- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃത്പാൽ സിങ്ങിനെ സിഖ് മതവും ചരിത്രവും പരിശീലിപ്പിച്ചതിനു ശേഷം ഇന്ത്യയിലേക്ക് അയച്ചത് പാക് ചാര സംഘടന? ഖാലിസ്ഥാൻ വികാരത്തിന്റെ 'മാംസവും രക്തവും' ഉള്ള ഒരു ആരാധനാപാത്രത്തെ സൃഷ്ടിച്ചത് ഐ എസ് ഐ; ആംആദ്മി ഭരണത്തിൽ ഖാലിസ്ഥാൻ വാദം തിരിച്ചു വരുമ്പോൾ; പഞ്ചാബിൽ പാക്കിസ്ഥാൻ തന്ത്രം മെനയുന്നുവോ?
ന്യൂഡൽഹി: ആംആദ്മി പാർട്ടിയാണ് പഞ്ചാബ് ഭരിക്കുന്നത്. ഇതോടെ വീണ്ടും പഞ്ചാബിൽ ഖാലിസ്ഥാൻ വാദം ശക്തമാകുന്നുവെന്നാണ് സൂചന. പാക്കിസ്ഥാനിലെ സിഖ് ആരാധനാലയങ്ങളുടെ നടത്തിപ്പും ഇന്ത്യയിലെ സിഖ് കാര്യങ്ങളും നിയന്ത്രിക്കാൻ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ കൂടുതൽ ശ്രമങ്ങൾ നടത്തുന്നതായി ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങളുടെ റിപ്പോർട്ട്. വ്യക്തമായ പദ്ധതികൾ തയ്യാറാക്കിയെന്നാണ് സൂചന. കാശ്മീരിൽ ഇന്ത്യ പിടിമുറുക്കിയ സാഹചര്യത്തിലാണ് പാക് തീവ്രവാദം പഞ്ചാബിലെ സാധ്യത തേടുന്നത്.
ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയതിന്റെ തുടർനീക്കമാണോ ഇതെന്ന സംശയം ശക്തമാണ്. ആം ആദ്മി സർക്കാരിനെ വെട്ടിലാക്കാനുള്ള നീക്കം. ഖലിസ്ഥാൻ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' സംഘടനയുടെ തലവനുമായ അമൃത്പാൽ സിങ്ങിന്റെ അനുയായികൾ അമൃത്സർ ജില്ലയിലെ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചത് ആസൂത്രിതമായാണ്. ഇതിന് പിന്നിലും പാക് ചാര സംഘടനയുടെ കൈയുണ്ടെന്നാണ് വിലയിരുത്തൽ. ജനുവരിയിൽ പാക്ക് സർക്കാർ ഒരു ഐഎസ്‌ഐ ഉദ്യോഗസ്ഥനെ ഇതുമായി ബന്ധപ്പെട്ട പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ സിഇഒ ആയി നിയമിച്ചതായും ഗുരുദ്വാര ദർബാർ സാഹിബ് കർതാർപുരിന്റെ മേൽനോട്ടം വഹിക്കാൻ ഇയാളെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
ഖാലിസ്ഥാൻ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിങ്ങിനെ സിഖ് മതവും ചരിത്രവും പരിശീലിപ്പിച്ചതിനു ശേഷമാണ് ഐഎസ്ഐ ഇന്ത്യയിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ട്. ദുബായിൽനിന്ന് ഇന്ത്യയിലെത്തുന്നതിനു മുൻപ് അമൃത്പാൽ സിങ്, ജോർജിയ സന്ദർശിച്ചിട്ടുണ്ടെന്നും അവിടെ നിന്നാകാം പഠിച്ചതെന്നുമാണ് റിപ്പോർട്ട്. പഞ്ചാബിലെ ഖലിസ്ഥാനി വിഘടനവാദത്തിന്റെ തീജ്വാല ആളിക്കത്തിക്കാനാണ് നീക്കം. ഇതിന് വേണ്ടി ഖാലിസ്ഥാൻ വികാരത്തിന്റെ 'മാംസവും രക്തവും' ഉള്ള ഒരു ആരാധനാപാത്രത്തെ ഐഎസ്ഐ അമൃത് പാലിൽ കണ്ടെത്തുകയായിരുന്നു.
അമൃത്പാലിന് ചുറ്റും ഒരു ഐഎസ്ഐ 'ബ്രാൻഡും ആരാധനയും' കെട്ടിപ്പടുത്തുകയാണെന്നും അമൃത്പാലിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി സഹായം നൽകുന്നുണ്ടെന്നുമാണു റിപ്പോർട്ടുകൾ. അമൃത്പാൽ സിങ്ങിന്റെ അനുയായികൾ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ, ഖലിസ്ഥാൻ വാദികൾക്ക് പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽനിന്നു സഹായം ലഭിക്കുന്നുണ്ടെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആരോപിച്ചിരുന്നു. ഇതും ഐ എസ് ഐ ബന്ധം ചർച്ചയാക്കിയിരുന്നു.
അമൃത്പാലിനും അനുയായികൾക്കും എതിരെ വരീന്ദർ സിങ് എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കഴിഞ്ഞ 16ന് കേസെടുത്തിരുന്നു. ഈ കേസിൽ 18നാണ് ലവ്പ്രീതിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പഞ്ചാബ് പൊലീസിനെ മുൾമുനയിലാക്കിയ സംഭവങ്ങളാണ് നടന്നത്. രാവിലെ മുതൽ സ്റ്റേഷനു സമീപം അമൃത്പാലിന്റെ അനുയായികൾ സംഘടിക്കാൻ തുടങ്ങിയിരുന്നു. സമീപജില്ലകളിൽ നിന്നും ആളുകളെത്തി. കപൂർത്തലയിലെ ധിൽവാൻ ടോൾ പ്ലാസയിൽ വച്ച് മാർച്ച് തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി. സ്റ്റേഷനിൽ എത്തുന്നതിനു മുൻപും ബാരിക്കേഡുകൾ ഉയർത്തിയെങ്കിലും പ്രതിഷേധക്കാർ അതു മറികടന്ന് സ്റ്റേഷൻ വളപ്പിലേക്ക് കയറി അക്രമം അഴിച്ചുവിട്ടു.
ഖലിസ്ഥാൻ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഗതി വരുമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എതിരെ ഭീഷണി മുഴക്കിയയാളാണ് അമൃത്പാൽ സിങ്. ഖലിസ്ഥാൻ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് അമിത്ഷാ പ്രഖ്യാപിച്ചപ്പോഴായിരുന്നു ഇത്. വെറും മുപ്പത് വയസ്സ് മാത്രമാണ് അമൃത് പാലിനുള്ളത്. കർഷകരെ ചേർത്ത് നിർത്തിയാണ് പ്രവർത്തനം. നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു ആണ് 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടന സ്ഥാപിച്ചത്. കർഷക സമരക്കാർക്കിടയിൽ നുഴഞ്ഞുകയറി 2021 റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഖലിസ്ഥാൻ പതാകയുയർത്താൻ ശ്രമിച്ച സിദ്ദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സിദ്ദു ഫെബ്രുവരിയിൽ വാഹനാപകടത്തിൽ മരിച്ചു. തുടർന്നാണ് ദുബായിൽ ആയിരുന്ന അമൃത്പാൽ സിങ് ചുമതലയേറ്റത്.
കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ ആറ് കുപ്രസിദ്ധ കുറ്റവാളികൾ പിടിയിൽ ആയിരുന്നു. ഖാലിസ്ഥാൻ ഭീകരവാദിളും പഞ്ചാബിലെ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയുടെ അനുയായികളും എൻഐഐയുടെ വലയിലായവരിൽ ഉൾപ്പെടുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യുപി, ഡൽഹി, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലായി നടത്തിയ റെയ്ഡിലാണ് ആറുപേരെ എൻഐഎ അറസ്റ്റുചെയ്തത്. ഇവരെല്ലാം പാക് ചാര സംഘടന നിയോഗിച്ചവരാണോ എന്ന സംശയം കേന്ദ്ര ഏജൻസികൾക്കുണ്ട്.
ഗുണ്ടാ സംഘങ്ങളും ഭീകരരും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ലോറൻസ് ബിഷ്ണോയ്, ജഗ്ഗു ഭഗവാൻപുരിയ, ഗോൾഡി ബ്രാർ എന്നീ ഗുണ്ടാതലവന്മാരുടെ അനുയായികളും കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ തീവ്രവാദി അർഷ് ദല്ലയുടെ കൂട്ടാളിയുമാണ് അന്ന് പിടിക്കപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ