ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഇന്ത്യ മുന്നണിയുടെ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇതേ പദവിക്കായി രംഗത്തെത്തിയിരുന്നു. എന്നാൽ, ഇന്നത്തെ യോഗത്തിൽ കോൺഗ്രസിൽ നിന്നുതന്നെ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് ആൾ വരണമെന്ന് നിതീഷ് അഭിപ്രായപ്പെട്ടു. അതേസമയം നിതീഷ് കുമാർ കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായുമാണ് പുറത്തുവരുന്ന വാർത്തകൾ.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ വിർച്വലായി നടത്തിയ യോഗമാണ് ഇന്ന് നടന്നത്. ഇന്ത്യാ സഖ്യത്തിൽ അസ്വാരസ്യങ്ങൾ വർധിക്കുന്നതിനിടെയാണ് ഇന്ന് നിർണായക യോഗം നടന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഖാർഗെയെ ഉയർത്തിക്കാട്ടണമെന്ന് മമത ബാനർജിയും അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യത്തോട് നിതീഷ് കുമാറിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.

അതേസമയം, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ മുന്നണി പൂർത്തിയാക്കിയിട്ടുണ്ട്. അതിൽ തുടർ ചർച്ചകളും ഇന്ന് നടന്നുവെന്നാണ് വിവരം. ചെയർപഴ്‌സനെ തിരഞ്ഞെടുത്തതോടെ മുന്നിലുള്ള ഒരു കടമ്പകൂടി സഖ്യ കടന്നിരിക്കുകയാണ്. എന്നാൽ സീറ്റ് വിഭജനം ഉൾപ്പെടെയുള്ള വലിയ കടമ്പകൾ സഖ്യത്തിനുമുന്നിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നതിനാൽ യുപിയിൽ സമാജ്വാദി പാർട്ടിയുമായുള്ള ചർച്ചകളിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നുതന്നെ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

എഎപിയുമായുള്ള ചർച്ചകളിലും കല്ലുകടിയുണ്ട്. കോൺഗ്രസിന് ഡൽഹിയിൽ നാലും പഞ്ചാബിൽ ഏഴും സീറ്റുകൾ വേണമെന്നാണ് ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ എപി തയാറല്ല. ഭരണകക്ഷിയായതിനാൽ കൂടുതൽ സീറ്റുകളുടെ അവകാശം തങ്ങൾക്കു തന്നെയാണെന്നാണ് എഎപിയുടെ നിലപാട്. ഗോവ, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലും സീറ്റ് വേണമെന്ന് എഎപി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാനുള്ള വിശാല പ്രതിപക്ഷ സഖ്യമാണ് ഇന്ത്യ ഇന്ത്യൻ നാഷനൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്. മൂന്നാമതും കേന്ദ്രത്തിൽ അധികാരം പിടിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്കു തടയിടുകയാണ് സഖ്യത്തിന്റെ ലക്ഷ്യം.

അതേസമയം സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകുന്ന ഇന്ത്യാ മുന്നണിയുടെ ഓൺലൈൻ യോഗത്തിൽനിന്ന് വിട്ടുനിന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുൻകൂട്ടി നിശ്ചയിച്ച മറ്റുപരിപാടികളെ തുടർന്നാണ് മമത വിട്ടുനിന്നതെന്നാണ് റിപ്പോർട്ട്. ഇതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസിന് രണ്ടുസീറ്റ് നൽകാമെന്ന് പറഞ്ഞ മമത പിന്നീടിത് മൂന്നായി വർധിപ്പിച്ചിരുന്നു. എന്നാൽ അധിർ രഞ്ജൻ ചൗധരി അടക്കമുള്ള മുതിർന്ന നേതാക്കൾ ഈ ഫോർമുല അംഗീകരിക്കാൻ തയ്യാറായിട്ടില്ല.