ചെന്നൈ: നടി ഖുശ്ബു സുന്ദറിനെ ബിജെപിയുടെ തമിഴ്നാട് വൈസ് പ്രസിഡന്റായി നിയമിച്ചു. തമിഴ്നാട്ടില്‍ ബിജെപി പുതുതായി നിയമിച്ച 14 സംസ്ഥാന വൈസ് പ്രസിന്റുമാരുടെ പട്ടികയിലാണ് ഖുശ്ബുവും ഇടംപിടിച്ചത്. ഖുശ്ബുവിനെ കൂടാതെ ശശികല പുഷ്പ, എം. ചക്രവര്‍ത്തി, വി.പി. ദുരൈസ്വാമി, കാരു നാഗരാജന്‍, പി. കനകസഭാപതി, ആര്‍.സി. പോള്‍ കനകരാജ് തുടങ്ങിയവരാണ് മറ്റുപുതിയ വൈസ് പ്രസിഡന്റുമാര്‍. കേശവവിനായകനെ പുതിയ ജനറല്‍സെക്രട്ടറിയായും വൈസ് പ്രസിഡന്റായിരുന്ന നാരായണന്‍ തിരുപതിയെ പാര്‍ട്ടി വക്താവായും നിയമിച്ചു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്‍ എന്നിവര്‍ക്ക് ഖുശ്ബു നന്ദി അറിയിച്ചു. പുതിയ ചുമതലയില്‍ ഏറെ സന്തോഷമുണ്ടെന്നും തന്നില്‍ വിശ്വാസമര്‍പ്പിച്ച മുതിര്‍ന്ന നേതാക്കളോട് നന്ദിയുണ്ടെന്നും ഖുശ്ബു പ്രതികരിച്ചു.

ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനായിരിക്കും അടിയന്തര പരിഗണന നല്‍കുകയെന്നും സൗത്ത് ചെന്നൈ കേന്ദ്രീകരിച്ചായിരിക്കും പ്രധാനപ്രവര്‍ത്തനമെന്നും ഖുശ്ബു ഇന്ത്യാടുഡേയോട് പറഞ്ഞു. അതേസയം വിജയിനെ കുറിച്ചും നല്ലവാക്കുകളാണ് നടി രേഖപ്പെടുത്തിയത്. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സഖ്യതീരുമാനങ്ങളെക്കുറിച്ച് സംസാരിക്കാനാകില്ലെന്ന് പ്രതികരിച്ച ഖുശ്ബു, നടന്‍ വിജയിയുടെ ടിവികെ പാര്‍ട്ടി ബിജെപിയുമായും എഐഎഡിഎംകെയുമായും കൈകോര്‍ത്താല്‍ അത് നല്ല തീരുമാനമാകുമെന്നും അഭിപ്രായപ്പെട്ടു.

വിജയിയെ തനിക്കറിയാം. തന്റെ ഇളയസഹോദരനെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നത്. ഡിഎംകെയെ പരാജയപ്പെടുത്തുകയെന്നതാണ് നിങ്ങളുടെ ആശയമെങ്കില്‍ നമ്മളെല്ലാം ഒരുമിച്ചുനില്‍ക്കണമെന്നും ഖുശ്ബു പറഞ്ഞു. ഖുശ്ബു നേരത്തേ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് രാജിവെച്ചിരുന്നു. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെന്നൈയിലെ തൗസന്റ് ലൈറ്റ്സ് നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.