ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്ന് കിരൺ റിജിജുവിനെ മാറ്റി. സഹമന്ത്രിയായിരുന്ന അർജുൻ രാം മെഗ്‌വാളിനെ സ്വതന്ത്ര ചുമതലയുള്ള നിയമമന്ത്രിയാക്കി. അദ്ദേഹത്തിന്റെ നിലവിലെ പദവി കൂടാതെയാണ് നിയമമന്ത്രാലയത്തിന്റെ ചുമതല കൂടി നൽകിയത്. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് റിജിജുവിന് നൽകിയത്.

രാജസ്ഥാനിൽനിന്നുള്ള പ്രമുഖ ബിജെപി നേതാവാണ് അർജുൻ റാം മേഘ്വാൾ. ജഡ്ജ് നിയമനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിവാദങ്ങൾ കിരൺ റിജിജുവിന്റെ ഭരണകാലത്ത് ഉയർന്നിരുന്നു. 2021 ജൂലായ് എട്ടിനാണ് കേന്ദ്ര നിയമമന്ത്രിയായി കിരൺ റിജിജു സ്ഥാനമേൽക്കുന്നത്. അതിനു മുൻപ്, 2019 മുതൽ അദ്ദേഹം യുവജനകാര്യ സഹമന്ത്രിയായിരുന്നു.

മന്ത്രിസഭയിൽ അഴിച്ചുപണിയില്ലാതെ റിജിജുവിനെ മാത്രം പെട്ടെന്ന് നിയമമന്ത്രാലയത്തിൽ നിന്ന് മാറ്റാൻ കാരണമെന്തെന്ന് വ്യക്തമല്ല. സുപ്രീംകോടതി ജഡ്ജിമാർക്കെതിരെയും കൊളിജീയം രീതിക്കെതിരെയും തുടർച്ചയായി വിമർശനങ്ങൾ റിജിജു ഉന്നയിച്ചിരുന്നു. സുപ്രീംകോടതിയുമായി പലവട്ടം ഏറ്റുമുട്ടിയ ചരിത്രം റിജിജുവിനുണ്ട്.

സ്വവർഗ വിവാഹ ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നതിനെതിരെയാണ് റിജിജു ഏറ്റവും ഒടുവിൽ വിമർശനം ഉയർത്തിയത്. സ്വവർഗ വിവാഹം പോലുള്ള വിഷയങ്ങൾ പരിഗണിക്കേണ്ട വേദി കോടതിയല്ല. കോടതി ഒരു വിധി തീരുമാനിച്ചാൽ അതിനെതിര് നിൽക്കാനാകില്ല. പക്ഷേ ജനങ്ങൾക്ക് ആവശ്യമില്ലാത്തത് അവരുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് റിജിജു പറഞ്ഞു.

സ്വവർഗ വിവാഹം പാർലമെന്റിന്റെ പരിഗണനയ്ക്ക് വിടണമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് നിയമമന്ത്രിയുടെ പ്രതികരണം. വിവാഹം പോലുള്ള വളരെ സെൻസിറ്റീവും പ്രധാനപ്പെട്ടതുമായി വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് കോടതിയല്ല. രാജ്യത്തെ ജനങ്ങളാണ്. സുപ്രിംകോടതിക്ക് തീർച്ചയായും തീരുമാനങ്ങളെടുക്കാൻ അധികാരമുണ്ട്. പക്ഷേ രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്ന വിഷയമാകുമ്പോൾ സുപ്രിംകോടതിയല്ല, ഫോറമെന്നും റിജിജു കൂട്ടിച്ചേർത്തു.