അമൃത്‌സർ: വീണ്ടും പഞ്ചാബിൽ ഖാലിസ്ഥാൻ വാദം. ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയതിന്റെ തുടർനീക്കമാണോ ഇതെന്ന സംശയം ശക്തമാണ്. ആം ആദ്മി സർക്കാരിനെ വെട്ടിലാക്കാനുള്ള നീക്കം. ഖലിസ്ഥാൻ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' സംഘടനയുടെ തലവനുമായ അമൃത്പാൽ സിങ്ങിന്റെ അനുയായികൾ അമൃത്‌സർ ജില്ലയിലെ അജ്‌നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചത് ആസൂത്രിതമായാണ്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 6 പൊലീസുകാർക്കു പരുക്കേറ്റു.

പ്രവർത്തകനായ തൂഫാൻ സിങ് എന്ന ലവ്പ്രീതിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് തോക്കും വാളും സഹിതം രണ്ടായിരത്തോളം പേർ ഖലിസ്ഥാൻ മുദ്രാവാക്യം മുഴക്കി അക്രമം അഴിച്ചുവിട്ടത്. ലവ്പ്രീതിനെ മോചിപ്പിക്കുമെന്ന ഉറപ്പുകിട്ടിയതിനെ ശേഷമാണ് സംഘം സമീപത്തെ ഗുരുദ്വാരയിലേക്ക് പിൻവാങ്ങിയത്. വലിയ അക്രമമാണ് ഉണ്ടായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ഭീഷണിപ്പെടുത്തിയ അമൃത്പാൽ സിങ് വീണ്ടും ഖാലിസ്ഥാൻ വാദം ശക്തമാക്കുമെന്ന സൂച നൽകിയിരുന്നു. അതിന് ശേഷം നടക്കുന്ന ആക്രമണമാണിത്.

പഞ്ചാബ് പൊലീസ് സ്റ്റേഷനിൽ ഖാലിസ്ഥാൻ അനുകൂലികളുടെ അഴിഞ്ഞാട്ടം ആണുണ്ടായത്. വാളുകളും തോക്കുകളുമായി എത്തിയ അക്രമികൾ പൊലീസിന്റെ ബാരിക്കേഡുകൾ തകർത്തു. തങ്ങളുടെ ആവശ്യപ്രകാരം ലവ്പ്രീത് തൂഫാനെ വിട്ടയച്ചില്ലെങ്കിൽ പ്രതിഷേധം വീണ്ടും അക്രമാസക്തമാവുമെന്ന് സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. വാളുകളും തോക്കുകളും മറ്റ് ആയുധങ്ങളുമായെത്തിയ അക്രമികൾ, 24 മണിക്കൂറിനകം തൂഫാനെ വിട്ടയയ്ക്കണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടത്. നിലവിൽ അക്രമികളുടെ ആവശ്യത്തിന് മുന്നിൽ വഴങ്ങിയിരിക്കുകയാണ് പഞ്ചാബ് പൊലീസ്.

അമൃത്പാലിനും അനുയായികൾക്കും എതിരെ വരീന്ദർ സിങ് എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കഴിഞ്ഞ 16ന് കേസെടുത്തിരുന്നു. ഈ കേസിൽ 18നാണ് ലവ്പ്രീതിനെ അറസ്റ്റ് ചെയ്തത്. ലവ്പ്രീത് നിരപരാധിയാണെന്നും സ്ഥലത്തുണ്ടായിരുന്നില്ലെന്നു തെളിയിക്കുന്ന രേഖകൾ അമൃത്പാൽ നൽകിയെന്നും അദ്ദേഹത്തെ മോചിപ്പിക്കുമെന്നും കമ്മിഷണർ ജസ്‌കരൻ സിങ് പറഞ്ഞു. അമൃത്പാലിനും മറ്റും എതിരായ കേസ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.

പഞ്ചാബ് പൊലീസിനെ മുൾമുനയിലാക്കിയ സംഭവങ്ങളാണ് ഇന്നലെ നടന്നത്. രാവിലെ മുതൽ സ്റ്റേഷനു സമീപം അമൃത്പാലിന്റെ അനുയായികൾ സംഘടിക്കാൻ തുടങ്ങിയിരുന്നു. സമീപജില്ലകളിൽ നിന്നും ആളുകളെത്തി. കപൂർത്തലയിലെ ധിൽവാൻ ടോൾ പ്ലാസയിൽ വച്ച് മാർച്ച് തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി. സ്റ്റേഷനിൽ എത്തുന്നതിനു മുൻപും ബാരിക്കേഡുകൾ ഉയർത്തിയെങ്കിലും പ്രതിഷേധക്കാർ അതു മറികടന്ന് സ്റ്റേഷൻ വളപ്പിലേക്ക് കയറി അക്രമം അഴിച്ചുവിട്ടു. ഇതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്.

ഖലിസ്ഥാൻ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഗതി വരുമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എതിരെ ഭീഷണി മുഴക്കിയയാളാണ് അമൃത്പാൽ സിങ്. ഖലിസ്ഥാൻ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് അമിത്ഷാ പ്രഖ്യാപിച്ചപ്പോഴായിരുന്നു ഇത്. വെറും മുപ്പത് വയസ്സ് മാത്രമാണ് അമൃത് പാലിനുള്ളത്. കർഷകരെ ചേർത്ത് നിർത്തിയാണ് പ്രവർത്തനം.

നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു ആണ് 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടന സ്ഥാപിച്ചത്. കർഷക സമരക്കാർക്കിടയിൽ നുഴഞ്ഞുകയറി 2021 റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഖലിസ്ഥാൻ പതാകയുയർത്താൻ ശ്രമിച്ച സിദ്ദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സിദ്ദു ഫെബ്രുവരിയിൽ വാഹനാപകടത്തിൽ മരിച്ചു. തുടർന്നാണ് ദുബായിൽ ആയിരുന്ന അമൃത്പാൽ സിങ് ചുമതലയേറ്റത്.

കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ ആറ് കുപ്രസിദ്ധ കുറ്റവാളികൾ പിടിയിൽ ആയിരുന്നു. ഖാലിസ്ഥാൻ ഭീകരവാദിളും പഞ്ചാബിലെ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ അനുയായികളും എൻഐഐയുടെ വലയിലായവരിൽ ഉൾപ്പെടുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യുപി, ഡൽഹി, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലായി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് ആറുപേരെ എൻഐഎ അറസ്റ്റുചെയ്തത്.

ഗുണ്ടാ സംഘങ്ങളും ഭീകരരും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ലോറൻസ് ബിഷ്‌ണോയ്, ജഗ്ഗു ഭഗവാൻപുരിയ, ഗോൾഡി ബ്രാർ എന്നീ ഗുണ്ടാതലവന്മാരുടെ അനുയായികളും കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ തീവ്രവാദി അർഷ് ദല്ലയുടെ കൂട്ടാളിയുമാണ് പിടിക്കപ്പെട്ടത്.