- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടുത്ത തവണ ചെങ്കോട്ടയിലായിരിക്കില്ല, വീട്ടിലായിരിക്കും മോദി പതാക ഉയർത്തുക; പ്രധാനമന്ത്രിയുടെ പരാമർശം കാണിക്കുന്നത് അദ്ദേഹത്തിന്റെ അഹങ്കാരം; രൂക്ഷ വിമർശനവുമായി മല്ലികാർജ്ജുൻ ഖാർഗെ
ന്യൂഡൽഹി: അടുത്ത വർഷവും ചെങ്കോട്ടയിലെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രിയുടെ പരാമർശം അദ്ദേഹത്തിന്റെ അഹങ്കാരമാണ് കാണിക്കുന്നതെന്നും അടുത്ത വർഷം അദ്ദേഹത്തിന് വീട്ടിൽ പതാക ഉയർത്താമെന്നും ഖാർഗെ പറഞ്ഞു.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് ഖാർഗെ ഉയർത്തിയത്. നിങ്ങളെ വിജയിപ്പിക്കുന്നതും തോൽപ്പിക്കുന്നതും ജനങ്ങളുടെ കൈകളിലാണ്, വോട്ടർമാരുടെ കൈകളിലാണ്. 2024ലും പതാക ഉയർത്തുമെന്ന് പറഞ്ഞത് അഹങ്കാരമാണ്. അടുത്ത വർഷവും അദ്ദേഹം പതാക ഉയർത്തും, അത് പക്ഷേ അദ്ദേഹത്തിന്റെ വീട്ടിലായിരിക്കും -ഖാർഗെ പറഞ്ഞു.
അടുത്ത തവണയും ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽവെച്ച് രാജ്യത്തിന്റെ വികസനങ്ങളും നേട്ടങ്ങളും നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമെന്നായിരുന്നു മോദി പറഞ്ഞിരുന്നത്. അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മൂന്നാം തവണയും അധികാരത്തിലേറുമെന്ന സൂചനയോടെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
ഞങ്ങളുടെ സർക്കാർ ഇപ്പോൾ തറക്കല്ലിടുന്ന പദ്ധതികൾ ഞങ്ങൾ തന്നെ ഉദ്ഘാടനം ചെയ്യും. നിങ്ങൾ കുറിച്ച് വെച്ചോ, ഈ ദിനങ്ങളിൽ ഞാൻ ഇടുന്ന തറക്കല്ലിന് ഉദ്ഘാടനം നിർവഹിക്കുന്നതും എന്റെ നിയോഗമായിരിക്കും -പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ തറക്കല്ലിട്ടിരിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം അന്ന് നടത്തുമെന്നും അടുത്ത വർഷം ചെങ്കോട്ടയിൽ വന്ന് നിന്ന് രാജ്യത്തിന്റെ നേട്ടങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ ഖാർഗെ പങ്കെടുത്തിരുന്നില്ല. കണ്ണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നവും വീട്ടിൽ ത്രിവർണപ്പതാക ഉയർത്താൻ ഉണ്ടായിരുന്നതും ചൂണ്ടിക്കാട്ടിയാണ് വിട്ടുനിന്നത്. എന്നാൽ കോൺഗ്രസ് ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ ഖാർഗെ എത്തിയിരുന്നു.




