമേശ് ചെന്നിത്തലയും ഈ സമിതിയിൽ അംഗമാണ്. പ്ലീനറി സമ്മേളനത്തിലൂടെ പാർട്ടി ഉടച്ച് വാർക്കപ്പെടുമ്പോൾ തരൂർ എങ്ങനെ പരിഗണിക്കപ്പടുമെന്നത് പ്രധാനമാണ്.